Crime | ഇരിട്ടിയിലെ വസ്ത്രാലയത്തില്‍ നിന്നും രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി റിമാന്‍ഡില്‍
● കൊയിലാണ്ടിയിലും മോഷണ ശ്രമം
● ഇരിട്ടി പൊലീസാണ് പിടികൂടിയത്.
● സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
കണ്ണൂര്‍: (KVARTHA) ഇരിട്ടിയിലെ പരാഗ് ടെക്സ്റ്റയില്‍സില്‍ മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ കുന്നുകല്‍ ഗ്രാമ പഞ്ചായത് പരിധിയിലെ ദാസനാണ് (Dasan-61) ഇരിട്ടി പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് കൊയിലാണ്ടിയില്‍ മോഷണ ശ്രമം നടത്തുന്നതിനിടെ അവിടെ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.
കഴിഞ്ഞ മാസം 17 നാണ് ഇരിട്ടി വണ്‍വേ റോഡിലുള്ള പരാഗ് ടെക്സ്റ്റയില്‍സിന്റെ പുറകുവശത്തെ എക്സോസ്റ്റ് ഫാന്‍ ഇളക്കി മാറ്റി അകത്ത് കടന്ന് ബാഗില്‍ സൂക്ഷിച്ച രണ്ടര ലക്ഷം രൂപ കവര്‍ന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
മോഷ്ടാവിനെ തിരിച്ചറിയാന്‍ സാധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. നേരത്തേയും ഇയാള്‍ ഇരിട്ടിയില്‍ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.
ഇരിട്ടി ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ എസ് ഐ ശറഫുദ്ദീന്‍, സിപിഒമാരായ പ്രബീഷ്, ഷിജോയ്, സുകേഷ്, ബിജു, ജയദേവന്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
#theft #Kerala #arrest #police #crime #Iritty