നിലാഞ്ചിറ വയലിൽ ആവേശം അണപൊട്ടി; മാവിലാക്കാവിലെ അടിയുത്സവം കണ്ണിനും കാതിനും വിരുന്നായി


● സുധാകരനും നിധിനും കൂർവ്വാടികളെ നയിച്ചു.
● ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
● വിഷുവിളക്കുത്സവത്തിൻ്റെ ഭാഗമായാണ് ഉത്സവം.
● വിദേശത്തു നിന്നും ആളുകൾ എത്തിച്ചേർന്നു.
കണ്ണൂർ: (KVARTHA) ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ആർപ്പുവിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ മാവിലാക്കാവ് ദൈവത്താറീശ്വര ക്ഷേത്രത്തിൽ അടിയുത്സവം വിപുലമായി ആഘോഷിച്ചു. പെരളശ്ശേരി മൂന്നാം പാലം നിലാഞ്ചിറ വയലിൽ നടന്ന അടിയുത്സവത്തിന് ഇക്കുറിയും വലിയ ജനപങ്കാളിത്തമുണ്ടായി.
സുധാകരൻ നയിച്ച മൂത്ത കൂർവ്വാടും നിധിൻ നെടുമ്പറമ്പ് നയിച്ച ഇളയ കൂർവ്വാടും തമ്മിലുള്ള അടിയുത്സവം കുളിച്ചുടുത്ത കരുത്തരായ വാല്യക്കാരുടെ ചുമലിലേറിയാണ് നടന്നത്. രാത്രി 7.55ന് ആരംഭിച്ച ആദ്യ റൗണ്ട് അടി 8.10 വരെയും, തുടർന്ന് 8.10ന് തുടങ്ങിയ രണ്ടാം റൗണ്ട് അടി 8.20 വരെയും നീണ്ടുനിന്നു. ഇരു വിഭാഗത്തെയും പ്രോത്സാഹിപ്പിക്കാൻ നാട്ടുകാരും ഇരുവശത്തും അണിനിരന്നതോടെ അടിയുത്സവത്തിൻ്റെ ആവേശം അതിന്റെ പരമോന്നതയിലെത്തി.
ഒരു പിടി അവിലിനു വേണ്ടി ദൈവത്താറീശ്വരൻ്റെ സാന്നിധ്യത്തിൽ സഹോദരന്മാർ നടത്തിയ തർക്കത്തിൻ്റെയും അടിയുടെയും ഓർമ്മ പുതുക്കലാണ് ഇന്നും മാവിലാക്കാവിൽ അടിയുത്സവമായി ആചരിക്കുന്നത്. കുന്നോത്തിടത്തിൽ മുടിയും വില്ലാട്ടവും കഴിഞ്ഞ ശേഷം ദൈവത്താറുടെ മഞ്ഞൾപ്പൊടിയെറിഞ്ഞുകൊണ്ടുള്ള നടപാഞ്ഞുകയറ്റം എന്ന ചടങ്ങും നടന്നു.
തുടർന്ന് ക്ഷേത്രത്തിലെത്തി വില്ലാട്ടവും മുടിയഴിക്കലും നടത്തിയ ശേഷമാണ് നിലാഞ്ചിറയിൽ അടിയുത്സവം അരങ്ങേറിയത്. വിദേശ രാജ്യങ്ങളിലും സൈന്യത്തിലും ജോലി ചെയ്യുന്ന നിരവധി പേർ ഈ അടിയുത്സവത്തിൽ പങ്കെടുക്കാൻ എത്താറുണ്ട്.
വിഷുവിളക്കുത്സവത്തിൻ്റെ ഭാഗമായാണ് ചരിത്ര പ്രസിദ്ധമായ മാവിലാക്കാവിൽ ഈ അടി നടക്കുന്നത്. എട്ടിടങ്ങളിലായി ഉപക്ഷേത്രങ്ങളുള്ള ഒരു വലിയ ക്ഷേത്രമാണ് മാവിലാക്കാവ്. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ മാവിലായിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മൂന്നാം പാലത്തെ നിലാഞ്ചിറ വയലിൽ ആയിരക്കണക്കിന് ആളുകളെ സാക്ഷി നിർത്തിയാണ് ഈ അപൂർവ്വമായ ഉത്സവം നടന്നത്. നമ്പ്യാർ സമുദായത്തിലെ കൈക്കോളന്മാർ മൂത്ത കൂർവ്വാടും ഇളയ കൂർവ്വാടുമായി രണ്ട് ചേരിയായി തിരിഞ്ഞ് മറ്റുള്ളവരുടെ ചുമലിലിരുന്ന് പരസ്പരം കൈകൊണ്ട് അടിക്കുന്നതാണ് ഈ ചടങ്ങ്.
അവിൽപൊതിക്ക് വേണ്ടി ബാലന്മാർ കച്ചേരി ഇല്ലത്ത് വെച്ചും പിന്നീട് മാവിലായി വയലിൽ വെച്ചും നടത്തിയ അടിയുടെ ഓർമ്മയ്ക്കായാണ് ഈ അടിയുത്സവം കൊണ്ടാടുന്നത്. കണ്ണൂരിൽ മാത്രമല്ല, കേരളമെങ്ങും അറിയപ്പെടുന്ന വ്യത്യസ്തമായ ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് മാവിലാക്കാവിലെ അടിയുത്സവം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: The unique Adi Utsavam at Mavilakkavu Dhaivatharishwara Temple in Kannur was celebrated with thousands of devotees witnessing the ritualistic 'fight' between two groups carried on the shoulders of men, commemorating a dispute between brothers for a handful of flattened rice.
#Mavilakkavu, #AdiUtsavam, #KannurFestival, #KeralaCulture, #TempleFestival, #Vishufestival