Manu Thomas | ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം, അത് നട്ടെല്ല് നിവര്‍ത്തിനിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം; പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മനുതോമസ്
കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാന്‍ അധികം സമയം വേണ്ട എന്ന ഭീഷണിയില്‍ നിന്നും, അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് പറയേണ്ട ബാധ്യത സിപിഎമിന്റെ നേതൃത്വത്തിന്
കൊലവിളി നടത്തിയ സംഘത്തലവന്‍മാരോട്, നിങ്ങള്‍ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ... അത് ആര്‍ക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട്
കണ്ണൂര്‍: (KVARTHA) സിപിഎം നേതാവ് പി ജയരാജനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ ജില്ലാ കമ്മറ്റി അംഗം മനു തോമസ് രംഗത്ത്. ഫേസ് ബുക് പോസ്റ്റിലൂടെയാണ് ഇത്തവണയും ആരോപണം കടുപ്പിച്ചിരിക്കുന്നത്. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളി ഭീഷണിയുമായി വന്നത് ക്വടേഷന്‍-സ്വര്‍ണം-പൊളിറ്റികല്‍ മാഫിയ സംഘത്തിന്റെ തലവന്‍മാര്‍ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ലെന്നായിരുന്നു മനു തോമസിന്റെ പോസ്റ്റ്.
ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അത് നട്ടെല്ല് നിവര്‍ത്തിനിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം. ഒറ്റക്കായാലും സംഘടനയില്‍ നിന്ന് ആയാലും ആരാന്റെ കണ്ണീരും സ്വപ്നവും തകര്‍ത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വടേഷന്‍ മാഫിയ സ്വര്‍ണപ്പണത്തിന്റെ തിളക്കത്തിലോ ഡിവൈന്‍ കമ്യൂണിസ്റ്റ് ഫാന്‍സ് പരിവേഷത്തിലോ അഭിരമിക്കുന്നവര്‍ക്ക് അത് അറിയണമെന്നില്ല, എന്നും മനുതോമസ് കുറിച്ചു.
ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
പി ജയരാജനെ അദ്ദേഹത്തിന്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ എഫ് ബി പോസ്റ്റിനെ ആധാരമാക്കി ഒരു സംവാദത്തിന് ക്ഷണിച്ചപ്പോള്‍ കൊലവിളി ഭീഷണിയുമായി വന്നത് ക്വട്ടേഷന്‍-സ്വര്‍ണം-പൊളിറ്റിക്കല്‍ മാഫിയ സംഘത്തിന്റെ തലവന്‍മാര്‍ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ല. കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാന്‍ അധികം സമയം വേണ്ട എന്ന ഭീഷണിയില്‍ നിന്നും, അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് പറയേണ്ട ബാധ്യത സിപിഎമ്മിന്റെ നേതൃത്വത്തിനാണ്. അതവര്‍ പറയട്ടെ.
കൊലവിളി നടത്തിയ സംഘത്തലവന്‍മാരോട്, നിങ്ങള്‍ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ... അത് ആര്‍ക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട്. കൂടുതല്‍ പറയിപ്പിക്കരുത്. ഒഞ്ചിയവും എടയന്നൂരും ഉള്‍പ്പെടെ നടന്നത് വിപ്ലവമായിരുന്നില്ല വൈകൃതമായിരുന്നു. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അത് നട്ടെല്ല് നിവര്‍ത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം.
ഒറ്റയ്ക്ക് ആയാലും സംഘടനയില്‍ നിന്ന് ആയാലും ആരാന്റെ കണ്ണീരും സ്വപ്നവും തകര്‍ത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷന്‍ മാഫിയ സ്വര്‍ണപ്പണത്തിന്റെ തിളക്കത്തിലോ ഡിവൈന്‍ കമ്മ്യൂണിസ്റ്റ് ഫാന്‍സ് പരിവേഷത്തിലോ അഭിരമിക്കുന്നവര്‍ക്ക് അത് അറിയണമെന്നില്ല. കൊല്ലാനാവും... പക്ഷെ നാളെയുടെ നാവുകള്‍ നിശബ്ദമായിരിക്കില്ല... അതുകൊണ്ട് തെല്ലും ഭയവുമില്ല... വ്യാജ സൈന്യങ്ങളെ....
തന്നെ വിമര്‍ശിച്ച് പി ജയരാജന്‍ ഫേസ് ബുക്കിലിട്ട പോസ്റ്റിന് മറുകുറിപ്പും ഗുരുതര ആരോപണങ്ങളുമായി നേരത്തേയും മനു തോമസ് രംഗത്ത് വന്നിരുന്നു. മനു തോമസുമായുള്ള ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത് പി ജയരാജനായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മനുവിനെതിരെ കടുത്ത വിമര്‍ശനവുമായി പി ജയരാജനാണ് ആദ്യം എത്തിയത്.
മനു തോമസ് കഴിഞ്ഞ 15 മാസമായിട്ട് യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരിക്കുന്നയാളാണെന്നും നിര്‍ണായക ലോക് സഭാ തിരഞ്ഞെടുപ്പില്‍ പോലും പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും ഉള്‍പെടെ ജയരാജന്‍ ഫേസ് ബുകില്‍ കുറിച്ചു. പാര്‍ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂര്‍വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് അരുനില്‍ക്കാന്‍ പാര്‍ടിയെ കിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.