ഫോണ്‍വിളി വിവാദം; എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നല്‍കി; രാജിവെക്കില്ല, പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 21.07.2021) എന്‍ സി പി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിയോട് ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെ മന്ത്രി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്.

നിയമസഭ തുടങ്ങുംമുന്‍പ് ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. പറയാനുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് ബോധ്യപ്പെട്ടോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. രാജിവെക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫോണ്‍വിളി വിവാദം; എ കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നല്‍കി; രാജിവെക്കില്ല, പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി

ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ നേരിട്ട് അറിയിക്കാനാണ് ക്ലിഫ് ഹൗസിലേക്ക് വന്നതെന്നും മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല താന്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു. പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നും രണ്ട് പാര്‍ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചത്.

എന്നാല്‍ പീഡനക്കേസില്‍ ഇടപെട്ടുവെന്ന ആരോപണം മാത്രമല്ല ചര്‍ച്ച ചെയ്തതെന്നും വനം വകുപ്പ് സംബന്ധിച്ച ചില കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന തന്റെ സര്‍കാരിലെ ഒരു മന്ത്രിക്ക് നേരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നതില്‍ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ട്.

അതിനിടെ, ശശീന്ദ്രനെ ന്യായീകരിച്ച് എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ രംഗത്തെത്തി. വിവാദത്തില്‍ എന്‍സിപി പ്രതിരോധത്തില്‍ അല്ലെന്നു ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംഭവം അന്വേഷിക്കാന്‍ കമിഷനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പാര്‍ടി ഇടപെടില്ല. പാര്‍ടി നേതാക്കള്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്‌നം പരിഹരിക്കാനാണ് മന്ത്രി ഇടപെട്ടത്. അത് നല്ല രീതിയില്‍ പരിഹരിക്കണമെന്നാണ് മന്ത്രി പറയുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്' എന്നും ചാക്കോ പറഞ്ഞു.

പീഡനപരാതി ഒത്തുതീര്‍പാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതു ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ കുണ്ടറയിലെ പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ ശശീന്ദ്രനു മന്ത്രിസഭയില്‍നിന്ന് പുറത്തേക്ക് പോകേണ്ടിവരുമെന്നു സിപിഎം നേതൃത്വം ചൂണ്ടിക്കാട്ടി.

പാര്‍ടി തര്‍ക്കമെന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെങ്കിലും നിയമനടപടികള്‍ ഉറ്റുനോക്കുകയാണ് ഇടതുമുന്നണി. പാര്‍ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന ശശീന്ദ്രന്റെ വാദം ധാര്‍മികമായോ നിയമപരമായോ നില്‍ക്കില്ലെന്നതാണ് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നത്. ഇരയ്ക്കു നീതി നേടിക്കൊടുക്കേണ്ട മന്ത്രി പ്രതിക്ക് വേണ്ടി ഇടപെട്ടത് എന്‍സിപിക്ക് മാത്രമല്ല സിപിഎമിനും സര്‍കാരിനും വലിയ തലവേദനയാണ്.

കേസില്‍ പെണ്‍കുട്ടി നല്‍കുന്ന മൊഴി നിര്‍ണായകമാണ്. എന്‍സിപിയിലെ ആഭ്യന്തരകാര്യമാണെങ്കിലും മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തില്‍ നിര്‍ണായകമാകും.

അതിനിടെ പെണ്‍കുട്ടിയുടെ പിതാവുമായി മന്ത്രി ശശീന്ദ്രന്‍ സംസാരിക്കുന്നതിന്റെ ഫോണ്‍ കോളും പുറത്തുവന്നു.

Keywords:  Minister A K Saseendran meets CM at Cliff House; dismisses rumours on resignation, Thiruvananthapuram, News, Politics, Complaint, Molestation attempt, Minister, CPM, NCP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia