Minister | ബസുടമകളുടെ സമ്മര്‍ദത്തിന് മുന്നില്‍ മുട്ടുമടക്കില്ല; കാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമെന്ന് മന്ത്രി ആന്റണി രാജു

 


തിരുവനന്തപുരം: (KVARTHA) ബസുടമകളുടെ സമ്മര്‍ദത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും കാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമെന്നും മന്ത്രി ആന്റണി രാജു. ബസുകളില്‍ ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് ഏര്‍പ്പെടുത്തിയതും കാമറ ഘടിപ്പിക്കുന്നതും നിര്‍ബന്ധമാണെന്നും അതില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Minister | ബസുടമകളുടെ സമ്മര്‍ദത്തിന് മുന്നില്‍ മുട്ടുമടക്കില്ല; കാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമെന്ന് മന്ത്രി ആന്റണി രാജു

ഈ മാസം 31ന് സ്വകാര്യ ബസുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഗതാഗത മന്ത്രി. സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാനുള്ള നിര്‍ദേശം എഐ കാമറ ഘടിപ്പിച്ച ഘട്ടത്തില്‍ തന്നെ ബസുടമകള്‍ക്ക് നല്‍കിയതാണെന്നും മന്ത്രി പറഞ്ഞു. 1994 മുതല്‍ നിലവിലുള്ള നിയമമാണ് ഇത്. കേന്ദ്ര നിയമമാണ്. സ്വകാര്യ ബസുടമകളുടെ ആവശ്യം പരിഗണിച്ച് അതിന് രണ്ട് മാസം സമയം നീട്ടി നല്‍കിയതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍:

ബസുകളില്‍ കാമറ വേണമെന്നത് ബസുടമകള്‍ തന്നെ ആവശ്യപ്പെട്ട കാര്യമാണ്. ആദ്യം രണ്ട് മാസം സമയം തേടിയപ്പോള്‍ അത് നല്‍കി. വീണ്ടും 7-8 മാസം അധിക സമയം നല്‍കി. ഇപ്പോള്‍ അവിചാരിതമായി അവര്‍ തന്നെ സമരം പ്രഖ്യാപിക്കുകയാണ്. കാമറ വെക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത് ബസ് ജീവനക്കാരെ കള്ളക്കേസില്‍ പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ്. കാമറകളിലൂടെ അപകടങ്ങളുടെ യഥാര്‍ഥ കാരണം കണ്ടെത്താനാവുന്നുണ്ട്. സ്വിഫ്റ്റ് ബസുകളില്‍ കാമറ ദൃശ്യങ്ങള്‍ വഴി അപകടങ്ങളില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് കണ്ടെത്താന്‍ കഴിഞ്ഞു.

നവംബര്‍ ഒന്നു മുതല്‍ ഫിറ്റ്‌നെസ് സര്‍ടിഫികറ്റിന് വരുന്ന ബസുകളില്‍ കാമറ ഘടിപ്പിക്കണം എന്ന നിലയിലേക്ക് സര്‍കാര്‍ ഉത്തരവ് പുതുക്കണമെന്ന ഒരാവശ്യം കഴിഞ്ഞദിവസം ബസുടമകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യം സര്‍കാര്‍ ആലോചിക്കും- എന്നും മന്ത്രി പറഞ്ഞു.

ബസ് യാത്രക്കൂലിയും വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കുന്നത് അനന്തമായി നീട്ടുന്നതിലും സീറ്റ് ബെല്‍റ്റ്, കാമറ തുടങ്ങി ബസ് ഉടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പിക്കുന്നതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ ഒക്ടോബര്‍ 31ന് സൂചന പണിമുടക്ക് നടത്തുമെന്നാണ് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചത്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കും. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ ഓര്‍ഡനറി ആക്കി മാറ്റിയതിലും 140 കി.മീറ്ററിലധികം സര്‍വീസുള്ള സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍കാര്‍ തീരുമാനത്തിലും സംഘടന പ്രതിഷേധമറിയിച്ചിരുന്നു.

Keywords:  Minister Antony Raju About Private Bus Strike, Thiruvananthapuram, News, Minister Antony Raju, Bus Strike, Camera, Seat Belt, Media, Criticism, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia