കാസര്‍കോട് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്‍ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍

 


കാസര്‍കോട്: (www.kvartha.com 09.11.2016) സുള്ള്യയിലുണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്ത കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശ്ശൂര്‍ മുല്ലശ്ശേരി സ്വദേശി വി കെ ഉണ്ണികൃഷ്ണനെ (45) വിദ്യാനഗറിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

വിദ്യാനഗറിലെ കാസര്‍കോട് കോടതി കോംപ്ലക്‌സിന് സമീപത്തെ ഔദ്യോഗിക വസതിയിലാണ് മജിസ്‌ട്രേറ്റിനെ ബുധനാഴ്ച രാവിലെ 9.45 മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന സഹായി ചായ കുടിക്കാന്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഇയാള്‍ തിരിച്ചെത്തിയപ്പോഴാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസും മറ്റും സ്ഥലത്തെത്തി ഉണ്ണികൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പെടെയുള്ള ഉന്നത ജഡ്ജിമാരും സഹപ്രവര്‍ത്തകരും അഭിഭാഷകരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് ഉണ്ണികൃഷ്ണനെതിരെ സുള്ള്യ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ഓട്ടോെ്രെഡവറുമായുണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മജിസ്‌ട്രേറ്റിനെ കസ്റ്റഡിയിലെടുത്ത് സുള്ള്യ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ഇദ്ദേഹത്തിനെതിരെ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം കാസര്‍കോട്ടെത്തിയ മജിസ്‌ട്രേറ്റ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സുള്ള്യ പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നാരോപിച്ച് മജിസ്‌ട്രേറ്റ് കാസര്‍കോട് സി ഐക്ക് പരാതിയും നല്‍കിയിരുന്നു. ഈ പരാതി കാസര്‍കോട് പോലീസ് സുള്ള്യ പോലീസിന് കൈമാറിയിരിക്കുകയാണ്.

ആശുപത്രിയില്‍നിന്നും കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്ത് വസതിയിലെത്തിയതായിരുന്നു അദ്ദേഹം. സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഹൈക്കോടതി മജിസ്‌ട്രേറ്റില്‍ നിന്ന് വിശദീകരണം തേടുകയും ജില്ലാ ജഡ്ജില്‍ നിന്നും വിശദാംശങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമമായിരിക്കാം മജിസ്‌ട്രേറ്റിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.

കര്‍ണ്ണാടകയിലെ സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പോയി ഓട്ടോയില്‍
സുള്ള്യയിലെത്തിയപ്പോഴാണ് മജിസ്‌ട്രേറ്റിന് അവിടെ നിന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നത്. ഓട്ടോഡ്രൈവര്‍ അമിതവാടക ചോദിച്ചതിനെ മജിസ്‌ട്രേറ്റ് ചോദ്യം ചെയ്തതാണ് പോലീസ് നടപടിക്കും തുടര്‍ന്ന് കേസിനും ഇടവരുത്തിയത്. കേരളത്തിലെ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ഒരു ന്യായാധിപന്‍ ജീവനൊടുക്കുന്ന സംഭവം ആദ്യമാണ്. നിയമരംഗത്ത് ഉണ്ണികൃഷ്ണന്റെ ആത്മഹത്യ കടുത്ത നടുക്കമാണ് ഉളവാക്കിയിരിക്കുന്നത്.

കാസര്‍കോട് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണന്‍ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍

Also Read:
മര്‍ദ്ദനമേറ്റ കാസര്‍കോട് മജിസ്‌ട്രേറ്റിന്റെ പരാതി സുള്ള്യ പോലീസിന് തന്നെ കൈമാറി

Keywords:  Magistrate found dead hanging at Kasaragod, Case, High Court of Kerala, Suspension, Police, House, Hospital, Treatment, Advocate, Judge, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia