Criticism | കെ രാധാകൃഷ്ണനെ പാര്‍ലമെന്റിലേക്ക് വിട്ട് പിണറായി ഒതുക്കിയെന്ന് മാത്യു കുഴല്‍നാടന്‍; കോണ്‍ഗ്രസ് എംഎല്‍എ ജാതി രാഷ്ട്രീയം കളിച്ച് സ്വയം തരംതാഴുന്നുവെന്ന വിമര്‍ശനവുമായി എംവി ഗോവിന്ദന്‍  

 
Matthew Kuzhalnadan Allegation: Pinarayi Moved Radhakrishnan to Parliament
Matthew Kuzhalnadan Allegation: Pinarayi Moved Radhakrishnan to Parliament

Photo Credit: Facebook / MV Govindan Master, Mathew Kuzhalnadan

● കെ രാധാകൃഷ്ണനെ എംപി ആക്കിയതു വഴി മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രതിനിധി ഇല്ലാതായി
● ആരും ചോദിക്കാനില്ല എന്ന ധൈര്യത്തില്‍ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചു
● കുഴല്‍നാടന്റേത് എന്തെങ്കിലും കാര്യലാഭത്തിനുവേണ്ടി എന്തും ഉപയോഗിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരു പ്രയോഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി 

തിരുവനന്തപുരം: (KVARTHA) കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാനാണ് കെ രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ലമെന്റിലേക്ക് വിട്ടതെന്ന വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അത് ചേലക്കരയിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ജനങ്ങള്‍ ഇതിന് മറുപടി പറയുമെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. 

കെ രാധാകൃഷ്ണനെ എംപി ആക്കിയതു വഴി മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് പ്രതിനിധി ഇല്ലാതായി എന്നും ആരും ചോദിക്കാനില്ല എന്ന ധൈര്യത്തില്‍ പട്ടികജാതിക്കാരുടെ ന്യായമായ അവകാശത്തെ പിണറായി തട്ടിത്തെറിപ്പിച്ചുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞത്. ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കിള്ളിമംഗലം ചെറങ്കോണം ഒലിപ്പാറയില്‍ കുടുംബസംഗമം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കുഴല്‍നാടന്‍ ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും സ്വയം തരംതാഴുന്ന അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തുന്നതെന്നുമുള്ള വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. ചേലക്കരയില്‍ ഭരണവിരുദ്ധ വികാരമില്ല, കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു. 

കുഴല്‍ നാടന്റെ വാക്കുകള്‍: 

കേരള മന്ത്രിസഭയുടെ ചരിത്രത്തിലാദ്യമായാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് മന്ത്രിയില്ലാത്ത, മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത, അധികാരത്തില്‍ പങ്കാളിത്തമില്ലാത്ത ഒരു സാഹചര്യം ഉടലെടുത്തിരിക്കുന്നത്. നിങ്ങള്‍ എത്ര മൂടിവെച്ചാലും എത്ര ശ്രദ്ധിക്കപ്പെടരുതെന്ന് ആഗ്രഹിച്ചാലും ഈ വിഷയം ചേലക്കര ചര്‍ച്ച ചെയ്യുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. 

കെ രാധാകൃഷ്ണന്റേതുപോലെയൊരു സാന്നിധ്യം ചേലക്കരയില്‍ ഞങ്ങളാരും കണ്ടില്ല. ഇതെല്ലാം കൂടി മനസ്സില്‍വെച്ചാകും ചേലക്കര വിധിയെഴുതുക. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ആദ്യമായി കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതാക്കിയ പിണറായി വിജയന്‍, ഒരു ദളിത് മുഖ്യമന്ത്രിക്കുള്ള സാധ്യത നിഴല്‍ രൂപപ്പെട്ടപ്പോള്‍ അതില്ലാതാക്കി. ഇത് രണ്ടും അടിസ്ഥാന വിഭാഗങ്ങളുടെ മനസ്സില്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

ഇഎംഎസ് മന്ത്രിസഭയില്‍ തുടങ്ങി ഇതുവരെയും പട്ടികജാതി വിഭാഗത്തിന് മന്ത്രിമാര്‍ ഉണ്ടായിരുന്നു. ഇതാണ് പിണറായി ഇപ്പോള്‍ ഇല്ലാതാക്കിയത്. ഏതെങ്കിലും കാരണവശാല്‍ പിണറായി രാജിവയ്‌ക്കേണ്ടി വന്നാല്‍ സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി ആകേണ്ടത് കെ രാധാകൃഷ്ണനാണെന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു തന്നെ മാറ്റിനിര്‍ത്തിയത്. പകരം ആ വിഭാഗത്തില്‍ നിന്ന് ഒരാളെ മന്ത്രിയാക്കുമെന്നു പറയാന്‍ പിണറായിക്ക് ധൈര്യമില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞിരുന്നു. 

എം വി ഗോവിന്ദന്റെ മറുപടി:

ജാതി രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വത്വരാഷ്ട്രീയമാണ് കുഴല്‍നാടന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയാകേണ്ട ആളാണെന്നാണ് ഇപ്പോള്‍ പറയുന്നത്. രാധാകൃഷ്ണനെതിരേ ഇവരെല്ലാം എന്തെല്ലാം പറഞ്ഞതാണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സ്ഥാനത്ത്, സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവായി കെ രാധാകൃഷ്ണനെ ഉയര്‍ത്തികൊണ്ടുവന്നത് ഞങ്ങളാണ്. 

അങ്ങനെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു നേതാവാണ് രാധാകൃഷ്ണന്‍. രാധാകൃഷ്ണന്റെ ജാതി പറഞ്ഞുകൊണ്ടാണ് കുഴല്‍നാടന്‍ എത്തിയത്. അത് സ്വത്വ രാഷ്ട്രീയമാണ്. സ്വത്വ രാഷ്ട്രീയം യഥാര്‍ഥത്തില്‍ സാമ്രാജ്യത്വ മുതലാളിത്തത്തിന്റെ ഒരു മുഖമാണ്. കുഴല്‍നാടന്‍ ജാതി രാഷ്ട്രീയം കളിക്കുകയാണ്. ഇതിനു മുമ്പ് യുഡിഎഫിന്റെ സര്‍ക്കാരുണ്ടായിരുന്ന സമയം എല്ലാ സന്ദര്‍ഭത്തിലും പട്ടികജാതി മന്ത്രിയുണ്ടായിരുന്നോ. 

എന്തെങ്കിലും കാര്യലാഭത്തിനു വേണ്ടി എന്തും ഉപയോഗിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരു പ്രയോഗമാണ് നടത്തിയത്. ജാതിയുടെ പ്രയോഗമാണത്. തരംതാണ ഏര്‍പ്പാടാണത്. കുഴല്‍നാടന്‍ നിലയും വിലയുമുള്ള എംഎല്‍എ ആണെന്നാണ് ധരിച്ചുവെച്ചിരുന്നത്. അദ്ദേഹം ഒരു നിലയും വിലയുമില്ലാത്ത രീതിയില്‍ ജാതി രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. നാലു വോട്ട് കിട്ടുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

#KeralaPolitics, #MatthewKuzhalnadan, #CPM, #CastePolitics, #ChelekkaraElection, #DalitRepresentation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia