മഅ്ദനിക്ക് എതിരെന്നു വരുത്തി നേട്ടം കൊയ്യാന്‍ കര്‍ണാടക കോണ്‍ഗ്രസ് രൂപരേഖ തയ്യാറാക്കി നടപ്പാക്കി

 


തിരുവനന്തപുരം: (www.kvartha.com 29.03.2014) അബ്ദുല്‍ നാസര്‍ മഅ്ദനിക്കു ജാമ്യം ലഭിക്കുന്നതുകൊണ്ട് കര്‍ണാടകയിലെ കോണ്‍ഗ്രസിനു യാതൊരു ഗുണവുമില്ലാത്തതാണ് അദ്ദേഹത്തിന് എതിരായി ഇപ്പോഴും പ്രോസിക്യൂഷന്‍ കടുത്ത നിലപാടെടുക്കാന്‍ കാരണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ്. സുപ്രീംകോടതി മഅ്ദനിക്കു ജാമ്യം നിഷേധിക്കുന്നതിനു കാരണമായ കര്‍ണാടക സര്‍ക്കാരിന്റെ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഉന്നതന്‍ പിഡിപി നേതൃത്വത്തെ അറിയിച്ചതാണിത്.

സമീപകാലത്ത് സംസ്ഥാന കോണ്‍ഗ്രസില്‍ ഉയര്‍ന്ന പദവിയിലെത്തിയ ഈ നേതാവ് നേരത്തേ മഅ്ദനിക്കു വേണ്ടി ചില ഇടപെടലുകള്‍ നടത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്ന് കെപിസിസി പ്രസിഡന്റായിരുന്ന ഇന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കര്‍ണാടക സര്‍ക്കാരില്‍ ചില ഇടപെടലുകള്‍ നടത്തിയിരുന്നു. ഈ ഇടപെടലുകളില്‍ പ്രതീക്ഷയര്‍പിച്ചാണ് മഅ്ദനി കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അതു ഹൈക്കോടതി തള്ളാനിടയാക്കിയത് പ്രോസിക്യൂഷന്‍ സ്വീകരിച്ച കടുത്ത നിലപാടുമൂലമാണ്.

മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തു സ്വീകരിച്ചതിനേക്കാള്‍ മോശം നിലപാടായിരുന്നു അത്. പിന്നീട് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ വന്നപ്പോഴും ഇത് ആവര്‍ത്തിച്ചു. മാത്രമല്ല, സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിട്ടുപോലും മഅ്ദനിക്ക് കാര്യമായ ചികില്‍സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായില്ല. അദ്ദേഹത്തിനു കാര്യമായ രോഗങ്ങളൊന്നുമില്ലെന്നും ചികില്‍സ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും മറ്റുമാണ് ഏറ്റവും ഒടുവില്‍ സുപ്രീം കോടതിയില്‍ സമര്‍പിച്ച റിപോര്‍ട്ടില്‍ പറയുന്നത്.

ഇതിനെല്ലാം പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ചില ഉന്നത നേതാക്കളുടെ കൂട്ടലും കിഴിക്കലുമാണ് കാരണം എന്നുമാണ് വ്യക്തമാകുന്നത്. അതാണേ്രത കേരളത്തിലെ കോണ്‍ഗ്രസ് ഉന്നതന്‍ പിഡിപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

അതായത്, മഅ്ദനിക്ക് ജാമ്യം ലഭിച്ചാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ അതിനു സഹായിച്ചിട്ടുണ്ട് എന്നു വരാം. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഗുണവുമുണ്ടാകും. എന്നാല്‍ കര്‍ണാടകയില്‍ മഅ്ദനിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടുബാങ്കില്ല. അവിടുത്തെ മുസ്്‌ലിം രാഷ്ട്രീയത്തില്‍ മഅ്ദനിക്ക് സ്വാധീനമില്ലാത്തതാണു കാരണം. മറുവശത്ത്, മഅ്ദനിക്ക് അനുകൂലമായി നിലപാടെടുത്തു എന്നതിന്റെ പേരില്‍ ഹിന്ദുവോട്ടുകള്‍ കോണ്‍ഗ്രസിന് എതിരാകുമെന്നും അവര്‍ കണക്കുകൂട്ടിയെന്നാണ് വിവരം.

മഅ്ദനിക്ക് എതിരെന്നു വരുത്തി നേട്ടം കൊയ്യാന്‍ കര്‍ണാടക കോണ്‍ഗ്രസ് രൂപരേഖ തയ്യാറാക്കി നടപ്പാക്കിമഅ്ദനിക്ക് എതിരായി നിലപാടെടുത്ത് അത് കോടതിയെ അറിയിച്ചതോടെ ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണു കണക്കുകൂട്ടല്‍. മഅ്ദനിക്ക് ജാമ്യം ലഭിച്ചിരുന്നെങ്കില്‍ അത് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി അവിടെ ആയുധമാക്കുമായിരുന്നു. ഇപ്പോള്‍ അതു സാധിക്കുന്നില്ല. ഇത് മുന്‍കൂട്ടിക്കണ്ടുള്ള നീക്കത്തിനു മുന്നില്‍ കേരളത്തിലെ നേതാക്കള്‍ മഅ്ദനിക്കു വേണ്ടി നടത്തിയ നീക്കങ്ങളെല്ലാം പാഴായിപ്പോയെന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. എന്നാലിത് പരസ്യമായി പറയാന്‍ സ്വാഭാവികമായും കേരളത്തിലെ കോണ്‍ഗ്രസ് ഉന്നതന്‍ തയ്യാറല്ലതാനും.

മഅ്ദനിക്ക് ചികില്‍സ നല്‍കിയാല്‍ പോലും അത് കര്‍ണാടക സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉപയോഗിക്കുന്ന സ്ഥിതിയാണ് ഉള്ളത്. അതുകൊണ്ടുതന്നെ, മഅ്ദനിക്ക് തങ്ങള്‍ അനുകൂലമല്ലെന്നു പരമാവധി മാധ്യമങ്ങളെയും ബിജെപിയെയും ബോധ്യപ്പെടുത്താനുള്ള കരുനീക്കമാണ് കര്‍ണാടക കോണ്‍ഗ്രസും സര്‍ക്കാരും സ്വീകരിച്ചത്. അതില്‍ തട്ടിയാണ് ഒരിക്കല്‍ക്കൂടി മഅ്ദനി വീണുപോയിരിക്കുന്നതെന്നാണു സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Abdul-Nasar-Madani, Congress, BJP, Kerala, Oommen Chandy, Ramesh Chennithala, Election, Treatment, Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia