കുടകിലെ സത്യം

 


മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 10

Respected His Excellency,

കുടക് എന്ന സ്ഥലത്ത് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ പോയിട്ടില്ല. ആ സ്ഥലം എവിടെയാണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. എത്രയോ വര്‍ഷങ്ങളായി വീല്‍ ചെയറില്‍ മാത്രം ചലിക്കാന്‍ കഴിയുന്ന, കേരളത്തിലോ കര്‍ണ്ണാടകയിലോ ഏതു കുഗ്രാമത്തില്‍ പോയാലും ഒറ്റനോട്ടത്തില്‍ ആളുകള്‍ക്ക് മനസ്സിലാവുന്ന ആളാണ്.

കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ എനിക്ക് കേരളാ ഗവണ്‍മെന്റ് 'ബി' കാറ്റഗറി സെക്യൂരിറ്റി ഏര്‍പ്പാട് ചെയ്തിരുന്നു. ശേഷമുള്ള എന്റെ മുഴുവന്‍ യാത്രകളിലും ആയുധത്തോടുകൂടിയ രണ്ട് പോലീസുകാര്‍ എന്നെ അനുഗമിക്കുമായിരുന്നു. ഞാന്‍ എവിടെ താമസിച്ചാലും അവിടെ എസ്.ഐ.യുടെയോ ഒരു ഹെഡ്‌കോണ്‍സ്റ്റബിളിന്റെയോ നേതൃത്വത്തില്‍ പോലീസ് സംരക്ഷണം ഉണ്ടായിട്ടുണ്ട്. എന്റെ മുഴുവന്‍ യാത്രകളുടെയും രേഖകള്‍ കേരളാ പോലീസ് ആസ്ഥാനത്തുണ്ട്.

ബാംഗ്ലൂര്‍ പോലീസ് ഗൂഢാലോചനാ നാടകം പറയുന്ന സമയം ഞാന്‍ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബിയായിലെ വിശുദ്ധ മക്കയില്‍ ആയിരുന്നു.

ചുരുക്കത്തില്‍ കോയമ്പത്തൂരില്‍ എനിക്കെതിരെ ഉണ്ടാക്കിയ കള്ളത്തരത്തിന്റെ ഉരുക്കുചങ്ങലകള്‍ നീതിന്യായകോടതിയുടെ താക്കോല്‍ ഉപയോഗിച്ച് തകര്‍ത്ത് ഞാന്‍ പുറത്തുവന്നതിന്റെ പക തീര്‍ക്കാന്‍ ചില രാഷ്ട്രീയക്കാരും ചില ഏജന്‍സികളും ചേര്‍ന്ന് കള്ളസാക്ഷിമൊഴികളുടെയും വ്യാജരേഖകളുടെയും അകമ്പടിയോടെ ഒരു പുതിയ കേസുണ്ടാക്കിയിരിന്നു

ദീര്‍ഘമായ ഒരു ജയില്‍ വാസത്തിലൂടെ ആരോഗ്യം തകര്‍ന്ന് ജീവിതം നഷ്ടപ്പെട്ടും ഒരുപാട് വേദനകള്‍ അനുഭവിച്ചശേഷം തിരിച്ചെത്തിയപ്പോള്‍ കേരളീയ സമൂഹം വാത്സല്യത്തോടെ സ്വീകരിച്ച എന്നെ വീണ്ടും ഒരു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളും ഒരു ഞെട്ടലോടെയാണ് കേട്ടത്.

എന്നെ കള്ളക്കേസിലാണ് കുടുക്കിയിരിക്കുന്നതും എന്നെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലായെന്ന് പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ നിരവധി സംഘടനകളും നേതാക്കളുമെല്ലാം ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങി. ഇതില്‍ വിവിധ ജാതിമതസ്ഥരും വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളുമുണ്ടായിരുന്നു. എനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള അനീതിക്കെതിരെ നിയമപോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരകണക്കിനാളുകള്‍ ഞാന്‍ പ്രസിഡന്റായുള്ള അന്‍വാര്‍ശേരി അല്‍ അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് ഒഴുകികൊണ്ടിരുന്നു

എനിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പകലും രാത്രിയും അന്‍വാര്‍ശ്ശേരിയില്‍ തങ്ങിയിരുന്നവരില്‍ നിരവധി ഹിന്ദുക്കളും എന്തിനേറെ കൈക്കുഞ്ഞുങ്ങളുമായി ഹിന്ദുസ്ത്രീകള്‍ വരെയുണ്ടായിരുന്നുവെന്നത് ജാതിക്കും മതത്തിനുമുപരി കേരളത്തിലെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളോടും എനിക്കുള്ള പ്രതിബദ്ധത എന്നെന്നും വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു കാര്യമായിരുന്നു.

എന്റെ മേല്‍ കെട്ടിച്ചമ്മച്ച കള്ളസാക്ഷിമൊഴികളും കള്ളരേഖകളുമൊക്കെയാണെന്ന് തെളിവുകള്‍ സഹിതം കര്‍ണ്ണാടകയിലെ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്ക് വരുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ബാംഗ്ലൂര്‍ സിറ്റി പോലീസ് ജോയിന്റ് കമ്മീഷണര്‍ അശോക് കുമാറിന്റെയും അന്നത്തെ ശേഷാദ്രിപുരം ഏ.സി.പി. ഓംകാരയ്യായുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം എന്നെ അറസ്റ്റ് ചെയ്തു.

കേരളത്തിലെ ഒട്ടുമിക്കജനങ്ങളുടെയും ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മനുഷ്യാവകാശപോരാളികളുടെയും കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളുടെയും പിന്തുണ എനിക്ക് ലഭിച്ചിട്ടും വിശുദ്ധ റംസാന്‍ മാസത്തില്‍ നോമ്പുകാരനായിരുന്ന രോഗിയായ എന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ബാംഗ്ലൂരിലേക്ക് കൊണ്ടുപോന്നു. അന്‍വാര്‍ശ്ശേരി സ്ഥാപനത്തിലെ അനാഥകുഞ്ഞുങ്ങള്‍ മുതല്‍ കേരളത്തിലെ നിരവധി ഹിന്ദു - ക്രിസ്ത്യന്‍ സഹോദരിമാര്‍ വരെ കണ്ണീരോടെയാണ് എന്റെ അറസ്റ്റ് രംഗങ്ങള്‍ വീക്ഷിച്ചതും, എന്നെ ബാംഗ്ലൂരിലേക്ക് യാത്രയാക്കിയതും.

കുടകിലെ സത്യംബി.ജെ.പി. ഗവണ്‍മെന്റിന്റെ പോലീസ് വിശുദ്ധ റംസാന്‍ മാസത്തില്‍ നോമ്പുകാരണം രോഗിയുമായ ഒരു നിരപരാധിയെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്ന പ്രതിഷേധം ഏതെങ്കിലും പ്രതിഷേധകാരികള്‍ വഴിതിരിച്ചുവിടാതിരിക്കാന്‍ വേണ്ടി എന്നെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ബാംഗ്ലൂരിലേക്ക് കൊണ്ടുവരുമ്പോള്‍ പോലും ഏറ്റവും അവസാനം ഞാന്‍ മാധ്യമപ്രവര്‍ത്തകരോടും കേരളത്തിലെ ജനങ്ങളോടും പറഞ്ഞത് ''എന്റെ അറസ്റ്റിനെ ഒരൊറ്റയാളും ഒരു വര്‍ഗീയമായി ചിത്രീകരിക്കരുത്. ഈ അറസ്റ്റിന്റെ പേരില്‍ ജനാധിപത്യമാര്‍ഗ്ഗത്തിലുള്ള പ്രതിഷേധമല്ലാതെ യാതൊരുതരത്തിലുള്ള അക്രമപ്രവര്‍ത്തനവും ഉണ്ടാകരുത്'' എന്നായിരുന്നു. അന്നത്തെ എന്റെ പ്രസ്താവനകള്‍ ''കേരളത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കാരണമായി'' എന്ന് പിറ്റേദിവസം പലപ്രമുഖപത്രങ്ങളും എഡിറ്റോറിയല്‍ എഴുതിയകാര്യം ഞാന്‍ അങ്ങയോട് വിനയപൂര്‍വ്വം ഉണര്‍ത്തുന്നു.
Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia