Raju Apsara | വ്യാപാര ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചര്‍ചക്ക് തയാറാകണമെന്ന് രാജു അപ്‌സര; കെ സ്മാര്‍ട്ടിന്റെ സൈറ്റിനെതിരേയും വിമര്‍ശനം
കെ സ്മാര്‍ട്ട് പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ചെറുകിട ഇടത്തരം വ്യാപാരികളെ അധിക ബാധ്യതയിലേക്ക് തള്ളിവിടുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം
സെപ്റ്റംബര്‍ മാസം വരെയുള്ള കെട്ടിട നികുതിയും, തൊഴില്‍ കരവും, ഹരിതകര്‍മ സേനയുടെ ഒരു വര്‍ഷത്തെ ഫീസും അടച്ചെങ്കില്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കൂ എന്ന പുതിയ നിലപാട് ചെറുകിട വ്യാപാരികള്‍ക്ക് ഉണ്ടാക്കുന്നത്
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി
കൊച്ചി: (KVARTHA) വ്യാപാര ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചര്‍ചക്ക് തയാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര. തൃശ്ശൂര്‍ രാമനിലയത്തില്‍ വച്ച് ഏകോപന സമിതി ഭാരവാഹികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാതെ കെ സ്മാര്‍ട്ട് പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ചെറുകിട ഇടത്തരം വ്യാപാരികളെ അധിക ബാധ്യതയിലേക്ക് തള്ളിവിടുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ വ്യാപാര ലൈസന്‍സ് പുതുക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കെ സ്മാര്‍ട്ട് വഴി അപേക്ഷ നല്‍കണമെന്ന നിബന്ധന വന്നതോടുകൂടി കൂടുതല്‍ കര്‍ക്കശമായ നിബന്ധനകള്‍ പാലിക്കേണ്ടതായ അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബര്‍ മാസം വരെയുള്ള കെട്ടിട നികുതിയും, തൊഴില്‍ കരവും, ഹരിതകര്‍മ സേനയുടെ ഒരു വര്‍ഷത്തെ ഫീസും അടച്ചെങ്കില്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കു എന്ന പുതിയ നിലപാട് മൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ചെറുകിട വ്യാപാരികള്‍ക്ക് ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കെട്ടിട നികുതി സമയ ബന്ധിതമായി തദ്ദേശ സ്ഥാപനങ്ങളില്‍ അടക്കാത്തതുമൂലവും സൈറ്റില്‍ അപ് ഡേറ്റ് ചെയ്യാത്തതുമൂലവും അത്തരം കെട്ടിടങ്ങളില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ലൈസന്‍സ് പുതുക്കി ലഭിക്കാത്ത അവസ്ഥ ഗുരുതരമാണെന്നും രാജു അപ്‌സര ചൂണ്ടിക്കാട്ടി.
യാതൊരുവിധ മാലിന്യവും ഇല്ലാത്ത സ്ഥാപനങ്ങള്‍ പോലും, ഒരു വര്‍ഷത്തേക്കുള്ള 1200 മുതല്‍ 2400 വരെ ഹരിത കര്‍മ സേനയുടെ യൂസര്‍ ഫീയായി മുന്‍കൂര്‍ ഒടുക്കണം. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം എന്ന ഉറപ്പ് മന്ത്രി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു ചര്‍ച്ചയുമില്ലാതെയാണ് കെ സ്മാര്‍ട്ട് ഏര്‍പ്പെടുത്തി ഇപ്പോള്‍ വ്യാപാരികളെ വലയ്ക്കുന്നത്. കെ സ്മാര്‍ട്ടിന്റെ സൈറ്റിന്റെ ലഭ്യതയാണ് മറ്റൊരു ഗുരുതര വിഷയം. ഈ വിഷയങ്ങള്‍ എല്ലാം മുന്‍നിര്‍ത്തി ലൈസന്‍സിന് അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി നല്‍കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അവസരം ഒരുക്കണമെന്നും ഏകോപന സമിതി ആവശ്യപ്പെടുന്നു.
കടുത്ത വ്യാപാര മാന്ദ്യത്തിന്റെ നാളുകളില്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ പാപഭാരം വഹിക്കേണ്ട വിഭാഗമായി ചെറുകിട വ്യാപാരികളെ കാണാതെ ചെറുകിട വ്യാപാരികള്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുവാന്‍ ഏകോപന സമിതി നിര്‍ബന്ധിതമാകും എന്നും രാജു അപ്‌സര പറഞ്ഞു.