കര്‍ഷകരില്‍ നിന്നും നാലര കോടി തട്ടിയ മലഞ്ചരക്ക് വ്യാപാരി അറസ്റ്റില്‍

 


ഇടുക്കി: (www.kvartha.com 26.07.2015) മലഞ്ചരക്ക് വ്യാപാരത്തിന്റെ മറവില്‍ കോടികള്‍ തട്ടിപ്പ് നടത്തിയയാളെ ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക ചിക്കപ്പത്തൂര്‍ ബൈത്തുര്‍ ഹഡ് വീട്ടില്‍ കെ.എം. ഇല്ല്യാസിനെ (34) ആണ് പിടികൂടിയത്.

ഇടുക്കി തോപ്രാംകുടിയില്‍ രണ്ട് വര്‍ഷത്തോളമായി മലഞ്ചരക്ക് കട നടത്തിയ ഇയാള്‍ ഒരു കോടിയോളം രൂപ കര്‍ഷകരില്‍ നിന്നും തട്ടിയെടുത്ത് രണ്ട് മാസം മുമ്പ് മുങ്ങുകയായിരുന്നു. പ്രദേശത്തെ കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കര്‍ണ്ണാടകയില്‍ ഉള്‍പ്പെടെ സമാന കേസുകളിലായി പന്ത്രണ്ടോളം വാറണ്ടുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കര്‍ണാടകയില്‍ തന്നെ 3.5 കോടി രൂപ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

കാര്‍ഷിക മേഖലകള്‍ കണ്ടെത്തി അവിടെ മലഞ്ചരക്ക് കട തുടങ്ങുന്ന ഇയാള്‍ മറ്റ് കച്ചവടക്കാര്‍ നല്‍കുന്നതിലും കൂടിയ വില കര്‍ഷകര്‍ക്ക് നല്‍കിയാണ് വിശ്വാസം നേടിയെടുക്കുന്നത്. കുരുമുളക്, ഏലം, കാപ്പി, ഗ്രാമ്പൂ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് കിലോയ്ക്ക് അഞ്ചു രൂപ മുതല്‍ 50 രൂപ വരെ വില കൂട്ടി ഇയാള്‍ നല്‍കുമായിരുന്നു. 10 ദിവസത്തെ അവധിക്കും കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങുകയും, അവധിയ്ക്ക് മുമ്പ് പണം നല്‍കുകയും ചെയ്ത് വിശ്വാസം ഊട്ടിയുറപ്പിക്കും. പലര്‍ക്കും പണത്തിന് പകരം ചെക്കുകളും നല്‍കി. ആദ്യഘട്ടത്തില്‍ ചെക്കുകള്‍ കൃത്യമായും പണമാക്കാനും കഴിഞ്ഞിരുന്നു. പിന്നീട് വിദേശത്തേക്ക് കൂടുതല്‍ ചരക്കുകള്‍ ആവശ്യമാണെന്ന് പറഞ്ഞ് കര്‍ഷകരില്‍ നിന്നും ഓര്‍ഡര്‍ നല്‍കി ലോഡുകണക്കിന് സാധനങ്ങള്‍ വാങ്ങി. ഇതിനൊക്കെയും അവധി ചെക്ക് നല്‍കി. ഒരു ദിവസം ഒരു കോടിയോളം രൂപയുടെ ചരക്കുമായി പോയ ഇയാള്‍ പിന്നീട് തിരികെ വന്നില്ല.

ചരക്കുമായി പോയ ഇയാള്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങി വരാതായതോടെയാണ് കര്‍ഷകര്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് നീലഗിരി ജില്ലയില്‍ കൊളപ്പുള്ളി എസ്‌റ്റേറ്റിനു സമീപം ഒന്നര മാസമായി മലഞ്ചരക്ക് കട നടത്തി സമാന തട്ടിപ്പ് നടത്തുകയായിരുന്ന ഇയാളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈ .എസ്.പി എ.ഇ. കുര്യന്‍, എസ്.ഐമാരായ കെ.ജി. തങ്കച്ചന്‍, ബാബു എസ്. തോമസ്, എ.എസ്.ഐ എന്‍.കെ.രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേരള പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് കര്‍ണാടക പോലീസ് നാളെ ഇടുക്കിയിലെത്തും.
കര്‍ഷകരില്‍ നിന്നും നാലര കോടി തട്ടിയ മലഞ്ചരക്ക് വ്യാപാരി അറസ്റ്റില്‍

Keywords:  Kerala, Idukki, Arrest, Police, Farmers, Man arrested for cheating farmers.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia