Mollywood | നമ്മൾ കാണുന്നതല്ല മോളിവുഡ്! കാഴ്ചയുടെ മനോഹാരിതയെ വിശ്വസിക്കേണ്ടതില്ലെന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത് എന്ത് കൊണ്ട്?

 
Malayalam Film Industry Faces Severe Allegations of Abuse and Misconduct
Malayalam Film Industry Faces Severe Allegations of Abuse and Misconduct

Representational Image Generated by Meta AI

വ്യാപകമായ ലൈംഗിക ചൂഷണവും അധികാര ദുരുപയോഗവുമെന്ന് കണ്ടെത്തൽ 

(KVARTHA) 'ആകാശം മനോഹരമാണ്, നിറയെ നക്ഷത്രങ്ങളും ചന്ദ്രനും. എന്നാല്‍ കാഴ്ചയുടെ മനോഹാരിതയെ വിശ്വസിക്കേണ്ടതില്ല, ഉപ്പ് പോലും പഞ്ചസാരയായി തോന്നാം', ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആമുഖത്തിലെ വരികളാണിത്. വെളിച്ചത്ത് ചിത്രീകരിച്ച്, ഇരുട്ടില്‍ കാണിക്കുന്ന സിനിമയെന്ന മാന്ത്രികതയ്ക്ക് പിന്നില്‍ ഒരു കൂട്ടം സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന സ്ത്രീവിരുദ്ധതയും ചതിയും വഞ്ചനയും മനുഷ്യത്വമില്ലായ്മയും റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നു. മലയാളസിനിമ നിയന്ത്രിക്കുന്നത് പ്രമുഖ നടന്മാര്‍ അടക്കമുള്ള 15 പവര്‍ ഗ്രൂപ്പുകളാണെന്നും ക്രിമിനലുകള്‍ ചലച്ചിത്ര മേഖലയെ ഇടത്താവളമാക്കിയെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. 

ആരാധകര്‍ വാഴ്ത്തിപ്പാടുന്ന താരങ്ങളുടെ സിനിമാ ലൊക്കേഷനുകളില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് അരങ്ങേറുന്നത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെയാണ് സിനിമയിലെ കൊള്ളരുതായ്മകള്‍ പുറത്തുവരാനുള്ള അവസരം ഒരുങ്ങിയത്. ദിലീപ് ഇടപെട്ട്, ആക്രമണത്തിനിരയായ നടിയെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. 

കുഞ്ചാക്കോ ബോബന്‍, സംയുക്താവര്‍മ തുടങ്ങിയ പ്രമുഖരും ദിലീപിനെതിരെ കേസില്‍ മൊഴി നല്‍കിയിരുന്നു. താരസംഘടനയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിട്ടും അതിന്റെ തലപ്പത്തുള്ള പലരും ഇന്നും ദിലീപിനൊപ്പമാണുള്ളത്. കേസില്‍ നിന്ന് ദിലീപിനെ ഒഴിവാക്കാന്‍ പല നടന്മാരും സംവിധായകരും നിര്‍മാതാക്കളും ഭരണതലത്തില്‍ സ്വാധീനം ചെലുത്താന്‍ നോക്കിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ വഴങ്ങിയില്ല. ദിലീപിന്റെ കാര്യം പറയാന്‍ ഇനി എന്നെ വിളിക്കരുതെന്ന് ഒരു നടന് മുഖ്യമന്ത്രി താക്കീതും നല്‍കി എന്നത് ഭരണകേന്ദ്രങ്ങളിലുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണ്.

അവസരം ലഭിക്കാന്‍ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നെന്നും അതൊരു കീഴ്വഴക്കമായി 'കാസ്റ്റിങ് കൗച്ച്' എന്ന പേരില്‍ നിലനില്‍ക്കുന്നു എന്ന ലജ്ജിപ്പിക്കുന്ന വിവരവും ജസ്റ്റിസ് ഹേമയുടെ റിപ്പോര്‍ട്ടിലുണ്ട്. പരാതിപരിഹാര സംവിധാനങ്ങളില്ലാത്തതിനാല്‍ ലൈംഗികാതിക്രമങ്ങള്‍ യഥേഷ്ടം നടക്കുന്ന ഇടമായി സിനിമാ വ്യവസായം മാറിയിട്ട് പതിറ്റാണ്ടുകളായി. ഒരുപിടി നിര്‍മ്മാതാക്കളും സംവിധായകരും അഭിനേതാക്കളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും അടങ്ങുന്ന മാഫിയാ സംഘമാണ്  മലയാള ചലച്ചിത്ര വ്യവസായത്തെ നിയന്ത്രിക്കുന്നത്. 

ആരെയൊക്കെ ഒതുക്കണം, ആരെയൊക്കെ നിലനിര്‍ത്തണം എന്നൊക്കെ ഇവരാണ് തീരുമാനിക്കുന്നത്. ശക്തന്മാരുടെ ലൈംഗികാതിക്രമം ചെറുത്താല്‍ വീട്ടിലിരിക്കേണ്ടിവരും. നിലനില്‍പ്പ് ഭയന്ന് നടിമാര്‍ പരാതി കൊടുക്കാറില്ല. മാത്രമല്ല, പലതിനും ശക്തമായ തെളിവോ, സാക്ഷി പറയാന്‍ സഹപ്രവര്‍ത്തകരോ ഇല്ലാത്തതിനാല്‍ പരാതി നല്‍കിയാലും പ്രതി ശിക്ഷിക്കപ്പെടില്ലെന്ന് മാത്രമല്ല, കോടിക്കണക്കിന് രൂപയുടെ മാനനഷ്ടക്കേസ് പരാതിക്കാരിക്കെതിരെ നല്‍കുകയും ചെയ്യും.

പ്രമുഖ നടന്റെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന  ലോബിയെ 'മാഫിയ' എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അവര്‍ക്ക് സിനിമയില്‍ എന്തും ചെയ്യാന്‍ കഴിയും. നടന്‍ തിലകന് സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയത് ഇതേ സംഘമാണ്. അതുകൊണ്ട് ഈ  റിപ്പോര്‍ട്ട് സിനിമാ മേഖലയ്ക്ക് മാത്രമല്ല, മലയാളി സമൂഹത്തിനാകെ നാണക്കേടാണ്. 

സ്വകാര്യത ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തിയവരുടെ പേര് വിവരങ്ങള്‍ 233 പേജുകളുള്ള റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 49-ാം പേജിലെ 96-ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളും 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിട്ടിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ പല താരരാജാക്കന്മാരും ചക്രവര്‍ത്തിമാരും ബിംബം തകര്‍ന്ന് തരിപ്പണമാകേണ്ടിവരും.

നിര്‍മ്മാതാക്കളും സംവിധായകരും അടക്കം, ലൈംഗിക താല്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നത്  ചലച്ചിത്ര മേഖലയിലെ അലിഖിത നിയമമാണെന്ന് പ്രമുഖ നടിമാര്‍ ഉള്‍പ്പെടെ അമ്പതിലേറെപ്പേര്‍  നല്‍കിയ മൊഴി റിപ്പോര്‍ട്ടിലുണ്ട്. സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും യുവ നടന്മാര്‍ ഇതിന്റെ പിടിയിലാണെന്നും അടിമുടി ആണ്‍കോയ്മയാണെന്നും അടിവരയിടുന്നു. ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിക്കുമ്പോള്‍, സ്ത്രീയെ കുറഞ്ഞമൂല്യമുള്ളയാളായി കണക്കാക്കുന്നുവെന്ന് 281-ാം പേജിലുണ്ട്. വഴിവിട്ട കാര്യങ്ങള്‍ക്കായി സംവിധായകരും നിര്‍മ്മാതാക്കളുമാണ് സ്ത്രീകളെ നിര്‍ബന്ധിക്കുന്നത്. വഴങ്ങാത്തവര്‍ക്ക് അവസരം കുറയുമെന്നും മൊഴികളുണ്ട്. 

കരാറിലില്ലാത്ത രീതിയില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുമെന്നും ഒറ്റയ്ക്ക് ഹോട്ടല്‍ മുറികളില്‍ താമസിക്കാന്‍ ഭയമാണെന്നും മൊഴി നല്‍കിയവരുണ്ട്. ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്, വനിതകള്‍ക്ക് സുരക്ഷിതമായ താമസമടക്കമുള്ള സൗകര്യങ്ങള്‍ നിര്‍മ്മാതാവ് നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഹേമ കമ്മിറ്റി നല്‍കിയിട്ടുണ്ട്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണമെന്നും പറയുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന ദുരിതവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അവരോട് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മലയാള സിനിമയില്‍ ജോലിചെയ്യുന്നുണ്ടെങ്കിലും നടീനടന്മാരുടെ സംഘടന ഇവരെ അഭിനേതാക്കളായി പരിഗണിക്കാറില്ല. ടെക്‌നീഷ്യന്മാരായി പരിഗണിക്കാത്തതിനാല്‍ ഫെഫ്കയിലും അംഗത്വമില്ല. കമ്മിറ്റിക്ക് പോലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെ നേരിട്ടുകാണുന്നതിന് ബുദ്ധിമുട്ട് നേരിട്ടതായും അടിമകളെക്കാന്‍ മോശമായ രീതിയിലാണ് മലയാള സിനിമ അവരെ പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇവര്‍ക്ക് നല്ല ഭക്ഷണം, ശമ്പളം എന്നിവ നല്‍കാറില്ല. ഇടനിലക്കാര്‍ കമ്മിഷന്‍ കൈപ്പറ്റും. രാവിലെ മുതല്‍ പുലര്‍ച്ചെ വരെ അഭിനയിക്കേണ്ടിവരും. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാക്ടാ ഫെഡറേഷന്‍ തയ്യാറായതാണ്. എന്നാല്‍ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഫെഡറേഷനെ പൊളിച്ചാണ് ഫെഫ്ക രൂപീകരിച്ചത്. സിനിമാ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് കമ്മിഷന്‍ മുന്നോട്ട് വെച്ച് നടപടികളും നിര്‍ദ്ദേശങ്ങളും സർക്കാർ നടപ്പാക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia