ബജറ്റ് അവതരിപ്പിക്കാന്‍ മാണി സ്പീക്കറുടെയും സിപിഎമ്മിന്റെയും കാലു പിടിക്കുന്നു

 


തിരുവനന്തപുരം: (www.kvartha.com 30/01/2015) ധനകാര്യമന്ത്രി കെ.എം. മാണിയെ ബാര്‍ കോഴ വിവാദത്തില്‍ നിന്നു രക്ഷിക്കാന്‍ നിയമസഭാ സമ്മേളനം നീട്ടിവയ്ക്കാനുള്ള സാധ്യത കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് തേടിയെന്നു വിവരം. എന്നാല്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനോ നിയമസഭാ സെക്രട്ടേറിയറ്റോ ഇതിന് അനുകൂല നിലപാടെടുത്തിട്ടില്ല.

കോണ്‍ഗ്രസ് നേതൃത്വത്തെ, പ്രത്യേകിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഇക്കാര്യത്തില്‍ സമ്മര്‍ദത്തിലാക്കി സഭാ സമ്മേളനം കുറച്ചുകൂടി നീട്ടിവയ്പിക്കാനുള്ള ശ്രമത്തിലാണ് മാണി ഗ്രൂപ്പ്. ഇപ്പോഴത്തെ കൊടുങ്കാറ്റൊന്നു ശമിച്ചിട്ട് മാണിക്കുതന്നെ വിവാദങ്ങളില്ലാതെ ബജറ്റ് അവതരിപ്പിക്കാനാവുമെന്നാണ് അവരുടെ പ്രതീക്ഷ. മാണിതന്നെയാണ് ബജറ്റ് അവതരിപ്പിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും വന്‍ എതിര്‍പ്പ് മറികടക്കാന്‍ അദ്ദേഹം മാണിയെ കൈവിട്ടേക്കുമോ എന്ന ആശങ്ക കാരണമാണ് ബജറ്റ് സമ്മേളനംതന്നെ മാറ്റിവയ്പിക്കാനുള്ള ശ്രമത്തിനു പിന്നില്‍.

ഇതിനു സമാന്തരമായി സിപിഎം നേതൃത്വവുമായി പിന്നാമ്പുറ ചര്‍ച്ചകള്‍ നടത്താന്‍ മാണിയുടെ ചില ദൂതന്മാര്‍ ശ്രമിക്കുന്നതായുമുണ്ട് വിവരം. രണ്ടാണു ലക്ഷ്യം. സഭയ്ക്കു പുറത്തെ സമരം ശക്തമായി തുടര്‍ന്നാലും ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ അനുവദിക്കണം. സഭയ്ക്കു പുറത്തെ പ്രതിഷേധം മാണിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന വിധത്തിലാകരുത്. ഒരു ഘട്ടത്തില്‍ മാണിയെക്കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ തുനിഞ്ഞ സിപിഎം ഇപ്പോള്‍ ഏതുവിധമുള്ള നിലപാടാണ് സ്വീകരിക്കുക എന്ന് കണ്ടറിയേണ്ടിവരും.

അടുത്ത മാസം 27 വെള്ളിയാഴ്ചയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. അന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മാത്രവും തിങ്കളാഴ്ച ബജറ്റ് അവതരണവുമാണ് സാധാരണ നടപടിക്രമം. അതനുസരിച്ച് കാര്യങ്ങള്‍ സഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിത്തുടങ്ങുകയും ചെയ്തു. രാഷ്ട്രീയ വിവാദങ്ങള്‍ പരിഗണിക്കാതെ സഭാ സെക്രട്ടേറിയറ്റ് അതിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതിന് മാണി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ഇടപെടല്‍ തടസമാകുമോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

ഔദ്യോഗികമായി ബജറ്റ് സമ്മേളന തീയതി മന്ത്രിസഭാ യോഗം തീരുമാനിക്കാനിരിക്കുന്നതേയുള്ളു. മന്ത്രിസഭ തീരുമാനിച്ച് ഗവര്‍ണറെ അറിയിച്ച് ഗവര്‍ണറുടെ അനുമതിയോടെ വിജ്ഞാപനം പുറപ്പെടുവിക്കണം. അതൊരു സാധാരണ നടപടിക്രമം മാത്രമാണെങ്കിലും ഇത്തവണ തീയതി തീരുമാനം അംഗീകരിക്കും മുമ്പ് ഗവര്‍ണര്‍ണര്‍ ഏതുവിധം പ്രതികരിക്കുമെന്ന ആശങ്ക സര്‍ക്കാരിനു മൊത്തത്തിലുമുണ്ട്. കളങ്കിതനായ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്ന സമ്മേളനത്തില്‍ നയപ്രഖ്യാപനം നടത്താന്‍ ഗവര്‍ണര്‍ തയ്യാറല്ലെന്ന സൂചന നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഇതുകൂടി പരിഗണിച്ചാണ് മാണി ഗ്രൂപ്പ് ബജറ്റ് സമ്മേളനം നീട്ടുക എന്ന അസാധാരണ കാര്യത്തിനു ശ്രമിക്കുന്നത്.

ബജറ്റ് അവതരിപ്പിക്കാന്‍ മാണി സ്പീക്കറുടെയും സിപിഎമ്മിന്റെയും കാലു പിടിക്കുന്നു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : K.M. Mani, Kerala, CPM, Budget, Speaker, Mani trying to postponed budget session.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia