പട്ടാപ്പകല്‍ പാസഞ്ചര്‍ ട്രെയിനില്‍ മാതൃഭൂമി ഓഫീസിലെ ജീവനക്കാരനെ ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്നു

 


കണ്ണൂര്‍: (www.kvartha.com 22.01.2020) പാസഞ്ചര്‍ ട്രെയിനില്‍ പത്ര ജീവനക്കാരനായ യാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. മാതൃഭൂമി കണ്ണൂര്‍ ഓഫീസിലെ ജീവനക്കാരന്‍ കെ എം രാധാകൃഷ്ണനാണ് കോഴിക്കോട് - കണ്ണൂര്‍ പാസഞ്ചറില്‍ കൊള്ളയടിക്കപ്പെട്ടത്. തലശ്ശേരിക്കും ധര്‍മ്മടം സ്റ്റേഷനുമിടയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.25 നാണ് സംഭവം.

ജോലിക്ക് പോകുന്നതിനായി കൊയിലാണ്ടിയില്‍ നിന്ന് ട്രെയിനില്‍ കയറിയ രാധാകൃഷ്ണന്‍ തലശ്ശേരിക്കും ധര്‍മടത്തിനും ഇടയ്ക്കുവച്ചാണ് ആക്രമണത്തിന് ഇരയായത്. ആള്‍ത്തിരക്കില്ലാത്ത ട്രെയിന്‍ കോച്ചില്‍ തലശ്ശേരി പിന്നിട്ടതോടെ രാധാകൃഷ്ണനും മറ്റു രണ്ടുപേരും മാത്രമായി. ഈ സമയത്ത് ഈ രണ്ടുപേരും ചേര്‍ന്ന് രാധാകൃഷ്ണനെ കഴുത്തു ഞെരിക്കുകയും ആക്രമിക്കുകയുമായിരുന്നു. പഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും മൊബൈല്‍ പുറത്തേക്കെറിഞ്ഞു കളയുകയും ചെയ്തു.

പത്ത് മിനുട്ട് ബലപ്രയോഗം നടത്തിയാണ് രണ്ടുപേര്‍ രാധാകൃഷണനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇതിനിടയില്‍ പുറത്തേക്ക് വലിച്ചിടാനും നോക്കി. ധര്‍മ്മടം സ്റ്റേഷനില്‍ വണ്ടി നിര്‍ത്താറായപ്പോള്‍ സംഘം ഇറങ്ങിയോടിയതായി രാധാകൃഷ്ണന്‍ പറഞ്ഞു. അക്രമികള്‍ മദ്യപിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

അക്രമത്തില്‍ രാധാകൃഷ്ണന് പരിക്കുണ്ട്. കണ്ണൂര്‍ ആര്‍പിഎഫില്‍ പരാതി നല്‍കി. ധര്‍മ്മടം പോലീസിനും സൈബര്‍ സെല്ലിനും കേസ് കൈമാറുമെന്ന് ആര്‍പിഎഫ് അറിയിച്ചു.

പട്ടാപ്പകല്‍ പാസഞ്ചര്‍ ട്രെയിനില്‍ മാതൃഭൂമി ഓഫീസിലെ ജീവനക്കാരനെ ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്നു


Keywords:  Kerala, Kannur, News, Train, Mathrubhumi, Robbery, Mathrubhumi office staff robbed in train 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia