എന്നോടു സംസാരിക്കാത്ത അഭിമുഖങ്ങള്‍ മാധ്യമങ്ങള്‍ എന്റേതായി പ്രസിദ്ധീകരിച്ചു: മഅ്ദനി കോടതിയോട്
Nov 14, 2014, 15:01 IST
തിരുവനന്തപുരം: (www.kvartha.com 14.11.2014) മാധ്യമങ്ങളോടു താന്‍ സംസാരിക്കാതെതന്നെ മാധ്യമങ്ങള്‍ തന്റെ പേരില്‍ അഭിമുഖങ്ങള്‍ പടച്ചതായി പിഡിപി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുടെ വെളിപ്പെടുത്തല്‍. ബംഗളൂരു കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നതിനിടെ ചികില്‍സയ്ക്കുവേണ്ടി ജാമ്യം നേടി ആശുപത്രിയില്‍ കഴിയുന്ന മഅ്ദനി ജാമ്യം നീട്ടിക്കിട്ടാന്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയുടെ വാദത്തിനിടയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് മാധ്യമങ്ങളുടെ കള്ളി വെളിച്ചത്താക്കുന്ന വിശദീകരണം.
മഅ്ദനി ആശുപത്രിക്കിടക്കയില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്കുന്നതില് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സുപ്രീംകോടതി നീരസം പ്രകടിപ്പിച്ചിരുന്നു. ചികില്‍സയ്ക്കു ലഭിച്ച ജാമ്യം മഅ്ദനി ദുരുപയോഗം ചെയ്യുന്നുവെന്നും മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കാന് ശ്രമിക്കുന്നു എന്നും കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ച സാഹചര്യത്തിലായിരുന്നു ഇത്. തുടര്‍ന്ന് ജാമ്യം നീട്ടുന്നകാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഒരാഴ്ചത്തേക്കു നീട്ടിവയ്ക്കുകയും ചെയ്തു. വെള്ളിയാഴ്ച ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ചപ്പോഴാണ് മഅ്ദനിയുടെ അഭിഭാഷകന് പുതിയ സത്യവാങ്മൂലം നല്‍കിയത്. അത് കോടതിക്ക് ബോധ്യപ്പെടുകയും അംഗീകരിക്കുകയും ചെയ്തതിനേത്തുടര്ന്നാണ് ജാമ്യം നീട്ടിക്കിട്ടിയത്.
തന്നെ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോടു താന്‍ വ്യക്തമായിപ്പറഞ്ഞത്, ചികില്‍സയ്ക്കുള്ള ജാമ്യകാലത്ത് മാധ്യമ അഭിമുഖങ്ങള്‍ നല്‍കുന്നത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാകും എന്നാണെന്ന് മഅ്ദനി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതായാണു വിവരം. നേരില്വരികയും മറ്റാരുടെയെങ്കിലും ഫോണില്‍ തന്നോടു സംസാരിച്ചവരോടും ഇതാണു പറഞ്ഞത്. ഭൂരിഭാഗം മാധ്യമങ്ങളും അത് മനസിലാക്കുകയും അതനുസരിച്ചു പെരുമാറുകയുമാണു ചെയ്തത്.
അതേസമയം, തന്നെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുവന്ന അവസരത്തില്‍ കോടതിയോടു നന്ദി പറയുന്നതുള്പെടെ ചില കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു എന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ പിന്നീട് അഭിമുഖങ്ങളെന്ന പേരില്‍ മലയാളം, കന്നഡ പ്രസിദ്ധീകരണങ്ങളില്‍ വന്നത് തന്റെ അറിവോടെയല്ല. തന്റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുമായും മറ്റും രോഗവിവരങ്ങളേക്കുറിച്ചും സംഭവവികാസങ്ങളെ കുറിച്ചും സംസാരിച്ചശേഷം അത് താനുമായി നടത്തിയ അഭിമുഖമായി പ്രസിദ്ധീകരിച്ച സംഭവങ്ങളുമുണ്ട്.
ദൃശ്യമാധ്യമങ്ങളില്‍ ഈ കാലയളവില്‍ അഭിമുഖങ്ങള്‍ വന്നില്ല എന്നതുതന്നെ താന്‍ അവരില്‍ നിന്ന് അകന്നു നില്ക്കുന്നു എന്നതിനു തെളിവാണ്. ജയിലില്‍ നിന്ന് ആശുപത്രിയിലേക്കു വന്നപ്പോള്‍ സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ കാണിക്കുകയും എന്നാല്‍ പുതിയ അഭിമുഖം താന്‍ നല്‍കിയതായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടെന്ന് അറിയാന്‍ സാധിച്ചു. അതും താനുമായും ബന്ധമില്ലെന്നും കോടതി അനുവദിച്ച ജാമ്യത്തിലെ മുഴുവന്‍ വ്യവസ്ഥകളും നിയമത്തെ മാനിക്കുന്ന പൗരന് എന്ന നിലയില്‍ പരിപൂര്‍ണമായി പാലിക്കുമെന്നും മഅ്ദനി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചതായും സൂചനയുണ്ട്.
Keywords: Abdul-Nasar-Madani, Court, Jail, Kerala, Media, Publish, Reporter, Maudani to the supreme court; i'm not aware about the media interviews in the name of me.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.