പിറന്ന നാടിനോട് ചോദിക്കൂ -താന്‍ തീവ്രവാദിയോ രാജ്യവിരുദ്ധനോ?

 


മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 16

എന്നെ ഒരു തീവ്രവാദിയോ രാജ്യവിരുദ്ധനോ ആയിട്ട് ഞാന്‍ പിറന്ന സംസ്ഥാനത്തെ ജനങ്ങള്‍കണ്ടിരുന്നുവെങ്കില്‍ ഞാന്‍ കോയമ്പത്തൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുമ്പോള്‍എനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ മുഴുവന്‍ നിയമസഭാ അംഗങ്ങളും ചേര്‍ന്ന് ഏകകണ്ഠമായി പ്രമേയം പാസ്സാക്കുമോ? കേരളം പോലുള്ള ഒരു ഉദ്ബുദ്ധസംസ്ഥാനത്തിന്റെ ജനപ്രതിനിധികള്‍ ഒന്നടങ്കം ഒരു “തീവ്രവാദി”യെ സഹായിച്ചുവെന്ന് കരുതാന്‍ പറ്റുമോ?

അങ്ങും ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ. മന്‍മോഹന്‍ സിംഗ്ജിയും ഉള്‍പ്പെടെ ഈ രാജ്യം മുഴുവന്‍ ബഹുമാനിക്കുന്ന രാജ്യം കണ്ട ഏറ്റവും നീതിമാനായ ജഡ്ജിമാരില്‍ പ്രമുഖനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെപ്പോലൊരാള്‍ എന്റെ കാര്യത്തില്‍ ശക്തമായി ഇടപെടുമോ? (ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഇന്ത്യന്‍ പ്രസിഡന്റായ അങ്ങേയ്ക്കും യു.പി.എ. അദ്ധ്യക്ഷ ശ്രീമതി സോണിയാജിക്കും കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി ശ്രീ. ജഗദീഷ് ഷെട്ടാറിനും അയച്ച കത്തുകളുടെ കോപ്പി ഇതോടൊപ്പം ഉണ്ട്).

എന്റെ ഈ രണ്ടാം ജയില്‍ വാസഘട്ടത്തിലും കേരളാ അസംബളിയില്‍ കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തല എം.എല്‍.എ.യും സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ശ്രീ. എം.എ. ബേബി എം.എല്‍.എ.യും ഒരുപോലെ പ്രമേയം അവതരിപ്പിച്ചത് എന്നോട് അനീതി കാണിക്കപ്പെടുന്നതില്‍ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിഷേധത്തിന്റെ തെളിവ് അല്ലേ?

എനിക്ക് നീതി ലഭ്യമാക്കാനും കേസ് നടത്തുന്നതിന് നേതൃത്വം കൊടുക്കുന്നതിനും വേണ്ടി ജസ്റ്റിസ് ഫോര്‍ മദനി ഫോറം എന്ന സംഘടനക്ക് നേതൃത്വം കൊടുക്കുന്നത് ചെയര്‍മാന്‍ ശ്രീ. സെബാസ്റ്റ്യന്‍ പോള്‍ എക്‌സ്. എം.പി., വൈസ് ചെയര്‍മാന്‍ ശ്രീ. നീലലോഹിതദാസന്‍ നാടാര്‍ (മുന്‍മന്ത്രി), സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു, മുന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ഡോക്ടര്‍ ശ്രീ. ബലരാമന്‍ ഇങ്ങനെ നിരവധി ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ കേരളത്തിലെ പ്രമുഖ വ്യക്തികളാണ്.

എന്റെ വാക്കിലോ പ്രവര്‍ത്തിയിലോ രാജ്യവിരുദ്ധതയുടെ ഒരു നേരിയ അംശമെങ്കിലും ഉണ്ടെങ്കില്‍ ഇവര്‍ ആരെങ്കിലും എന്നെ സഹായിക്കാന്‍ രംഗത്തുവരുമോ? എന്നോട് ഭരണകൂടങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന അനീതിക്കെതിരെ കേരളത്തില കാസര്‍ഗോഡ് സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്തത് കെ.പി.സി.സി. പ്രസിഡന്റ് ശ്രീ. രമേശ് ചെന്നിത്തലയും എനിക്ക് നീതി ലഭ്യമാക്കുവാന്‍ പത്രസമ്മേളനം നടത്തിയത് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും ആണ്. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയത്തിനതീതമായി എന്റെ മോചനം ആഗ്രഹിക്കുന്നുവെന്നതിന് തെളിവല്ലേ ഇതെല്ലാം.

എന്റെ മോചനത്തിന് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം കേരളത്തിലെ പ്രമുഖ ക്രിസ്ത്യന്‍ നേതാവും കൊല്ലംബിഷപ്പുമായ മാര്‍ ബസ്സാലിയോസ് പ്രഥമന്‍ കത്തോലിക്ക ബാവയും തിരുവല്ല ബിഷപ്പ് ജോണ്‍ തുണ്ടുകുളവും തുടങ്ങിയ ആത്മീയാചാര്യന്മാരും, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി,ഗുരുരത്‌നം ജ്ഞാനതപസ്സി തുടങ്ങിയ ഹിന്ദു സന്യാസിമാരും പങ്കെടുക്കുകയും എന്റെ മോചനത്തിന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്യുന്നു. ഞാന്‍ ഒരു വര്‍ഗ്ഗീയവാദിയാണെങ്കില്‍ എങ്ങിനെയാണ് ക്രിസ്ത്യന്‍ ബിഷപ്പുമാരും ഹിന്ദു സന്യാസിമാരും എന്നെ പിന്തുണച്ച് രംഗത്തുവരിക.

