പ്രസംഗങ്ങളില്‍ വിദ്വേഷമില്ലെന്ന് കോടതിപോലും പറഞ്ഞു

 


മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 4

എന്റെ ചില പ്രസംഗങ്ങളുടെ പേരില്‍ അന്ന് ചുമത്തപ്പെട്ട കേസുകളില്‍ 7 കേസുകള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ആയിരുന്നു. ആ കേസുകള്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷന്‍ സ്വീകരിച്ചുകൊണ്ട് 7 കേസുകള്‍ ഡിസ്ചാര്‍ജ് ചെയ്തുകൊണ്ട് കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീ. ദിലീപ് കുമാര്‍ ഓര്‍ഡറില്‍ പറഞ്ഞത് :

''ഈ കേസുകളൊന്നും ഹിന്ദു മതത്തെയോ ഹിന്ദുക്കളുടെ വിശ്വാസത്തോയെ ആക്ഷേപിക്കുന്നതോ വിമര്‍ശിക്കുന്നതോ അല്ല. ബി.ജെ.പി., വി.എച്ച്.പി., ബജ്‌രംഗ്ദള്‍ തുടങ്ങിയ സംഘടനകളേയും അവരുടെ നേതാക്കളുടെ പ്രസംഗങ്ങളെയും മാത്രമാണ് ഈ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രസംഗം വര്‍ഗ്ഗീയ വികാരം ഇളക്കുന്ന പ്രസംഗങ്ങളായി വിലയിരുത്താന്‍ കഴിയില്ല. രാഷ്ട്രീയവിരോധം മാത്രമാണ് ഇങ്ങനെ കേസെടുത്തതിന് കാരണം എന്നാണ് മനസ്സിലാകുന്നത”്. എന്നാണ്.

ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമെങ്കിലും എന്റെ പ്രസംഗങ്ങളുടെ വാക്കുകളും പ്രയോഗങ്ങളും കുറച്ച് കടുപ്പമുള്ളതായിരുന്നുവെന്ന ബോധ്യം എനിക്കുള്ളതുകൊണ്ട് പില്‍കാലത്ത് എന്റെ വീക്ഷണങ്ങളിലും കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വന്നതിനാല്‍ എന്റെ കോയമ്പത്തൂര്‍ ജയില്‍ വാസം കഴിഞ്ഞ് കേരളത്തിലെത്തിയ ഞാന്‍ എനിക്ക് നല്‍കപ്പെട്ട സ്വീകരണസമ്മേളനത്തില്‍ വളരെ വ്യക്തമായി എന്റെ അഭിപ്രായം പറഞ്ഞു. ''എന്റെ ആദ്യകാലപ്രസംഗങ്ങള്‍ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരോടെല്ലാം ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും ഇനി ഒരിക്കലും ഒരൊറ്റ മനുഷ്യന്റെയും വികാരത്തെ വ്രണിതപ്പെടുത്തുന്നതോ ആക്ഷേപിക്കുന്നതോ ആയ ഒരു പ്‌സംഗവും ഞാന്‍ നടത്തില്ല'' എന്നും.

1992 ല്‍ ഞാന്‍ ഐ.എസ്.എസ്.ന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സംഘപരിവാറിന്റെ നയങ്ങളെയും രാജ്യത്ത് നടക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളെയും മറ്റും രൂക്ഷമായി വിമര്‍ശിച്ചുവെന്ന കാരണത്താല്‍ എനിക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയ ആര്‍.എസ്.എസ്. 1992 ആഗസ്റ്റ് 6-ന് എന്നെ ബോംബാക്രമണത്തിലൂടെ വധിക്കാന്‍ ശ്രമിക്കുകയും എനിക്കെതിരെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് എന്റെ വലതു കാലില്‍ പതിച്ച് കാലിന്റെ മുട്ടിന്റെ താഴ്ഭാഗം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ച് മുറിച്ചുമാറ്റുകയും ചെയ്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് മുഴുവന്‍ ആര്‍.എസ്.എസ്.ന്റെ പ്രധാന നേതാക്കളും പ്രവര്‍ത്തകരുമായപ്രതികളെ ആയിരുന്നു.

