മേയറെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ടു: കോര്‍പറേഷനില്‍ സംഘര്‍ഷം: കണ്ണൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

 


കണ്ണൂര്‍: (www.kvartha.com 19.02.2020) കൗണ്‍സില്‍ യോഗം ചേരുന്നതിന് മുന്‍പേ കണ്ണൂര്‍ കോര്‍പറേഷന്‍ കാര്യാലയത്തില്‍ വന്‍ സംഘര്‍ഷം. മേയര്‍ സുമാ ബാലകൃഷ്ണനെ പ്രതിപക്ഷം കൈയ്യേറ്റം ചെയ്തു. മേയറെ ഓഫീസില്‍ പൂട്ടിയിട്ട് പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

സംഘര്‍ഷത്തില്‍ നേരിയ പരിക്കേറ്റ മേയര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിനു ശേഷം നേതാക്കളോടൊപ്പൊം മടങ്ങി. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക്  കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുന്നോടിയാണ് പ്രതിഷേധമുണ്ടായത്. സംഘടിച്ചെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ വിടാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതില്‍ അടക്കുകയായിരുന്നു.
മേയറെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ടു: കോര്‍പറേഷനില്‍ സംഘര്‍ഷം: കണ്ണൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

സംഘടനാ പ്രവര്‍ത്തനം ഓഫീസ് കോമ്പൗണ്ടില്‍ അനുവദിക്കില്ലെന്ന ഭരണസമിതിയുടെ ഏകാധിപത്യ നിലപാടിനെതിരെയും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന ഡെപ്യൂട്ടി മേയറുടെ നിലപാടിനെതിരെയും പ്രതിഷേധിച്ച് ഏതാനും ദിവസങ്ങളായി കോര്‍പറേഷനില്‍ പ്രതിപക്ഷ ജീവനക്കാരുടെ സമരം നടക്കുകയായിരുന്നു.

ഇതിനിടയിലാണ് അടിയന്തിര കൗണ്‍സില്‍ യോഗം ബുധനാഴ്ച രാവിലെ വിളിച്ചുചേര്‍ത്തത്. യോഗത്തിനു മുമ്പായി പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ കൗണ്‍സില്‍ യോഗം നടത്തിയതിനു ശേഷം ചര്‍ച്ച ചെയ്യാമെന്ന് മേയര്‍ അറിയിക്കുകയായിരുന്നു. ഇതോടെ മുദ്രാവാക്യം വിളിയും കയ്യേറ്റ ശ്രമവും നടന്നു.

തുടര്‍ന്ന് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ മേയറെ മറ്റൊരു വാതിലിലൂടെ കൗണ്‍സില്‍ ഹാളില്‍ എത്തിച്ചെങ്കിലും പ്രശ്നം രൂക്ഷമായി. മേയര്‍ക്കു നേരെ കയ്യേറ്റമുണ്ടായതോടെ യോഗം നടത്താനായില്ല. കണ്ണൂര്‍ ടൗണ്‍ പോലീസ് എത്തി പ്രതിഷേധക്കാരെ പിടിച്ചുമാറ്റിയതിനു ശേഷം മേയറെ വീണ്ടും ഓഫീസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Keywords:  Mayor locked in office room: Tension in corporation: Thursday Harthal in Kannur, Kannur, News, Protesters, Harthal, Congress, Leaders, Hospital, Treatment, Office, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia