Bailey Bridge | ആർക്കും നിർമിക്കാവുന്ന ഒന്നല്ല ബെയ്‌ലി പാലം! എന്തുകൊണ്ട് ഇത് എൻജിനീയറിങ് വിസ്‌മയമാണ്? സല്യൂട്ട് മേജർ സീത ഷെൽക്ക
ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ എല്ലാ കണ്ണുകളും നീണ്ടത് ബെയ്‌ലി പാലത്തിനുനേരെയാണ്
മിന്റാ മരിയ തോമസ്
(KVARTHA) 'ബഹുമാനം, സ്നേഹം മേജർ സീത ഷെൽക്ക, ബിഗ് സല്യൂട്ട്', എന്ന് സോഷ്യൽ മീഡിയ മുഴുവൻ പോസ്റ്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. വയനാട് ചൂരൽമലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കുന്ന താൽക്കാലിക പാലമാണ് ബെയ്‌ലി പാലം. ഈ പാലം വയനാട്ടിലെ ദുരന്തമുഖത്ത് ഞൊടിയിടയിൽ സൃഷ്ടിക്കപ്പെട്ട് വാഹനങ്ങൾക്ക് സഞ്ചാരയോഗ്യമാക്കിയപ്പോഴാണ് ഈ പാലത്തെക്കുറിച്ച് പലരും അറിയാനും ചിന്തിക്കാനും തുടങ്ങിയത്. ഇന്ത്യൻ സൈന്യത്തിൻ്റെ നേതൃത്വത്തിലായിരുന്നു പാലം രണ്ട് ദിവസം കൊണ്ട് പൂർത്തിയായത്. പാലത്തിൻ്റെ നിർമാണ ചുമതല വഹിച്ച എൻജിനീയർ ഒരു പുരുഷൻ അ,ല്ല സ്ത്രീയായിരുന്നു എന്നതും ശ്രദ്ധയാകർഷിക്കുന്നു. അവരാണ് മേജർ സീത ഷെൽക്ക.
ദുരന്തമുഖത്ത് അഹോരാത്രം ഊണും ഉറക്കവും ഇല്ലാതെ പ്രവർത്തിക്കുന്ന നൂറ് കണക്കിന് സഹോദരന്മാരെ മറക്കുന്നില്ല. എങ്കിലും ഈ സ്ത്രീയുടെ പ്രാധാന്യം എടുത്തു തന്നെ പറയേണ്ടിയിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങളിൽ, ശാരീരിക ക്ഷമത വേണ്ട ഇടങ്ങളിൽ, സാങ്കേതിക ജ്ഞാനത്തിൽ എല്ലാം പുരുഷനൊപ്പം തോൾ ചേർന്ന് നിൽക്കാൻ സ്ത്രീക്കും സാധിക്കും എന്നതിൻ്റെ നേർചിത്രമാണ് മേജർ സീത ഷെൽക്കയും അവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കപ്പെട്ട ബെയ്‌ലി പാലവും. ഇന്ത്യയില്‍ സൈന്യം മാത്രമാണ് ബെയ്‌ലി മാതൃകയിലുള്ള താത്കാലിക പാലം നിര്‍മിക്കുന്നത്.
കേരളത്തിലാണ് പൊതുജനങ്ങള്‍ക്ക് അടിയന്തിര യാത്ര സൗകര്യം ഒരുക്കുന്നതിനായി ആദ്യമായി സൈന്യം ബെയ്ലി പാലം നിര്‍മിച്ചത്. വിവിധ ആവശ്യങ്ങള്‍ക്ക് ഉതകും വിധം നേരത്തേ ഡിസൈന്‍ ചെയ്തു വെച്ച്, ആവശ്യം അനുസരിച്ചു സൈറ്റില്‍ എത്തിച്ച ശേഷം എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഒരു എഞ്ചിനീയറിങ് വിസ്മയം ആണ് ബെയ്ലി പാലം. പലർക്കും ഈ ബെയ്ലി പാലത്തിൻ്റെ പ്രത്യേകതകളെക്കുറിച്ച് അറിയാൻ അതീയായ ആഗ്രമുണ്ടായിരിക്കും. അങ്ങനെയുള്ളവർക്ക് വേണ്ടി പുറത്തു വന്നിരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധേയമായിട്ടുണ്ട്. അതിൽ ബെയ്ലി പാലത്തെക്കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.
കുറിപ്പിൽ പറയുന്നത്:
'വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്.
അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്. 1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്. ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ഇന്ത്യയിൽ ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണിതു നിർമ്മിച്ചത്. അതിനു 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽനിന്നും 5,602 മീറ്റർ (18,379 ft) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഇത് സ്ഥാപിച്ചത്.
ബ്രിട്ടിഷുകാർ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ്, ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്. 1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷുകാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടാണ് പാലത്തിനു ബെയ്‌ലി പാലമെന്നു വിളിക്കുന്നതും. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിൻ്റെ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല.
ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിൻ്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം. സിവിൽ എൻജിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു'.
190 അടി നീളമുള്ള താൽക്കാലിക പാലം
ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ എല്ലാ കണ്ണുകളും നീണ്ടത് ബെയ്‌ലി പാലത്തിനുനേരെയാണ്. ഒരു രാവും ഒരു പകലുംകൊണ്ട് പാലം പൂർത്തിയാകുമ്പോൾ അതിന്റെ നേതൃനിരയിൽ തലയെടുപ്പോടെ നിൽക്കുകയാണ് മേജർ സീത അശോക് ഷെൽക്കെ. വയനാട്ടിൽ രക്ഷാദൗത്യത്തിന് കീറാമുട്ടി ആയ തകർന്നു പോയ പാലത്തിനു പകരമായി 190 അടി നീളമുള്ള താൽക്കാലിക ബയ്ലി പാലം സൈനികർ ഊണും ഉറക്കവുമില്ലാത്ത റെക്കോർഡ് 20 മണിക്കൂർ സമയത്തിനുള്ളിൽ സാധ്യമാക്കി.
രക്ഷാ പ്രവർത്തനത്തിലെ അതി നിർണായകമായ ബെയ്‌ലി പാലം നിർമ്മിച്ച ഇന്ത്യൻ ആർമിയ്ക്ക് അഭിനന്ദനങ്ങൾ. സല്യൂട്ട് എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസ്സിൽ ഉയർന്നുവരുന്നത് ധീരത, സമർപ്പണം, ദേശസ്നേഹം എന്നീ വികാരങ്ങളാണ്. ദുരന്തമുഖത്തെ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ ഇതിനെ സാക്ഷ്യപ്പെടുത്തുന്നു, സല്യൂട്ട്.