എനിക്കെതിരെ ആസൂത്രിതമായ വധശ്രമമാണ് നടത്തിയത്. പക്ഷേ സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഒരു കാല്‍നഷ്ടപ്പെട്ടുവെങ്കിലും എന്റെ ജീവന് അപകടം സംഭവിപ്പിക്കാനായില്ല എന്നത് എന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്ക് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു.

അവര്‍ എന്നെ എല്ലാ നിലയിലും ടാര്‍ഗറ്റ് ചെയ്യുകയും എനിക്കെതിരെ വ്യാപകമായ ദുഷ്പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയും ചെയ്തു.

എന്റെ പേരിനോടൊപ്പമുള്ള മഅ്ദനി എന്നത് പാക്കിസ്ഥാനില്‍ നിന്ന് തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന വിഷയത്തില്‍ നല്‍കപ്പെട്ട പട്ടം ആണെന്നുവരെ സംഘപരിവാര്‍ വേദികളില്‍ പ്രചരിപ്പിക്കപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കൊല്ലം ജില്ലയിലെ കോല്ലൂര്‍വിള എന്ന സ്ഥലത്തുള്ള 'മഅ്ദനുല്‍ ഉലൂം അറബിക് കോളേജില്‍' നിന്നും ഇസ്ലാമിക് പഠനത്തിലുള്ള (ഇസ്ലാമിക് റിലീജിയസ് സ്റ്റഡീസ്) ഡിഗ്രി ആണ് മഅ്ദനി എന്നത് അവര്‍ക്കും അറിയാമായിരുന്നു (ശേഷം മലപ്പുറം ജില്ലയിലെ പട്ടിക്കാട് ജാമിയ നൂരിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ മതപഠനരംഗത്തെ പോസ്റ്റ് ഗ്രാജ്വോറ്റ് കോഴ്‌സ് ആയ FAIZY കോഴ്‌സ് ഞാന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

പ്രസംഗങ്ങളില്‍ വിദ്വേഷമില്ലെന്ന് കോടതിപോലും പറഞ്ഞുഎനിക്കെതിരെയുള്ള സംഘപരിവാറിന്റെ ശക്തമായ വ്യാജപ്രചരണങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് 1992 ഡിസംബര്‍ 6-ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയോട് ബന്ധപ്പെട്ട് ആകൃത്യത്തില്‍ പങ്കാളികളായ ആര്‍.എസ്.എസ്., വി.എച്ച്.പി., ബജ്‌രംഗ്ദള്‍ എന്നീ സംഘടനകളെ കേന്ദ്രഗവണ്‍മെന്റ് നിരോധിച്ചപ്പോള്‍ ആ നടപടിയെ ബാലന്‍സ് ചെയ്യുവാന്‍ വേണ്ടി ജമാഅത്തെ ഇസ്ലാമി, ഐ.എസ്.എസ്. എന്നീ സംഘടനകളെകൂടി നിരോധിക്കുകയും ചെയ്തു.

''ആര്‍.എസ്.എസ്. നെ നിരോധിച്ചാല്‍ ഐ.എസ്.എസ്. പിരിച്ചുവിടം'' എന്ന് നേരത്തെ ഞാന്‍ എന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ആര്‍.എസ്.എസ്. നെ നിരോധിക്കും എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ മുമ്പ് പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ഐ.എസ്.എസ്. പിരിച്ചുവിടുകയും ചെയ്തു.

PART 5:  ഹിന്ദു-ക്രിസ്ത്യാന്‍-മുസ്ലിം നേതാക്കള്‍ ചേര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി

PART 3:  കോയമ്പത്തൂരിലെ നീണ്ട പത്തു വര്‍ഷത്തെ പീഡനം

Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia