Court Verdict | അധ്യാപികയായ ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചും ഷാളുകൊണ്ട് കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്ന കേസില്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ ആയ പ്രതി കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും

 


കൊല്ലം: (KVARTHA) അധ്യാപികയായ ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചും ഷാളുകൊണ്ട് കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി. ശാസ്താംകോട്ട രാജഗിരി അനിതാഭവനില്‍ ആഷ്‌ലി സോളമനെ(50)യാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 

കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ബിന്ദു സുധാകരന്‍ ആണ് വിധി പ്രസ്താവിച്ചത്. തിങ്കളാഴ്ച ശിക്ഷ വിധിക്കും. പ്രതി ആരോഗ്യവകുപ്പില്‍ ഹെല്‍ത് ഇന്‍സ്പെക്ടറും കേസിനെത്തുടര്‍ന്നു സസ്പെന്‍ഷനില്‍ കഴിഞ്ഞുവരുന്നയാളുമാണ്.

Court Verdict | അധ്യാപികയായ ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചും ഷാളുകൊണ്ട് കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്ന കേസില്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ ആയ പ്രതി കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും


2018 ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയും സര്‍കാര്‍ സ്‌കൂള്‍ അധ്യാപികയുമായ അനിതാ സ്റ്റീഫനാണ് കൊല്ലപ്പെട്ടത്. അനിതയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച പ്രതി ഭാര്യയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇതിനെതിരെ അനിതയുടെ പുരുഷസുഹൃത്ത് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ബോധിപ്പിക്കുകയും ചെയ്തിരുന്നു. സംഭവദിവസം ഹൈകോടതി അനിതയെ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു.

അന്ന് ഉച്ചയ്ക്ക് വീട്ടില്‍ മറ്റാരുമില്ലാതിരുന്നപ്പോള്‍ വീട്ടിലെ ഹാളില്‍വച്ച് പ്രതി ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയും മരണം ഉറപ്പാക്കാന്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

കൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ മൂന്നാംദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൃക്‌സാക്ഷികള്‍ ആരുമില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

സംഭവദിവസം കുട്ടികള്‍ക്ക് സ്‌കൂളില്‍ ഭക്ഷണം നല്‍കാനായി പോയ അനിതയുടെ പിതാവ് സ്റ്റീഫന്‍ തിരിച്ചുവരുമ്പോള്‍ മകള്‍ രക്തത്തില്‍ക്കുളിച്ച് മരിച്ചുകിടക്കുന്നതാണ് കണ്ടത്.

ചിരവനാക്ക് തട്ടി പ്രതിയുടെ വലതുകൈക്ക് മുറിവേറ്റിരുന്നു. ചിരവയുടെ നാക്കിലും കൃത്യത്തിന് ഉപയോഗിച്ച ഷാളിലും പ്രതിയുടെയും കൊല്ലപ്പെട്ട അനിതയുടെയും രക്തം കണ്ടെത്താനായതാണ് ശക്തമായ തെളിവായത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 22 സാക്ഷികളെ വിസ്തരിച്ചു. 37 രേഖകളും ചിരവയും ഷാളുമടക്കം എട്ട് തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു.

ശാസ്താംകോട്ട പൊലീസ് ഇന്‍സ്പെക്ടറായിരുന്ന വിഎസ് പ്രശാന്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂടര്‍ എകെ മനോജ് ഹാജരായി.

Keywords:  Man Found Guilty of Woman Murder Case, Kollam, News, Crime, Criminal Case, Court Verdict, Guilty, Health Inspector, Teacher, Murder Case, Kerala. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia