Court Verdict | മധു വധക്കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാര്‍; 2 പേരെ വെറുതെ വിട്ടു; ശിക്ഷാവിധി ബുധനാഴ്ച
Apr 4, 2023, 12:33 IST
പാലക്കാട്: (www.kvartha.com) അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി വിധി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. രണ്ടുപേരെ കോടതി വെറുതെ വിട്ടു. 4, 11 പ്രതികളെയാണ് വെറുതെ വിട്ടത്. കേസിലാകെ 16 പ്രതികളാണ് ഉള്ളത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും.
1. ഹുസൈന് (59), 2. മരയ്ക്കാര്‍ (41), 3. ശംസുദ്ദീന്‍ (41), 5. രാധാകൃഷ്ണന്, 6. അബൂബക്കര്‍ (39), 7. സിദ്ദീഖ് (46), 8. ഉബൈദ് (33), 9. നജീബ് (41), 10. ജൈജുമോന്‍ (52), 12. സജീവ് (38), 13. കള്ളമല മുക്കാലി മുരിക്കട സതീഷ് (43), 14. ഹരീഷ് (42), 15. ബിജു (45), 16. മുനീര്‍ (36) എന്നിവര്‍ പ്രതികളാണെന്ന് കോടതി വിധിച്ചു.
നാലാം പ്രതി അനീഷ്(38), പതിനൊന്നാം പ്രതി അബ്ദുല്‍ കരീം (52) എന്നിവരെയാണ് വെറുതെ വിട്ടത്. സംഭവം നടന്ന് അഞ്ചുവര്‍ഷത്തിനുശേഷമാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി വിധി പറഞ്ഞത്.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പ്രത്യേക പൊലീസ് സംരക്ഷണം ഏര്‍പെടുത്തിയിരുന്നു. മധുവിന്റെ അമ്മ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.
മാര്ച് 10ന് വാദം പൂര്‍ത്തിയായി. മാര്ച് 18ന് വിധി പറയുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് 30ലേക്ക് മാറ്റി. 30ന് കേസ് പരിഗണിച്ചപ്പോഴാണ് ചൊവ്വാഴ്ച വിധി പറയാനായി വീണ്ടും മാറ്റിയത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് വിധി പറഞ്ഞത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര് കൂറ് മാറി. ഇതില്‍ മധുവിന്റെ ബന്ധുവടക്കം ഉള്‍പെടുന്നു.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന് മധു (30) ആള്‍കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണ് താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ച് മധുവിനെ കാട്ടില്‍നിന്ന് പ്രതികള്‍ സംഘം ചേര്‍ന്ന് പിടികൂടി മുക്കാലിയിലെത്തിച്ചു. മുക്കാലിയില്‍ എത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണ് മധു കൊല്ലപ്പെട്ടതെന്നാണ് പ്രോസിക്യൂഷന് കേസ്. വനത്തില്‍ ആണ്ടിയളച്ചാല്‍ ഭാഗത്ത് മധു ഉണ്ടെന്ന വിവരം ലഭിച്ച പ്രതികള്‍ കാട്ടില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയില്‍ വനംവകുപ്പ് കേസും നിലവിലുണ്ട്.
Keywords: News, Kerala, State, Top-Headlines, Trending, Palakkad, Murder Case, Accused, Court, Madhu Murder Case: Court Verdict
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.