Railway Police | മലബാര്‍ എക്സ്പ്രസില്‍ മോഷണ പരമ്പര; പ്രതികളെ മണിക്കൂറുകള്‍ക്കകം വലയിലാക്കി കണ്ണൂര്‍ റെയില്‍വെ പൊലീസ്

 


കണ്ണൂര്‍: (KVARTHA) ട്രെയിനില്‍ കവര്‍ച നടത്തിയ മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം വലയിലാക്കി കണ്ണൂര്‍ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ് കക്കറയും മഹേഷും. വ്യാഴാഴ്ച തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്സ്പ്രസില്‍ തൃശ്ശൂരില്‍ നിന്നും കണ്ണൂര്‍ വരെ സുരക്ഷാ ഡ്യൂടിയില്‍ ഉണ്ടായിരുന്ന ഇവര്‍ എസ് 4 കോചില്‍ കൊല്ലത്തുനിന്നും കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്നു.

Railway Police | മലബാര്‍ എക്സ്പ്രസില്‍ മോഷണ പരമ്പര; പ്രതികളെ മണിക്കൂറുകള്‍ക്കകം വലയിലാക്കി കണ്ണൂര്‍ റെയില്‍വെ പൊലീസ്

ഇതിനിടെ ഒരു ബിഡിഎസ് വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ കളവ് പോയതായുള്ള വിവരം ലഭിച്ചു. മാത്രമല്ല, എസ് 9 കോചില്‍ ഡ്യൂടിയില്‍ ഉണ്ടായിരുന്ന ടിടിഇയുടെ ലോക് ചെയ്ത ബാഗ് പൊട്ടിച്ചെടുത്തു കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നുള്ള വിവരവും ലഭിച്ചു.

എ വണ്‍ കോചില്‍ കോഴിക്കോട് വരെ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരന്റെ പഴ്സ് കളവ് പോയതായും അറിഞ്ഞു. പ്രതികള്‍ ട്രെയിനില്‍ ഉണ്ടെന്നും ഷൊര്‍ണൂറില്‍ എത്തിയാല്‍ ഇറങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പെട്ടെന്ന് തന്നെ കോചുകളില്‍ പരിശോധന നടത്തി. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതികളായ രണ്ടു യുവാക്കള്‍ എ വണ്‍ കോചിന്റെ ബാത്റൂമില്‍ കയറി ഒളിക്കുകയും ചെയ്തു.

ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും തുറക്കാതിരുന്നതിനാല്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയ സമയത്ത് ജിആര്‍പി യുടെയും റെയില്‍വേ ജീവനക്കാരുടെയും സഹായത്തോടുകൂടി പ്രസ്തുത ഡോര്‍ പൊളിച്ച് മതിയായ ബലംപ്രയോഗിച്ച് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മോഷണം ചെയ്ത മൊബൈല്‍ ഫോണ്‍ ട്രെയിനിനുള്ളില്‍ തന്നെ വെച്ച് നശിപ്പിച്ച് ക്ലോസറ്റില്‍ നിക്ഷേപിച്ചതായി പ്രതികള്‍ പറഞ്ഞു. ഫോര്‍ട് കൊച്ചിയിലെ താമസക്കാരനായ തന്‍സീറും, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയുമാണ് മോഷണ പരമ്പര നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി എന്‍ ഡി പി എസ് കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും ചോദ്യം ചെയ്യലില്‍ അറിയാന്‍ കഴിഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതില്‍ തന്‍സീര്‍ കോഴിക്കോട് ബിവറേജ് കുത്തി തുറന്ന കേസിലെ പ്രതിയാണെന്നും റെയില്‍വെ പൊലീസ് പറഞ്ഞു.
മോഷണത്തിനിരയായ യാത്രക്കാരുടെ പരാതി സഹിതം പ്രതികളെ തുടര്‍ ചോദ്യം ചെയ്യുന്നതിനും മറ്റ് നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ആയി ഷൊര്‍ണൂര്‍ ജിആര്‍പിക്ക് കൈമാറി. 

സംഭവവുമായി ബന്ധപ്പെട്ട് മലബാര്‍ എക്സ്പ്രസ് 20 മിനുട് വൈകിയാണ് പുറപ്പെട്ടത്. ട്രെയിനില്‍ ഒരു മോഷണ പരമ്പര തന്നെ സൃഷ്ടിച്ച പ്രതികളെ യഥാസമയം ഡ്യൂടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വലയിലാക്കാന്‍ കഴിഞ്ഞത്.

Keywords:  Malabar Express robbery series; Kannur Railway Police nabbed the accused within hours, Kannur, News, Passengers, Mobile Phone, Purse, Malabar Express, Robbery, Railway Police, Robbers, Arrested, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia