എം വി നികേഷ് കുമാര്‍ അഴീക്കോട്ട് മത്സരിക്കും; സിഎംപി ആയല്ല, സിപിഎം സ്ഥാനാര്‍ത്ഥിയായി

 


തിരുവനന്തപുരം: (www.kvartha.com 10.08.2015) പിബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമുള്‍പ്പെടെ പ്രമുഖ സിപിഎം നേതാക്കളുടെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച എം വി രാഘവനോട് പാര്‍ട്ടി നീതി കാണിക്കുന്നു.

ഇതിന്റെ ഭാഗമായി എംവിആറിന്റെ മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ എം വി നികേഷ് കുമാറിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റില്‍ മത്സരിപ്പിക്കും. ഇടതുമുന്നണിയുമായി അടുത്തു നില്‍ക്കുന്ന സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായല്ല നികേഷ് കുമാറിന്റെ രംഗപ്രവേശം.

മറിച്ച് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. അതും പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലമാണു പ്രധാനമായും പരിഗണിക്കുന്നതെന്നും അറിയുന്നു. കഴിഞ്ഞ തവണ സിപിഎം നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണത്. അതിനു പുറമേ എംവിആര്‍ പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലവുമാണിത്. എംവിആറിന്റെ മകനെന്ന വികാരവും സ്‌നേഹവും കൂടി നികേഷ് കുമാറിനു ഗുണകരമാകുമെന്നാണു കണക്കുകൂട്ടല്‍. നിലവില്‍ മുസ്്‌ലിം ലീഗിന്റെ കെ എം ഷാജിയാണ് അഴീക്കോട് എംഎല്‍എ.

എം വി ആര്‍ സിപിഎമ്മില്‍ നിന്നു പുറത്തായി സിഎംപി രൂപീകരിക്കുന്നതിനു മുമ്പ് കണ്ണൂരിലെ ഏറ്റവും പ്രമുഖ നേതാവായിരുന്ന കാലത്ത് വിദ്യാര്‍ത്ഥി, യുവജന നേതാക്കളും പിന്നീട് പാര്‍ട്ടി നേതാക്കളുമായി വളര്‍ന്നവരാണ് പിണറായിയും കോടിയേരിയും മറ്റും. പാര്‍ട്ടിക്കു പുറത്തായ ശേഷം കടുത്ത ശത്രുത എം വി ആറിനോട് പുലര്‍ത്താന്‍ മത്സരിച്ചപ്പോള്‍ ഇരുവരും മുന്നിലുണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം.

സിഎംപി രൂപീകരിച്ച ശേഷം ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തിയ എം വി ആറും സിപിഎം അംഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അദ്ദേഹത്തിനു സഭയ്ക്കുള്ളില്‍വച്ച് കൈയേറ്റം നേരിടേണ്ടിവന്നത് വലിയ വിവാദമായിരുന്നു. അതിനു നേതൃത്വം കൊടുത്തവരില്‍ കോടിയേരിയുമുണ്ടായിരുന്നു.

എന്നാല്‍ കാലം പല പിണക്കങ്ങളും മാറ്റി. എം വി ആറിന്റെ അവസാനകാലത്ത് സിപിഎം അദ്ദേഹത്തോടു മൃദുസമീപനമാണു സ്വീകരിച്ചത്. നികേഷ് കുമാര്‍ സിഇഒ ആയ റിപ്പോര്‍ട്ടര്‍ ചാനല്‍ സിപിഎമ്മിനോടു സ്വീകരിക്കുന്നതും അതേ മൃദുസമീപനമാണ്.

എം വി ആര്‍ ജീവിച്ചിരുന്നപ്പോള്‍ നികേഷ് കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നു. കോണ്‍ഗ്രസിലെയും സിഎംപിയിലെയും ഒരു വിഭാഗത്തിന്റെ എതിര്‍പ്പുമൂലം അതു നടക്കാതെപോയത്.

മുമ്പൊക്കെ പാര്‍ട്ടി അംഗങ്ങള്‍ക്കു മാത്രമേ സിപിഎം പാര്‍ട്ടി ചിഹ്നം അനുവദിക്കാറുണ്ടായിരുന്നുള്ളു. അതില്‍ നിന്നുള്ള മാറ്റം കൂടിയാകും നികേഷിനെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിപ്പിക്കുന്നത്. ലോനപ്പന്‍ നമ്പാടന്‍, കെ ടി ജലീല്‍ എന്നിവരൊക്കെ സ്വതന്ത്ര ചിഹ്നങ്ങളിലാണു മത്സരിച്ചത്. നമ്പാടനു പാര്‍ട്ടി അംഗത്വവും ചിഹ്നവും നല്‍കിയത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ജലീല്‍ രണ്ടാം തവണയും മത്സരിച്ചത് സ്വതന്ത്ര ചിഹ്നത്തിലാണ്.
എം വി നികേഷ് കുമാര്‍ അഴീക്കോട്ട് മത്സരിക്കും; സിഎംപി ആയല്ല, സിപിഎം സ്ഥാനാര്‍ത്ഥിയായി

Also Read:
കവി കയ്യാര്‍ കിഞ്ഞണ്ണറൈക്ക് യാത്രാമൊഴി

Keywords:  M V Nikesh Kumar will contest as CPM candidate at Azhikode, Thiruvananthapuram, Kodiyeri Balakrishnan, Pinarayi vijayan, MLA, Student, Controversy, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia