Rescue Mission | വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്നും നാവികരും കണ്ണൂരിൽ നിന്ന് സൈനികരും


സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി എത്തി.
കണ്ണൂർ: (KVARTHA) വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തിൽ കണ്ണൂരിൽ നിന്നുള്ള സൈനികരും രക്ഷാപ്രവർത്തനത്തിന്. സംസ്ഥാന സര്‍ക്കാരിൻ്റെ അഭ്യർത്ഥന പരിഗണിച്ചാണ് രക്ഷാദൗത്യത്തിന് സൈന്യമെത്തിയത്. 122 ഇൻഫൻറി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമി കമാൻറ്റിങ് ഓഫിസർ കേണൽ നവീൻ ബൻജിതിൻ്റെ നിർദ്ദേശ പ്രകാരം കോഴിക്കോട് നിന്നും സൈനികർ വയനാട്ടിലേക്ക് ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു.
200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളാണ് ഉള്ളത്. ഇതിന് പുറമെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിനെത്തും. സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി എത്തി.
നേവിയുടെ 50 അംഗ സംഘവും എത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും. അതിനിടെ, തിരച്ചിലിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ വിസിയിൽ നിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് എത്തും. തെരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി പങ്കാളിയാവുമെന്നാണ് വിവരം