Arrested | മട്ടന്നൂരില്‍ മധ്യവയസ്‌ക്കനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ സഹോദര പുത്രന്‍ റിമാന്‍ഡില്‍

 


മട്ടന്നൂര്‍: (KVARTHA) മട്ടന്നൂര്‍ നഗരസഭയിലെ കൈതേരിയില്‍ മധ്യവയസ്‌കനെ ജ്യേഷ്ടന്റെ മകന്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. കൊതേരി വണ്ണാത്തിക്കുന്നിലെ കുന്നുമ്മല്‍ വീട്ടില്‍ ഗിരീശനാ (54) കൊല്ലപ്പെട്ടത്. ഗിരീശന്റെ സഹോദര പുത്രന്‍ ഷിഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

Arrested | മട്ടന്നൂരില്‍ മധ്യവയസ്‌ക്കനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ സഹോദര പുത്രന്‍ റിമാന്‍ഡില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ബുളളറ്റിലെത്തിയ യുവാവ് വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ഗിരീശനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചുള്ള വെട്ടേറ്റ് ഗിരിശന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്. ബഹളം കേട്ടെത്തിയ പ്രദേശവാസികള്‍ ചോരയൊലിപ്പിച്ചു കിടന്ന ഗിരീശനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ഗിരീശന്റെ പ്രായമായ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.

മദ്യ ലഹരിയില്‍ ഇരുവരും തമ്മില്‍ നടത്തിയ വാക് തര്‍ക്കത്തെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആക്രമണത്തിന് മുന്‍പേ ഇരുവരും മട്ടന്നൂര്‍ ടൗണില്‍ നിന്നും മദ്യലഹരിയില്‍ വാക് തര്‍ക്കമുണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൊലപാതകവിവരമറിഞ്ഞ് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത്ത് കുമാര്‍, കൂത്തുപറമ്പ് എ സി പി വിനോദ്, മട്ടന്നൂര്‍ സി ഐ കെ വി പ്രമോദ്, എസ് ഐ ആര്‍ എന്‍ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിക്കായി വ്യാപകമായ തിരച്ചില്‍ നടത്തുന്നതിനിടെ ചൊവ്വാഴ്ച പുലര്‍ചെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പരേതനായ ശ്രീധരന്റെയും രാധയുടെയും മകനാണ് മരിച്ച ഗിരീശന്‍. സഹോദരങ്ങള്‍: രമണി, രാജേഷ് പരേതനായ സതീശന്‍.

Keywords:  Youth Arrested in Murder Case, Kannur, News, Crime, Criminal Case, Police, Remanded, Murder Case, Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia