ഒന്നരക്കോടിയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍

 


തൊടുപുഴ: (www.kvartha.com 28.10.2014) ഒന്നരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവും യുവതിയും കട്ടപ്പന പോലീസിന്റെ പിടിയിലായി. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഒരുകിലോ ഹാഷിഷും 16.5 കിലോ ഉണക്ക കഞ്ചാവും, കഞ്ചാവ് വാറ്റാനുപയോഗിച്ച രാസവസ്തു, സ്റ്റൗ, പാത്രം എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

ബാലഗ്രാം കിഴക്കേമുറിയില്‍ ശ്രീജിത്ത് (36), കിളിമാനൂര്‍ വെള്ളല്ലൂര്‍ രജീഷ്ഭവനില്‍ രജനി (36) എന്നിവരാണ് പിടിയിലായത്. അയ്യപ്പന്‍കോവില്‍ മറ്റപ്പള്ളില്‍ വാടകവീട്ടില്‍ ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ താമസിച്ച് ഹാഷിഷ് നിര്‍മിച്ചു വില്‍പന നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. കട്ടപ്പനയില്‍ മയക്കുമരുന്നു ലോബിയുമായി ബന്ധമുള്ള കൗസല്യ ടോമി, കാഞ്ചിയാര്‍ സ്വദേശി റൊമാരിയോ എന്നിവരും കൂടെയുണ്ടായിരുന്ന മറ്റൊരാളുമാണ് ഓടിരക്ഷപെട്ടത്.

കൗസല്യ ടോമി ശ്രീജിത്ത് താമസിക്കുന്ന വീട്ടില്‍ വന്നുപോകുന്ന വിവരം അറിഞ്ഞതനുസരിച്ച് കഴിഞ്ഞരാത്രി 10.30-ഓടെ പോലീസെത്തി വീട്ടില്‍ പരിശോധന നടത്തുമ്പോഴാണ് കഞ്ചാവും ഹാഷിഷും മറ്റു നിര്‍മാണസാമഗ്രികളും പിടിച്ചെടുത്തത്. പോലീസ് എത്തിയതറിഞ്ഞ് ഇവരുടെ വീട്ടിലുണ്ടായിരുന്ന കൗസല്യയും റൊമാരിയോയും മറ്റൊരാളും സഞ്ചിയില്‍ സാധനങ്ങളുമായി മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ആറുമാസമായി ഇവര്‍ ഇവിടെ താമസിച്ചുവരികയാണ്. ടോമിയും മറ്റുമാണ് കഞ്ചാവ് എത്തിച്ച് ഓയില്‍ ഉണ്ടാക്കുന്നതെന്നും പിടിയിലായവര്‍ വിപണനക്കാരാണെന്നും പറയുന്നുണ്ട്.

കട്ടപ്പന മേഖലയിലെ നിരവധി യുവാക്കള്‍ ഈ ശൃംഖലയില്‍ അംഗങ്ങളാണെന്ന സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. രാത്രിയിലാണ് വീട്ടില്‍ ആളനക്കമുള്ളതെന്നും നിരവധിപേര്‍ ഇവിടെ വന്നുപോകുന്നതില്‍ സംശയമുണ്ടായിരുന്നെന്നും അയല്‍വാസികളും പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്. നാട്ടുകാര്‍ വീടുവളഞ്ഞ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നെന്നും ഇതിനിടയിലാണ് മൂന്നുപേര്‍ രക്ഷപെട്ടതെന്നും പറയുന്നു.

മയക്കുമരുന്നു നിര്‍മാണവുമായി ബന്ധപ്പെട്ട് വന്‍തോക്കുകള്‍ ഉണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

ജില്ലാപോലീസ് മേധാവി അലക്‌സ് എം. വര്‍ക്കിയുടെ നിര്‍ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി കെ.പി. ജഗദീഷിന്റെ മേല്‍നോട്ടത്തില്‍ സിഐ റെജി എം. കുന്നിപ്പറമ്പില്‍, എസ് ഐ ടി.ഡി. സുനില്‍കുമാര്‍, എഎസ്‌ഐ തോമസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനോയി ഏബ്രഹാം, ഏബ്രഹാം, മജീദ്, പി.കെ. ജയ്‌സ്, ആശ എന്നിവരടങ്ങിയ സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

ഒന്നരക്കോടിയുടെ മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയില്‍

Keywords : Accused, Arrest, Police, Investigates, Kerala, Ganja, Sreejith, Rajani. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia