Police Protection | പി ജയരാജനും മകനുമെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മനു തോമസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി
ഉത്തരവ് കണ്ണൂര്‍ റൂറല്‍ പൊലീസ് കമിഷണര്‍ ഹേമലതയുടേത്
വിവിധ കോണുകളില്‍ നിന്നും വധഭീഷണി മുഴങ്ങുന്നുണ്ട്
തളിപ്പറമ്പ്: (KVARTHA) സിപിഎം സംസ്ഥാന കമിറ്റി അംഗം പി ജയരാജനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്ന മുന്‍ ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ കമിറ്റി അംഗവുമായ മനു തോമസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കണ്ണൂര്‍ റൂറല്‍ പൊലീസ് കമിഷണര്‍ ഹേമലത ഉത്തരവിട്ടു.
ഇതുപ്രകാരം ആലക്കോട് പൊലീസാണ് മനു തോമസിനും അദ്ദേഹം താമസിക്കുന്ന വീടിനും സംരക്ഷണം നല്‍കുക. സിപിഎം സൈബര്‍ ക്വടേഷന്‍ സംഘങ്ങളില്‍ നിന്നും മനു തോമസിന് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി മനു തോമസിന്റെ ചിത്രമടക്കം പോസ്റ്റ് ചെയ്ത് സംഘടനയെ വിമര്‍ശിച്ചാല്‍ വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിനുശേഷം സ്വര്‍ണകടത്ത് ക്വടേഷന്‍ സംഘത്തിലെ പ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയും പി ജയരാജനെ അനുകൂലിക്കുന്ന റെഡ് ആര്‍മിയും ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള കൊലവിളിയില്‍ ഭയമില്ലെന്നും ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണമെന്നും മനു തോമസ് പ്രതികരിച്ചിരുന്നു.
സത്യം തുറന്ന് പറയുന്നതില്‍ തന്നെയാര്‍ക്കും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നാണ് മനു തോമസിന്റ നിലപാട്. കണ്ണൂരിലെ സ്വര്‍ണക്കടത്ത് -ക്വടേഷന്‍ സംഘത്തിന് സംരക്ഷണം നല്‍കുന്നത് പി ജയരാജനും ഇവരുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നത് ജയരാജന്റെ മകന്‍ ജയിന്‍ രാജാണെന്നും മനു തോമസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനെ നിയന്ത്രിക്കുന്നത് ജയിന്‍ രാജാണെന്ന ഗുരുതരമായ ആരോപണമാണ് മനു തോമസ് ഉന്നയിച്ചിരിക്കുന്നത്. റെഡ് ആര്‍മി, പിജെ ആര്‍മി തുടങ്ങിയ സൈബര്‍ ക്വടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതും പി ജയരാജന്റെ മകനാണെന്നും വിപുലമായ ബിസിനസ് ജയിന്‍ രാജിനുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് താനെന്നും മനു തോമസ് പറഞ്ഞിരുന്നു. ഇതോടെയാണ് വിവിധ കോണുകളില്‍ നിന്നും മനു തോമസിനെതിരെ വധഭീഷണി മുഴങ്ങുന്നത്.