Food Safety | ചായയുണ്ടാക്കാന്‍ വെച്ച വെള്ളത്തില്‍ വണ്ടും പുഴുവും കണ്ടെത്തിയതായി ആരോഗ്യവകുപ്പ്; കണ്ണൂര്‍ നഗരത്തിലെ മില്‍മാ ബുത് അടച്ചു പൂട്ടിച്ചു
കണ്ണൂര്‍: (KVARTHA) ചായ ഉണ്ടാക്കാന്‍ സ്റ്റൗവില്‍ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്റ്റിക് ബാരലിലും ലാര്‍വയും വണ്ടും പുഴുവും കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ മുനീശ്വരന്‍ കോവിലിന് മുന്നിലെ സി സുലോചനയുടെ പേരിലുള്ള മില്‍മ ബൂത് കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അടച്ചു പൂട്ടിച്ചു.
വെള്ളിയാഴ്ച രാവിലെ നടത്തിയ ഹോട്ടല്‍ ഇന്‍സ്‌പെക്ഷനിലാണ് നടപടി ഉണ്ടായത്. കണ്ണൂര്‍ ടൗണിലുള്‍പ്പെടെ ഡെങ്കി പനി, മലമ്പനി തുടങ്ങിയ കൊതുക് ജന്യ രോഗം വ്യാപകമായതിനെ തുടര്‍ന്ന് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് ശുദ്ധജലത്തിലാണെന്നും അതുകൊണ്ട് കര്‍ശനമായും ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും വാട്ടര്‍ ടാങ്കുകള്‍ ക്ലീന്‍ ചെയ്ത് പുതിയ വെള്ളം സംഭരിക്കണമെന്നുമുള്ള കര്‍ശനനിര്‍ദേശം നിലനില്‍ക്കെയാണ് മില്‍മ ബൂത്തില്‍ നടത്തിയ പരിശോധനയില്‍ മലിനമായ ജലം പാചക ആവശ്യത്തിന് ഉപയോഗിക്കുന്നത് കണ്ടെത്തിയത്.
ഹോട്ടലുകള്‍, ലോഡ്ജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും കഴിഞ്ഞദിവസം ആരോഗ്യവിഭാഗം വാട്ടര്‍ ടാങ്കുകളില്‍ പരിശോധന നടത്തി. ചിലയിടങ്ങളില്‍ വാട്ടര്‍ ടാങ്ക് ക്ലീന്‍ ചെയ്യാത്ത നിലയിലും, വാട്ടര്‍ ടാങ്കുകള്‍ മൂടി വെക്കാത്ത നിലയിലും കണ്ടെത്തി. ഇത്തരം സ്ഥാപനത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം സുധീര്‍ ബാബു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി ആര്‍ സന്തോഷ് കുമാര്‍, എവി ജൂന റാണി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും വ്യാപക പരിശോധന നടത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.