Allegations | മലയാള സിനിമ വ്യവസായം അത്രയ്ക്ക് മോശമായിരുന്നോ, ഇത് രാഷ്ട്രീയ - ഉദ്യോഗസ്ഥ മേഖലയ്ക്കും ബാധകമല്ലേ? ഹേമ കമ്മിറ്റി റിപ്പോർട്ട്  പുറത്തുവരുമ്പോൾ

 
Allegations
Allegations

Representational Image Generated by Meta AI

കമ്മീഷൻ റിപ്പോർട്ടിൽ മലയാള സിനിമയിലെ സ്ത്രീകൾ വ്യാപകമായ ലൈംഗിക ചൂഷണം നേരിടുന്നുണ്ടെന്നും, അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാൻ പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവർ പിന്തുണയ്ക്കുന്നുണ്ടെന്നും ആരോപിക്കുന്നു. 

സോണി കല്ലറയ്ക്കൽ

(KVARTHA) നടന്മാർ വാതിലുകളിൽ വന്ന് മുട്ടുന്നു. മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ട്. നടിമാർ കൂടെ ഉറങ്ങാൻ നിർബന്ധിതരാകും. എന്ത് നെറികേടാണ് മലയാള സിനിമ രംഗത്തു നിന്നും ഇപ്പോൾ കേൾക്കുന്നത്. ഇതു പോലുള്ള പുഴുകുത്തുകളാണോ സിനിമാ മേഖലയിൽ ഉള്ളത്. പണത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്നാണ് ഈ റിപ്പോർട്ട്‌ കൊണ്ട് മനസ്സിലാക്കേണ്ടത്. ഇനിയെങ്കിലും ഫാൻസുകാർ ഇവരെ തലയിൽ കൊണ്ട് നടക്കല്ലേ എന്നാണ് അപേക്ഷിക്കാനുള്ളത്. ഇപ്പോൾ മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഹേമ റിപ്പോർട്ടാണ് ഇത് പറയാൻ കാരണം. 

Allegations

അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നാണ് ഹേമ കമ്മീഷൻ റിപ്പോ‍ർട്ട് പറയുന്നത്. സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോര. ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണം. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സർക്കാ‍ർ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതിപരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നാലര വർഷം മുൻപ് നിർദ്ദേശിച്ചിട്ടുണ്ട്. 

അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും നടിമാരെ ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം സപ്പോർട്ട് ചെയ്യുന്നുണ്ട്. ഏജൻ്റുമാരും ലൈംഗിക ചൂഷണത്തിനടക്കം പ്രവ‍ർത്തിക്കുന്നുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും അഭിനേത്രിമാരെ നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും പറയുന്നു. 

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമ‍ർശനം. മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴികിട്ടി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പോലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 

എന്താ മലയാള സിനിമയുടെ ഒരു അവസ്ഥ എന്ന് നോക്കണം. മലയാള സിനിമ രംഗം അത്രയ്ക്ക് മോശമായിരുന്നു എന്ന് എന്നാണോ ഈ റിപ്പോർട്ട് പറയുന്നത്. ഇതിപ്പോൾ ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തേക്കാൾ നാറ്റം ആയല്ലോ മലയാളസിനിമ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാനാകും. പെണ്ണ് എവിടെ ഉണ്ടോ അവിടെ പെൺവാണിഭവും ഉണ്ടാകും  എന്ന് ഒരാൾ മുൻപ് വിളിച്ചുപറഞ്ഞപ്പോൾ അദ്ദേഹത്തെ കളിയാക്കിയ നാടാണിത്. ഇപ്പോൾ കേരളത്തിൻ്റെ സമസ്ത മേഖലയിലും നമ്മൾ കാണുന്നത് ഇത് തന്നെ. 

സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഏതു മേഖലയും വിമർശിക്കപ്പെടേണ്ടതാണ്. അത് സിനിമ മേഖലയായാലും രാഷ്ട്രീയ മേഖലയായാലും തൊഴിൽ മേഖലയായാലും എല്ലാം ഒരുപോലെ തന്നെ. പക്ഷെ സംവിധായകരും, നിർമാതാക്കളും ചൂഷണത്തിന് പ്രേരിപ്പിക്കുന്നു എന്ന് പറഞ്ഞാൽ ഇത് വനിത നിർമാതാക്കളെയും, വനിത സംവിധായകരെയും വരെ ഉൾപ്പെടുത്തി മലയാള സിനിമ മാത്രം ആണ് ലോകത്തിൽ ഇതൊക്കെ സംഭവിക്കുന്നുള്ളു എന്ന് തോന്നും വിധത്തിലാണ് ഇപ്പോൾ ഈ വിഷയത്തിൽ നടക്കുന്ന ചർച്ചകൾ മുഴുവൻ കാണുമ്പോൾ തോന്നിപ്പോകുക. മലയാളം സിനിമ ഇൻഡസ്ട്രിയെ ഇന്ത്യയിലെ മറ്റു ഇൻഡസ്ട്രി യുടെ മുൻപിൽ താറടിച്ചു കാണിക്കാൻ ആയി മാത്രം ഒരു റിപ്പോർട്ട്‌ എന്നും ചിലപ്പോൾ ഇത് കാണുമ്പോൾ തോന്നിപ്പോകുക സ്വഭാവികം. ആരോപണം നടത്തുന്ന നടികൾക്ക് പേര് പറയാൻ താല്പര്യം ഇല്ല എന്ന് കേൾക്കുമ്പോൾ പ്രത്യേകിച്ചും. 

ഈ റിപ്പോർട്ട്‌ സിനിമ മേഖലയ്ക്ക് മാത്രം ആണോ ബാധകം, രാഷ്ട്രീയ രംഗത്തും, പൊതുരംഗത്തും പ്രസക്തമല്ലേ എന്ന ചോദ്യവും ചർച്ചയും ഈ അവസരത്തിൽ ഇവിടെ ഉയർന്നു വരേണ്ടതാണ്. എന്തിന് ഒരു സിനിമ മേഖലയുമായി മാത്രം ഇവിടെ ഇതിനെ പരിമിതപ്പെടുത്തണം. ഒപ്പം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ആളുകളുടെ പേരുവിരങ്ങൾ കൂടി പുറത്ത് വിട്ട് പരാതി പറഞ്ഞ നടിമാർ മാതൃക കാട്ടിയാൽ എത്രയോ നന്നായിരുന്നു. അത് അറിയാനും പൊതുസമൂഹത്തിന് അർഹതയില്ലേ? കേരളത്തിനെ മുഴുവൻ പ്രശ്നം പോലെ ചർച്ച ചെയ്യാനും, വിഴുപ്പലക്കി മലയാള സിനിമക്കു നല്ലപ്പേര് ഉണ്ടാക്കി കൊടുക്കാൻ ചിലരൊക്കെ ഇപ്പോൾ മത്സരിക്കുന്നത് കാണുമ്പോൾ ആരിലും കൗതുകം തോന്നുക സ്വഭാവികം. 

അവസരങ്ങൾക്ക് വേണ്ടി വാതിൽ മുട്ടുന്ന ഇഷ്ടം പോലെ നടികൾ ഉണ്ടെന്ന് പിന്നാമ്പുറ വാർത്തകൾ മുൻപെ തന്നെയുണ്ട്. അത് എന്തുകൊണ്ട് ആരും കാണാതെ പോകുന്നു പറയാതെ പോകുന്നു. മറ്റുള്ളവരുടെ അവസരം ഈ നടിമാർ വാതിലിൽ മുട്ടി നഷ്ടപ്പെടുത്തുന്നില്ലെ എന്നും ഈ അവസരത്തിൽ പഠിക്കേണ്ടതാണ്. പ്രശസ്ത ചിന്തകൻ (ബോസ്നിയ) അലിജ ഇസ്സത്ത് ബെഗോവിച്ചിൻ്റെ ഒരു നീരിക്ഷണമുണ്ട്. കമ്പോളത്തെ ആശ്രയിച്ച്  നിൽക്കുന്ന കലയാണ്‌ സിനിമ. അതു കൊണ്ട് അതിൻ്റെതായ ധാർമിക പ്രശ്നവുമുണ്ട്. ചൂഷണം എല്ലാ മേഖലകളിലും ഉണ്ട്. അത് സിനിമ മേഖലയിൽ എന്ന് മാത്രം പറയുന്നത് വാസ്തവ വിരുദ്ധമാണ്.  

കാര്യം നടക്കാൻ ലൈംഗിക ബന്ധം ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർ  എത്രയോ ഉണ്ട്. രാഷ്ട്രീയ നേതാക്കൾ ഉണ്ട്.  ഇതൊക്കെ സിനിമയിൽ  മാത്രം ഉള്ള കാര്യമല്ല. ഈ റിപ്പോർട്ട് സ്ത്രീകളുടെ സിനിമയിലെ ജോലിയെ സേഫ് ആക്കട്ടെ എന്ന് ആശിക്കാനേ കഴിയൂ. പിന്നെ മറ്റൊരു കാര്യം ആക്ടിവിസ്റ്റുകൾ ആയ ഫെമിനിസ്റ്റുകളെ സിനിമയിൽ അഭിനയിപ്പിക്കരുത്. അവർ പുരുഷ വിദ്വേഷികളും സിനിമാരംഗത്തെ അവഹേളിക്കുന്നവരും ആണ്. സിനിമാ ലോകത്തുള്ള ഏതൊരു പ്രശ്നത്തിന്റെയും പിന്നിൽ ഇത്തരക്കാരാണെന്നും ആക്ഷേപിക്കുന്നവരുണ്ട്.

ഈ അവസരത്തിൽ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കപ്പെടേണ്ടതാണ്. നമ്മുടെ ഗുസ്തി താരങ്ങളും മുൻപ് ഇത് തന്നെയാണ് പറഞ്ഞത്. അർഹതപ്പെട്ട ഒരു മെഡൽ പോലും നഷ്ടമായി ഫോഗട്ടിന്. ഇതിന്റെ പാതി പിന്തുണ അവർക്ക് കൊടുത്തില്ല എന്നതും ആരും മറക്കാതിരിക്കട്ടെ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia