പ്രവാസി ചാനലിന്റെ 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് എം എ യൂസുഫലിക്ക്

 


ന്യൂയോര്‍ക്ക്: (www.kvartha.com 10.11.2016) പ്രവാസി ചാനലിന്റെ 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് പ്രമുഖ മലയാളി വ്യവസായി എം എ യൂസുഫലിക്ക്. മന്‍ഹാട്ടനിലെ ലോക പ്രശസ്തമായ റഷ്യന്‍ ടീ റൂമിലെ അഭിജാത സദസിനെ സാക്ഷിനിര്‍ത്തി മന്‍ഹാട്ടന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ കെന്‍ ബെവരാജ് എം എ യൂസഫലിക്ക് അവാര്‍ഡ് സമ്മാനിച്ചു. പ്രവാസി ചാനല്‍ സാരഥികളായ ജോണ്‍ ടൈറ്റസ്, വര്‍ക്കി എബ്രഹാം, ബേബി ഊരാളില്‍, സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് നെടിയകാലയില്‍, എന്നിവരുടെയും ഫൊക്കാന ഫോമ പ്രസിഡന്റുമാരുടെയും ചടങ്ങില്‍ സന്നിഹിതരായി.

ചടങ്ങില്‍ വച്ച് നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് ന്യൂജേഴ്‌സിയിലെ പ്രമുഖ വ്യവസായി ദിലീപ് വെര്‍ഗീസിനു യൂസഫലി സമ്മാനിച്ചു. അസറ്റ് ഹോം ഫൗണ്ടര്‍ സുനില്‍ കുമാറിനു 'എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡും കമ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ എന്നിവര്‍ക്കും, മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഡോ. കൃഷ്ണ കിഷോറിനും സമ്മാനിച്ചു.

പ്രവാസി ചാനല്‍ പ്രസിഡന്റ് ബേബി ഊരാളില്‍ സ്വാഗതം പറഞ്ഞു. കൂടുതല്‍ വലിയ സദസിനു മുന്നില്‍ പരിപാടി നടത്താനിരുന്നതാണെന്നും എന്നാല്‍ യൂസഫലിയുടെ അസൗകര്യം മൂലം വേദി മന്‍ഹാട്ടനിലാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ചാനലും യുണൈറ്റഡ് മീഡിയയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. നാട്ടിലെ ചാനലുകളുടെ വിതരണത്തിനു പുറമെ അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിലൂടെ മലയാളികളെ പരസ്പരം ബന്ധപ്പെടുത്താനും കലയ്ക്കും സംസ്‌കാരത്തിനും വേണ്ടി ഒന്നിക്കാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കോണ്‍സല്‍ ദേവദാസന്‍ നായര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി ചാനല്‍ പാര്‍ട്ട്ണര്‍ ജോണ്‍ ടൈറ്റസിന്റെ പ്രസംഗത്തില്‍ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സിയാറ്റിലില്‍ നിന്നു മത്സരിക്കുന്ന പ്രമീള ജയപാല്‍ മേനോന്‍ കോണ്‍ഗ്രസിലേക്ക് വിജയിക്കാന്‍ ഏറെ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

ചാനലിന്റെ ജോലിക്കാര്‍ക്കും അതുമായി സഹകരിക്കുന്നവര്‍ക്കും ചെയര്‍മാന്‍ വര്‍ക്കി ഏബ്രഹാം നന്ദി പറഞ്ഞു. പ്രവാസി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ അമേരിക്കന്‍ മലയാളി സമൂഹം നല്‍കുന്ന സഹകരണത്തിന് നന്ദി പറഞ്ഞു. ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ചെയ്തു. ചാനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോയി നെടിയകാലാ തുടങ്ങിയവരും പങ്കെടുത്തു.

തന്റെ സ്വദേശമായ കാഞ്ഞാണിക്കടുത്തുള്ള നാട്ടിക സ്വദേശിയായ യൂസഫലിയില്‍ നിന്നും നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ദിലീപ് വര്‍ഗീസ് പറഞ്ഞു. അവാര്‍ഡ് സ്വീകരിക്കാന്‍ ക്ഷണിച്ചപ്പോള്‍ അമ്പരപ്പാണ് തോന്നിയത്. ഇതു മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നു. ശ്രീധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, മിത്രാസ് രാജന്‍, ജിബി തോമസ്, ആനി ലിബു തുടങ്ങിയ സുഹൃത്തുക്കളേയും അദ്ദേഹം അനുസ്മരിച്ചു. 75 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ അസറ്റ് ഹോംസിന്റെ ചെയര്‍മാന്‍ സുനില്‍കുമാര്‍ കെന്‍ ബെവരാജില്‍ നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി.

പ്രവാസി ചാനലിന്റെ 'മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് എം എ യൂസുഫലിക്ക്


Keywords:  Kerala, M.A.Yusafali, Gulf, London, New York, Award, Malayalees, Pravasi Channel, Succes story of MA yusufali.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia