പൊലിറ്റിക്കല്‍ മൈലേജ്

 


മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 7

Most Respected Sir,
കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ഞാന്‍ നടത്തിയ ഈ പ്രഖ്യാപനങ്ങളൊന്നും എനിക്ക് പൊളിറ്റിക്കല്‍ മൈലേജ് ഉണ്ടാക്കുവാനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനോ ഒന്നും വേണ്ടിയായിരുന്നില്ല. കാരണം ഞാന്‍ എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച 1993-ല്‍ തന്നെ ഞാന്‍ കേരളത്തിലെ ജനങ്ങളോട് പ്രഖ്യാപിച്ചിരുന്നു. ''ജീവിതത്തില്‍ ഒരിക്കലും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ അധികാരസ്ഥാനങ്ങളുടെ പിറകോ പോവുകയോ ഇല്ല'' എന്ന്. ആ വാക്ക് നിരന്തരം പാലിക്കുന്ന ഞാന്‍ അത്തരത്തിലുള്ള യാതൊരു മോഹങ്ങളുമില്ലാതെ തന്നെ സര്‍വ്വശക്തനായ ദൈവത്തിന് തൃപ്തിയും പട്ടിണിപാവങ്ങളും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ നന്മയും മാത്രം പ്രതീക്ഷിച്ചുകൊണ്ട് മാത്രം നിരവധി ജനസേവന-മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നു. എന്റെ ജയില്‍ മോചനത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ 'ജനകീയ ആരോഗ്യവേദി' (പീപ്പള്‍സ് ഹെല്‍ത്ത് കെയര്‍) എന്ന സംഘടന രൂപീകരിച്ചു. അന്നത്തെ കേരളാ ആരോഗ്യവകുപ്പ്മന്ത്രി ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്ത ആ സംഘടനയുടെ ആഭിമുഖ്യത്തില്‍ പ്രകൃതിദുരന്തങ്ങള്‍ നടന്ന പത്തിനംതിട്ട ജില്ലയിലുള്‍പ്പെടെ കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ സൗജന്യമായി ഭക്ഷണവസ്ത്ര വിതരണങ്ങള്‍ നടത്തി. കുഗ്രാമങ്ങളില്‍ രോഗം കൊണ്ട് വലയുന്ന നിരവധി പാവങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി

കേരളത്തിലെ കുഗ്രാമങ്ങളില്‍ കഴിയുന്ന നിരവധി പാവങ്ങള്‍ക്ക് ഗുണം ചെയ്യുന്നവണ്ണം സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ഏര്‍പ്പെടുത്തി. 75 ശതമാനം മുസ്ലീങ്ങളുള്ള മലപ്പുറം ജില്ലയില്‍ ദലിതുകള്‍ മാത്രം താമസിക്കുന്ന കോളനി ഉള്‍പ്പെടെയുള്ള കേരളത്തിലെ നിരവധി ദലിതു കോളനികളില്‍ ആഴ്ചതോറും അരി സൗജന്യമായി കൊടുക്കുന്ന സൗജന്യ റേഷന്‍ വിതരണം നടപ്പിലാക്കി.

അല്‍ അന്‍വര്‍ ജസ്റ്റീസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന മറ്റൊരു സംഘടനക്ക് രൂപം നല്‍കുകയും ആ സംഘടനയുടെ ചുമതലയില്‍ ഭവനരഹിതരായ നിരവധി പാവങ്ങള്‍ക്ക് വീട് വെക്കാന്‍ 3 സെന്റ് ഭൂമി നല്‍കുന്ന സംവിധാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. വിവാഹപ്രായമെത്തിയ നിര്‍ദ്ധനരും അനാഥരുമായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്ന യുവാക്കള്‍ക്ക് ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ട് സ്ത്രീധനരഹിത വിവാഹങ്ങള്‍ നടത്താന്‍ ആരംഭിച്ചു. സ്ത്രീധനസമ്പ്രദായത്തിനെതിരെ നടത്തിയ ശക്തമായ പ്രബോധന പ്രചരണങ്ങളിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന് യുവാക്കള്‍ ഒരു രൂപ സ്ത്രീധനമോ ഒരു തരി സ്വര്‍ണ്ണമോ വാങ്ങാതെ പാവപ്പെട്ട യുവതികളെ വിവാഹം കഴിക്കാന്‍ തയ്യാറായി രംഗത്തുവന്നു. ഇത്തരത്തില്‍ നടത്തപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഗുണഭോക്താക്കള്‍ മുസ്ലീങ്ങള്‍ മാത്രമായിരുന്നില്ല. പട്ടിണിപ്പാവങ്ങളായ ദലിതുകള്‍ ഉള്‍പ്പെടെ നിരവധി ഹിന്ദുക്കളും ഇതിന്റെ ഗുണം സിദ്ധിച്ചു.

ഇതു സംബന്ധിച്ച് നടന്ന വിവിധ പരിപാടികളില്‍ കേരളത്തിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനും ആയിരുന്ന പരേതനായ ശ്രീ സുകുമാര്‍ അഴീക്കോട്, ഇപ്പോഴത്തെ കേന്ദ്രതൊഴില്‍ സഹമന്ത്രി ശ്രീ. കൊടിക്കുന്നില്‍ സുരേഷ്, മുന്‍ കേരളാ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി. തോമസ്, കേരള ജലവിഭവകുപ്പ് മന്ത്രി ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ മുന്‍കൈയെടുത്ത് നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഈ പ്രമുഖവ്യക്തികളെല്ലാവരും സാക്ഷികളാണ്.

ഇതുകൂടാതെ കേരളത്തിലെ അവശജനവിഭാഗങ്ങളുടെ കൂട്ടായ്മയും അവകാശസംരക്ഷണവും ലക്ഷ്യം വെച്ചുകൊണ്ട് ഞാന്‍ ചെയര്‍മാനായി സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് എന്ന സംഘടനക്ക് രൂപം കൊടുത്തു. കേരളത്തിലെ മുസ്ലീങ്ങളും, ക്രിസ്ത്യാനികളും അവശതയനുഭവിക്കുന്ന ബ്രാഹ്മണര്‍ മുതല്‍ ആദിവാസികള്‍ വരെയുള്ള ഹിന്ദുമതത്തിലെ വിവിധ ജാതിവിഭാഗങ്ങളുടെയും കൂട്ടായ്മയായി രൂപം കൊണ്ട സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ടിന്റെ അവകാശപ്രഖ്യാപന സമ്മേളനം 2008 മാര്‍ച്ച് 31ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തപ്പെട്ടു.

എന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രസ്തുത സമ്മേളനത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും ബ്രാഹ്മണസമുദായംഗവുമായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മുതല്‍ കേരളത്തിലെ പ്രമുഖ ആദിവാസി നേതാവായ സി.കെ. ജാനുവരെ പങ്കെടുത്തു.

ക്രിസ്ത്യന്‍ ബിഷപ്പുമാരും നിരവധി മുസ്ലീം മതനേതാക്കളും നിരവധി എം.പി.മാരും എം.എല്‍.എ.മാരുമൊക്കെ പങ്കെടുത്ത പ്രസ്തുത സമ്മേളനം ഉല്‍ഘാടനം ചെയ്തത് മുന്‍ യു.പി. മുഖ്യമന്ത്രി ശ്രീ. മുലായം സിംഗ് യാദവ് ആയിരുന്നു.

ശേഷം 2009 ജൂണ്‍ 25 ന് ഞാന്‍ പ്രസിഡന്റായുള്ള കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ അന്‍വാര്‍ശ്ശേരി അല്‍ - അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ .25-ാം വാര്‍ഷികം ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത മതസൗഹാര്‍ദ്ദസമ്മേളനം നടത്തപ്പെട്ടു.

കേരളത്തിലെ ഒട്ടുമിക്ക മതനേതാക്കളും നിരവധി മന്ത്രിമാരും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശ്രീ. കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയനേതാക്കളും പങ്കെടുത്ത ടി സമ്മേളനം ഉല്‍ഘാടനം ചെയ്തത് അന്നത്തെ കേരളാ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദന്‍ ആയിരുന്നു. ആ സമ്മേളനത്തില്‍ മതസൗഹാര്‍ദ്ദപ്രഖ്യാപനം നടത്തിയത് കേരളത്തിലെ ഏറ്റവും പ്രബലജനവിഭാഗമായ ഈഴവസമുദായത്തിന്റെ നേതാവായ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്‍ ആയിരുന്നു. വിവിധമതവിശ്വാസികളായ പതിനായിരങ്ങള്‍ പങ്കെടുത്ത ആ സമ്മേളനത്തിന്റെ പ്രധാന സംഘാടകനും ആ ചരിത്രപ്രധാന സമ്മേളനത്തിന്റെ അദ്ധ്യക്ഷനും ഞാനായിരുന്നു.

പൊലിറ്റിക്കല്‍ മൈലേജ്ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ചില ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുകയും അതിന്റെ പിന്നില്‍ ചില മുസ്ലിം ഗ്രൂപ്പുകളുടെ കൈകളുണ്ടെന്ന് വാര്‍ത്ത വരികയും ചെയ്തപ്പോള്‍ എന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 'തീവ്രവാദത്തിനെതിരെ ദേശസുരക്ഷാ ജാഥ' എന്ന പേരില്‍ ശക്തമായ തീവ്രവാദവിരുദ്ധ ജാഥ നടത്തുകയും വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്‍ മുഹമ്മദ് നബിയുടെ നേതൃത്വത്തിലും വിശ്വസിക്കുന്ന ഒരു മുസ്ലീമും ബോംബാക്രമണം നടത്താനോ നിരപരാധികളെ വധിക്കാനോ കഴിയില്ലെന്നും വിശുദ്ധ ഖുര്‍ആനും പ്രവാചകവചനങ്ങളുമോതികൊണ്ട് ഞാന്‍ മണിക്കൂറുകളോളം പ്രഭാഷണം നടത്തി. നിരവധി രോഗങ്ങളോട് മല്ലിട്ടുകൊണ്ട് ജീവിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ ടി ജാഥയില്‍ 130-ല്‍ അധികം പൊതുയോഗങ്ങളിലായി പതിനായിരകണക്കിന് ജനങ്ങളോട് മതസൗഹാര്‍ദ്ദത്തിന്റെ ആവശ്യകതയെപ്പറ്റിയും തീവ്രവാദസമീപനങ്ങളോടുള്ള എതിര്‍പ്പിനെപറ്റിയും പ്രസംഗിച്ചു.

Keywords : Abdul Nasar Madani, Jail, President, Letter, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia