Martin George | കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ വയോധികന്‍ മരിച്ചതിന് ഉത്തരവാദി സിപിഎം എന്ന് മാര്‍ടിന്‍ ജോര്‍ജ്
സിപിഎമിലെ അറിയപ്പെടുന്ന ക്രിമിനലുകളുടെ വിഹാര കേന്ദ്രമാണ് ഇവിടമെന്നും ആരോപണം
'മറ്റുള്ളവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലാത്ത പ്രദേശമാണ് സിപിഎം അക്രമികളുടെ ഈ താവളം'
കണ്ണൂര്‍: (KVARTHA)) ബോംബ് സ്ഫോടനത്തില്‍ വയോധികന്‍ മരിച്ചതിന് ഉത്തരവാദി സിപിഎം എന്ന് മാര്‍ടിന്‍ ജോര്‍ജ്. കതിരൂര്‍ പഞ്ചായതിലെ പഞ്ചായത് ഓഫീസും സിപിഎം ഓഫീസും സ്ഥിതി ചെയ്യുന്ന കൊടക്കളത്ത് ബോംബ് സ്ഫോടനത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആള്‍താമസമില്ലാത്ത പരേതനായ കോണ്‍ഗ്രസ് മോഹനനെന്ന ആളുടെ വീട്ടില്‍ തേങ്ങയെടുക്കാനായി പോയ വേലായുധനെന്ന (86) വയോധികന്‍ ആ പറമ്പില്‍ സൂക്ഷിച്ചിരുന്ന ബോംബ് അറിയാതെ എടുക്കുകയും അത് പൊട്ടിത്തെറിച്ച് കൊല്ലപ്പെടുകയുമാണ് ചെയ്തത്.
സിപിഎമിന്റെ ശക്തി കേന്ദ്രമാണ് ഈ പ്രദേശം. നിരവധി ക്രിമിനലുകളുടെ വിഹാര കേന്ദ്രമാണ്. രാത്രി കാലങ്ങളില്‍ പലപ്പോഴും അതുവഴി പോകുന്ന ആളുകള്‍ക്ക് പോലും ഭയത്തോടുകൂടി പോകേണ്ട അവസ്ഥയാണ്. സിപിഎമിലെ അറിയപ്പെടുന്ന ക്രിമിനലുകളുടെ വിഹാര കേന്ദ്രമാണ് ഇവിടമെന്നും മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു.
കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് മൂടാട് എന്ന സ്ഥലത്ത് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ചു പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരെ ഈ അക്രമി സംഘം വെട്ടി പരുക്കേല്‍പിച്ചിട്ടുണ്ട്. നായനാര്‍ റോഡിലെ തലശ്ശേരി എന്‍ജിനീയറിംഗ് കോളജിലെ കുട്ടികളടക്കം പലപ്പോഴും ഈ വഴി പോകുമ്പോള്‍ അവരുടെ വാഹനം തടഞ്ഞു നിര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യമുണ്ട്. മറ്റുള്ളവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലാത്ത പ്രദേശമാണ് സിപിഎം അക്രമികളുടെ ഈ താവളം. അവിടെ ബോംബ് നിര്‍മിച്ച് സൂക്ഷിച്ച സ്ഥലത്താണ് വയോധികന്‍ തേങ്ങ ശേഖരിക്കാന്‍ പോയത്. ഈ മരണത്തിന് സിപിഎം ആണ് ഉത്തരവാദിയെന്ന് മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് തിരഞ്ഞെടുപ്പ് സമയത്ത് പാനൂരിനടുത്ത് ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവം നമ്മുടെ നാട് മുഴുവന്‍ ചര്‍ച ചെയ്തതാണ്. എന്നിട്ടുപോലും സിപിഎം ഈ ബോബു രാഷ്ട്രീയത്തില്‍ നിന്നും പിന്തിരിഞ്ഞിട്ടില്ല. സിപിഎം വലിയൊരു അക്രമത്തിന് കോപ്പു കൂട്ടുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു സിപിഎം സമാധാനം ആഗ്രഹിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വയോധികന്റെ മരണം. അതിന് ഉത്തരവാദിയായ സിപിഎം പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും മാര്‍ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.