Most Respected Sir,
ഞാന്‍ പിറന്നുവീണ സംസ്ഥാനം എന്നെ ഒരു തീവ്രവാദിയോ ഭീകരവാദിയോ ആയി കാണുന്നില്ല. അവര്‍ എന്നെയും ഞാന്‍ അവരെയും സ്‌നേഹിക്കുന്നു. എന്റെ നാട്ടുകാരോടൊപ്പം നിന്നുകൊണ്ട് ജന്മനാടിന്റെ നന്മയ്ക്കും സമൂഹത്തിലെ പട്ടിണിപ്പാവങ്ങളായ ജനങ്ങളുടെ പുരോഗതിക്കും വേണ്ടി ജീവിതാന്ത്യം വരെ സേവനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്ന് ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്.

കള്ളക്കേസില്‍ കുടുക്കി എന്നെ രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ അത് താങ്ങാനാവാതെ മെന്റല്‍ സ്‌ട്രോക്ക് ബാധിച്ച് തളര്‍ന്ന് കിടക്കുന്ന ഒരു റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കൂടിയായ എന്റെ പിതാവിനും ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ച് മേജര്‍ സര്‍ജറിക്ക് വിധേയമായി അവശയായി കിടക്കയില്‍ തളര്‍ന്ന് കിടക്കുന്ന എന്റെ മാതാവിനും കഴിയുന്ന സേവനങ്ങളും സഹായങ്ങളും ചെയ്തുകൊടുത്ത് അവരോടൊപ്പം കഴിയണമെന്ന് ഒരു മകനെന്ന നിലയില്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്.

വിധവയെപ്പോലെ ജീവിച്ചുകൊണ്ടിരിക്കുന്ന എന്റെ ഭാര്യ 

വിവാഹം കഴിഞ്ഞ് 5-ാമത്തെ വര്‍ഷം മുതല്‍ ഭര്‍ത്താവ് ജയിലില്‍ അടയ്ക്കപ്പെട്ട് ഇന്നും ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ വിധവയെപ്പോലെ ജീവിച്ചുകൊണ്ടിരിക്കുന്ന എന്റെ ഭാര്യയോടുള്ള കടമകള്‍ നിറവേറ്റുന്ന ഒരു ഭര്‍ത്താവായി ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
പിതാവ് ജീവിച്ചിരുന്നിട്ടും ഓര്‍മ്മവെച്ച നാള്‍ മുതല്‍ അനാഥരെപ്പോലെ ജീവിക്കുകയും ജീവിതത്തില്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതത്വബോധം മൂലം പഠനം ഉള്‍പ്പെടെ സര്‍വ്വതും താറുമാറായികൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട മക്കളോടൊപ്പം കഴിഞ്ഞ് ഒരു പിതാവിന്റെ വാത്സല്യം അവര്‍ക്ക് പകര്‍ന്നുനല്‍കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്.

ഞാന്‍ പടുത്തുയര്‍ത്തി കൊണ്ടുവരികയും ലോവര്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന പിഞ്ചു അനാഥബാലന്‍മാര്‍ മുതല്‍ പി.ജി.ക്ക് പഠിക്കുന്നവര്‍ വരെയുള്ള നിരവധി അനാഥരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന, ഞാന്‍ പ്രസിഡന്റ് ആയ അല്‍ അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളൊടൊപ്പം നിന്ന് അവര്‍ക്ക് ആത്മീയവും അക്കാദമിക് പരവുമായ വിജ്ഞാനം പകര്‍ന്നുകൊടുത്ത് അവരെ സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണം ചെയ്യുന്നവരാക്കി മാറ്റിയെടുക്കണമെന്ന് ഒരു ഇസ്ലാം മതപണ്ഡിതനും അദ്ധ്യാപകനും എന്ന നിലയില്‍ എനിക്ക് ആഗ്രഹമുണ്ട്.

പിറന്ന നാടിനോട് ചോദിക്കൂ -താന്‍ തീവ്രവാദിയോ രാജ്യവിരുദ്ധനോ?അകാരണമായി ഒരു പതിറ്റാണ്ടോളം എന്നെ കോയമ്പത്തൂര്‍ ജയിലില്‍ അടച്ചിരുന്നപ്പോഴും പിന്നീട് ഇപ്പോള്‍ അകാരണമായി മൂന്നു വര്‍ഷത്തോളമായി ബാംഗ്ലൂര്‍ ജയിലില്‍ അടച്ചിരിക്കുമ്പോഴും ഭരണത്തിന്റെ സൗകര്യമോ പിന്‍ബലമോ  ആനുകൂല്യങ്ങളോ യാതൊന്നുമില്ലാതിരുന്നിട്ടും പീഡിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ഉദ്ധാരണത്തിനായുള്ള എന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് എന്നോടൊപ്പം എല്ലാ പ്രതിസന്ധികളിലും തളരാതെ അതിശക്തമായി ഉറച്ചുനില്‍ക്കുന്ന ആയിരകണക്കിന് പി.ഡി.പി. പ്രവര്‍ത്തകരെ മതേതരജനാധിപത്യമൂല്യങ്ങളുടെ സംരക്ഷകരായി മുന്നോട്ടുകൊണ്ടുപോകാന്‍ അവരുടെ നായകനും സേവകനുമായി അവരോടൊപ്പമെപ്പഴുമുണ്ടാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia