Revolutionary | മന്നത്ത് പത്മനാഭൻ വിട വാങ്ങിയിട്ട് 55 വർഷം; നവോത്ഥാനത്തിന്റെ വഴി വെട്ടിയ സാമുദായികാചാര്യൻ

 
Manath Padmanabhan, Kerala social reformer, Vykom Satyagraha
Manath Padmanabhan, Kerala social reformer, Vykom Satyagraha

Photo Credit: facebook/ Mannathu Padmanabhan

● മന്നത്ത് പത്മനാഭൻ 1878 ജനുവരി 2-ന് ജനിച്ചു.
● നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനാണ്.
● വൈക്കം സത്യാഗ്രഹത്തിൽ അദ്ദേഹം പങ്കെടുത്തു.
● 1970 ഫെബ്രുവരി 25-ന് അദ്ദേഹം അന്തരിച്ചു.

നവോദിത്ത് ബാബു


(KVARTHA) നവോത്ഥാനത്തിന്റെ വഴി വെട്ടിയ സാമുദായികാചാര്യൻ കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാന പോരാട്ടങ്ങളിലെ ഉജ്ജ്വല പോരാളിയും നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനുമായ  മന്നത്ത്‌ പത്മനാഭൻ ഈ ലോകത്ത് നിന്ന് വിട വാങ്ങിയിട്ട് ഫെബ്രുവരി 25ന് 55 വർഷം. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ പെരുന്ന എന്ന ഗ്രാമത്തിൽ 1878 ജനുവരി മാസം രണ്ടാം തീയതി ഇദ്ദേഹത്തിന്റെ ജനനം. 

നിരവധി വിദ്യാലയങ്ങളിൽ അധ്യാപകനായും പ്രഥമ അധ്യാപകനായും പ്രവർത്തിച്ചിരുന്നു. 1080-ൽ ചങ്ങനാശ്ശേരി മിഡിൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് പ്രധാന അധ്യാപകന്റെ തന്നെ കൊച്ചാക്കിയ ചില പ്രവർത്തനങ്ങളിൽ ഉണ്ടായ അമർഷം മൂലം മന്നത്ത് തന്റെ അദ്ധ്യാപന ജീവിതം രാജിവച്ചു. തുടർന്ന്  സ്വപ്രയത്നത്താൽ 1905 ൽ അഭിഭാഷകനായി. ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹം  അത്യധികം വിഘടിച്ചു നിന്നിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ച മന്നം  ജാതി വ്യവസ്ഥിതിയോടുള്ള തന്റെ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കാൻ മന്നത്ത് പത്മനാഭപിള്ള എന്ന തന്റെ പേരിലെ  പിള്ള എന്ന ഭാഗം ഒഴിവാക്കി മന്നത്ത് പത്മനാഭൻ എന്ന പേര് സ്വീകരിച്ച്  സാമൂഹ്യ നവോത്ഥാന പോരാട്ടവീഥിയിലേക്ക് ഇറങ്ങുകയായിരുന്നു. 

കേരളം ഇന്ത്യൻ സമൂഹത്തിന് നൽകിയ മഹാപുരുഷന്മാരിൽ അഗ്രഗണ്യനാണ് മന്നം. ചരിത്രത്തിന്റെ തങ്കത്താളുകളിൽ  അദ്ദേഹം നൽകിയ ഏറെ സംഭാവനകൾ എഴുതി വച്ചിട്ടുണ്ട്. സമൂഹത്തിന്റെ ശക്തി ദർബല്യങ്ങൾ ആഴത്തിൽ മനസ്സിലാക്കി മാറ്റം ഓരോ വ്യക്തിയിലും കുടുംബത്തിലും വേണം എന്ന രീതിയിൽ പ്രവർത്തിച്ചു. ശൂന്യതയിൽ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്താണ് മന്നം കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യ വിപ്ലവകാരികളിൽ ഒരാളായി മാറിയത്. ക്ഷേത്രപ്രവേശന വിളംബരത്തിന് വളരെ മുമ്പാണ് പെരുന്നയിൽ തന്റെ  നിയന്ത്രണത്തിലുള്ള മാരണത്ത് കാവ് ക്ഷേത്രം ഹിന്ദുക്കളിലെ സകല വിഭാഗം ജാതികൾക്കുമായി തുറന്നുകൊടുത്തത്.  

വിപ്ലവകരമായ ഈ സംഭവം വൈക്കം സത്യാഗ്രഹത്തിനും ഗുരുവായൂർ സത്യാഗ്രഹത്തിനും തുടക്കം കുറിച്ചു എന്ന് പറയാവുന്നതാണ്. ക്ഷേത്രത്തിന് സമീപത്ത് കൂടിയുള്ള പൊതുനിരത്തിൽ കൂടിയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയാണ്  വൈക്കം സത്യാഗ്രഹം തുടങ്ങിയതെങ്കിലും അതു മാത്രം പോരാ  ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്താനുള്ള സ്വാതന്ത്ര്യം  അവർണ്ണ വിഭാഗങ്ങൾക്ക് വേണം  എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് മന്നമാണ്. അയിത്താചരണത്തിനെതിരായും വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടിയും  മഹാത്മാഗാന്ധിയുടെ അനുഗ്രഹത്തോടെ കൂടി  ടി കെ മാധവന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരുന്ന വൈക്കം സത്യാഗ്രഹം അനിശ്ചിതത്വത്തിന്റെ ഒരു അവസ്ഥയിൽ എത്തിയപ്പോഴാണ് സമരത്തിന് ചൂട് പകർന്നു കൊണ്ടുള്ള  മന്നത്തിന്റെ നേതൃത്വത്തിലുള്ള  സവർണ്ണ ജാഥ പുറപ്പെട്ടത്. 

ജാതീയമായ അയിത്തം ഹൈന്ദവരുടെ അവകാശമാണെന്നും അത് സംരക്ഷിക്കണമെന്നും യാഥാസ്ഥിക സവർണ നേതാക്കൾ അധികാരികളോട് ആവശ്യപ്പെടുന്ന സമയത്താണ് ആയതിനെ വെല്ലുവിളിച്ച് സവർണ ഹിന്ദുക്കളുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി വൈക്കം മുതൽ തിരുവനന്തപുരം വരെ സവർണജാഥ നടത്തിയത്. ജാഥാ വഴി മുഴുവൻ സവർണ ജനങ്ങൾ ഐതിഹാസിക ജാഥയുടെ ഭാഗമായി. സവർണ ജാഥ  മന്നത്തിന്റെ നേതൃത്വത്തിൽ നടന്നതാണ് സത്യാഗ്രഹ സമരത്തെ മറ്റൊരു തലത്തിലേക്ക് മാറ്റാൻ കാരണമായത്. തുടർന്ന് ഗുരുവായൂർ സത്യാഗ്രഹത്തിനും ഈ ജാഥ പ്രചോദനമായി. മന്നവും കേരള ഗാന്ധി കേളപ്പനും ഗുരുവായൂരിൽ നിരാഹാര സമരം തുടങ്ങിയതും പി കൃഷ്ണപിള്ളയുടെയും എകെജിയുടെയും നേതൃത്വത്തിൽ സമരം കൊടുമ്പിരി കൊണ്ടതും ഇതിന്റെ ബാക്കി പത്രം ആയിരുന്നു.

കേരളത്തിലെ മാഗ്ന കർട്ട എന്ന് വിശേഷിപ്പിക്കുന്ന, ഈ നൂറ്റാണ്ടിലെ അത്ഭുതമെന്ന മഹാത്മാഗാന്ധി വിശേഷിപ്പിച്ച 1936 ലെ ക്ഷേത്രപ്രവേശന വിളംബരം. മറ്റു ജാതി വിഭാഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്താതെ നായർ സമുദായ അംഗങ്ങളുടെ എല്ലാവിധത്തിലുള്ള പുരോഗതി ലക്ഷ്യമാക്കി 1914 ൽ നായർ ഭൃത്യജന സംഘം എന്ന പേരിൽ തുടങ്ങിയതും പിന്നീട് നായർ സർവീസ് സൊസൈറ്റി എന്നാക്കി മാറ്റിയതുമായ  പ്രസ്ഥാനത്തെ ജനറൽ സെക്രട്ടറി എന്ന നിലയിൽ 31 വർഷവും പ്രസിഡന്റ് എന്ന നിലയിൽ മൂന്നുവർഷവും മന്നം നയിച്ചു. തുടർന്ന് സംഘടനാ ബന്ധം ഉപേക്ഷിച്ച്  കേരള സ്റ്റേറ്റ് കോൺഗ്രസ് അംഗമായി.

വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു അറസ്റ്റ് വരിക്കുകയുണ്ടായി. 1957ല്‍  ഇഎംഎസ് സർക്കാരിനെതിരെ  നടന്ന വിമോചന സമരം നേതാവ് എന്ന നിലയിൽ മന്നം  കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ നിതാന്ത വിമർശനത്തിനും ഇരയായി. പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്രസർക്കാർ സർക്കാരിനെ പിരിച്ചുവിട്ടു. സമുദായത്തിന്റെ  സർവ്വതോന്മുഖ പുരോഗതി ലക്ഷ്യമാക്കി മന്നത്ത്‌ പത്മനാഭന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളും സാമൂഹ്യ സേവനങ്ങളും നടത്തുകയുണ്ടായി. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച മന്നം 1970 ൽ തന്റെ 92-ാമത് വയസ്സിൽ ഈ ലോകത്തോട് വിടവാങ്ങി.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Manath Padmanabhan, a key figure in Kerala's social revolution, led various movements for caste equality and social reform. He was instrumental in the Vykom Satyagraha and Temple Entry Proclamation.


#ManathPadmanabhan #SocialReform #KeralaHistory #VykomSatyagraha #CasteEquality #TempleEntryNews Categories (separated with comma):

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia