Milma | സ്വാതന്ത്ര്യദിനം, ഓണം എന്നിവ പ്രമാണിച്ച് ഒരു ലിറ്റര്‍ പാലിന് 10 രൂപ അധിക പ്രോത്സാഹന വിലയായി നല്‍കുമെന്ന് മില്‍മ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ
കൊച്ചി: (KVARTHA) സ്വതന്ത്ര്യദിനം, ഓണം തുടങ്ങിയവ പ്രമാണിച്ച് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തില്‍പ്പരം വരുന്ന ആനന്ദ് മാതൃക ക്ഷീരസംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും പത്ത് രൂപ അധിക പ്രോത്സാഹന വിലയായി നല്‍കുമെന്ന് ചെയര്‍മാന്‍ എംടി ജയന്‍ അറിയിച്ചു. ആഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പ്രോത്സാഹന വില നല്‍കുന്നത്.
ഇതില്‍ നിന്നും സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് അഞ്ച് രൂപ വീതം ലഭിക്കും. നാല് രൂപ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള സംഘത്തിന്റെ ദൈനംദിന ചിലവുകള്‍ക്ക് ഉപയോഗിക്കാനാണ് മില്‍മ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഒരു രൂപ മേഖലാ യൂണിയന്റെ ഓഹരിയായി അംഗസംഘങ്ങള്‍ക്ക് വകയിരുത്തും.
ഈയിനത്തില്‍ 50 ദിവസം കൊണ്ട് 12 കോടിരൂപ മേഖലാ യൂണിയന്റെ പരിധിയില്‍ വരുന്ന മധ്യകേരളത്തില്‍ വിതരണം ചെയ്യും. സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കുമായി സംഭരണമേഖലയില്‍ 14 കോടി രൂപയുടെ പി ആന്‍ഡ് ഐ പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷത്തില്‍ നടപ്പിലാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
ക്ഷീരമേഖലയിലെ ആനുകാലിക പ്രശ്‌നങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ആനന്ദ് മാതൃക സംഘങ്ങളുടെ സെക്രട്ടറി, പ്രസിഡന്റുമാര്‍ എന്നിവരുടെ ജില്ലാതലയോഗങ്ങള്‍ വിളിച്ച് ചേര്‍ക്കും. ഈ സാമ്പത്തികവര്‍ഷത്തെ മേഖലായൂണിയന്റെ വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ 28-ാം തീയതി പെരുമ്പാവൂര്‍ ടൗണ്‍ ഹാളില്‍ ചേരുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മ 50 ലക്ഷം രൂപ സംഭാവന നല്‍കി.മില്‍മ മലബാര്‍ മേഖല യൂണിയന്‍ (20 ലക്ഷം), തിരുവനന്തപുരം മേഖല യൂണിയന്‍, എറണാകുളം മേഖല യൂണിയന്‍, മില്‍മ ഫെഡറേഷന്‍ (10 ലക്ഷം വീതം) ചേര്‍ത്താണ് 50 ലക്ഷം രൂപ നല്‍കിയത്.
ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, മില്‍മ ചെയര്‍മാന്‍ കെ എസ് മണി, തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എംടി ജയന്‍ എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.