FB Post | ഐസക് സാറേ..അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ, അതിനു മുമ്പേ വിധി പറയാന്‍ വെപ്രാളപ്പെടാതെ; മാസപ്പടി വിവാദത്തില്‍ മുന്‍മന്ത്രിയുടെ പരിഹാസത്തിനെതിരെ തുറന്നടിച്ച് മാത്യു കുഴല്‍നാടന്‍ എം എല്‍ എ

 


തിരുവനന്തപുരം: (www.kvartha.com) മാസപ്പടി വിവാദം അവസാനിച്ചെന്ന മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ടിഎം തോമസ് ഐസകിന്റെ പരിഹാസത്തിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയായിരുന്നു എം എല്‍ എയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയും എക്സാലോജിക് കംപനിയും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കു മറുപടിയുമായി നേരത്തെ തോമസ് ഐസക് ഫേസ് ബുക് പോസ്റ്റിട്ടിരുന്നു.

എക്സാലോജിക് കംപനിക്കു ലഭിച്ച തുക സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണെന്ന് മാത്യു കുഴല്‍നാടനും സമ്മതിച്ചിരിക്കുകയാണെന്നായിരുന്നു തോമസ് പോസ്റ്റിലൂടെ പറഞ്ഞത്. 'ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴല്‍നാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീര്‍ന്നു.

ഇനി വേണ്ടത് പൂര്‍ണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യണമെന്നതാണ്. അതു വകുപ്പ് പരിശോധിച്ച് വ്യക്തത വരുത്തും. അതിനു നടപടിക്രമങ്ങളുണ്ട്. പക്ഷേ, ഇതിലെന്ത് അഴിമതി? നികുതി അടച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയാനുള്ള മര്യാദ കുഴല്‍നാടന്‍ കാണിക്കണം. ഒരു വക്കീലും ഇങ്ങനെ കേസു വാദിച്ച് സ്വയം തോല്‍പ്പിച്ചിട്ടുണ്ടാവില്ല' എന്നും ഐസക് പറഞ്ഞിരുന്നു.

വിവാദ കരിമണല്‍ കംപനിയായ സിഎംആര്‍എലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതു കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ 81.48 ലക്ഷം രൂപ വേറെയും വീണ വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണു വീണയെ വേട്ടയാടുന്നത് എന്നായിരുന്നു ഇതിന് കെ ബാലന്‍ നല്‍കിയ മറുപടി. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം എല്‍ എ.

എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് വേണ്ടിയാണെന്ന് കരുതേണ്ടെന്ന് കുഴല്‍ നാടന്‍ പോസ്റ്റില്‍ പറയുന്നു. വീണ സിഎംആര്‍എലില്‍ നിന്നും വാങ്ങിയ തുക രണ്ട് കംപനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടാണെന്നും, സേവനം നല്‍കിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രടേറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് IGST കണക്കുകള്‍ പുറത്ത് കൊണ്ടുവരുന്നതെന്നും കുഴല്‍ നാടന്‍ വ്യക്തമാക്കി.

ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കില്‍ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുതെന്നും മറിച്ച് മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയ കൈക്കൂലി, അല്ലെങ്കില്‍ മാസപ്പടി, അതുമല്ലെങ്കില്‍ അഴിമതി പണം എന്നേ പറയാവൂ എന്നും കുഴല്‍ നാടന്‍ പറയുന്നു. ഈ കാര്യം ചോദിച്ചിട്ട് അങ്ങയുടെ സുഹൃത്ത് ബാലന്‍ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ലെന്നും മറുപടിക്ക് കാക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന തോമസ് ഐസകിന്റെ പ്രതികരണത്തോട് പ അങ്ങേയ്ക്ക് അകൗണ്ടന്‍സിയില്‍ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രടറി സി എന്‍ മോഹനന് ഉണ്ട് എന്ന് പറയുന്നതിലാണ് പ്രശ്‌നമായി തോന്നുന്നതെന്നും ഇനി അങ്ങ് ഇല്ലെങ്കില്‍ അകൗണ്ടന്‍സി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാന്‍ സ്വാഗതം ചെയ്യുമെന്നും കുഴല്‍ നാടന്‍ മറുപടി നല്‍കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് ( സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോള്‍ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത് ക്ഷമിക്കണം ) വേണ്ടിയാണ് എന്ന് കരുതണ്ട. വീണ CMRL ല്‍ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നല്‍കിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് IGST കണക്കുകള്‍ പുറത്ത് കൊണ്ടുവരുന്നത്.

ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കില്‍ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയ കൈക്കൂലി, അല്ലെങ്കില്‍ മാസപ്പടി, അതുമല്ലെങ്കില്‍ അഴിമതി പണം എന്നേ പറയാവൂ..

ഈ കാര്യം ഞാന്‍ ചോദിച്ചിട്ട് അങ്ങയുടെ സുഹൃത്ത് ബാലന്‍ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഞാന്‍ മറുപടിക്ക് കാക്കുന്നു..

FB Post | ഐസക് സാറേ..അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ, അതിനു മുമ്പേ വിധി പറയാന്‍ വെപ്രാളപ്പെടാതെ; മാസപ്പടി വിവാദത്തില്‍ മുന്‍മന്ത്രിയുടെ പരിഹാസത്തിനെതിരെ തുറന്നടിച്ച് മാത്യു കുഴല്‍നാടന്‍ എം എല്‍ എ

പിന്നെ അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടന്‍സിയില്‍ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്‌നം. ഇനി അങ്ങ് ഇല്ലെങ്കില്‍ അക്കൗണ്ടന്‍സി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാന്‍ സ്വാഗതം ചെയ്യും..

അപ്പോ വാദം ഇനിയും തുടരാം..

 

Keywords:  Mathew Kuzhalnadan FB post against Thomas Isaac, Thiruvananthapuram, News, Mathew Kuzhalnadan, FB Post, Thomas Isaac, Controversy, Politics, CPM, Congress Leader, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia