PA Muhammad Riyas | മലയോര ഹൈവേ നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
Dec 18, 2022, 21:02 IST
കണ്ണൂർ: (www.kvartha.com) സംസ്ഥാനത്തെ 13 ജില്ലകളിലെയും മലയോര മേഖലകളിലൂടെ കടന്നു പോവുന്ന 1200 കിലോമീറ്ററോളം വരുന്ന മലയോര ഹൈവേ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇരിക്കൂർ മണ്ഡലത്തിലെ നടുവിൽ, ആലക്കോട് ഗ്രാമപഞ്ചായതുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന, തളിപ്പറമ്പ്-കൂർഗ് റോഡിലെ കരുവഞ്ചാൽ പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മലയോര ഹൈവേ കേരളത്തിന്റെ കാർഷിക, ടൂറിസം മേഖലകളിൽ വലിയ കുതിപ്പിന് കാരണമാവും. രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണ് മലയാര മേഖലയിലൂടെ മാത്രം കടന്നുപോവുന്ന ഈ പാത. മലയോര ഹൈവേയുടെ 804 കിലോമീറ്റർ വരുന്ന 54 സ്ട്രചുകളുടെ പ്രവൃത്തികൾ കേരള റോഡ് ഫണ്ട് ബോർഡ് വഴിയാണ് നടത്തുന്നത്. ഇതിന്റെ മുഴുവൻ വിശദ പ്രൊജക്റ്റ് റിപോർട് കിഫ്ബിയിലേക്ക് സമർപിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. കരുവഞ്ചാൽ പാലത്തിന്റെ പ്രവൃത്തി സമയ ബന്ധിതമായി പൂർത്തീകരിക്കണം. ഇതിന്റെ പുരോഗതി മന്ത്രിയുടെ ഓഫിസിൽ നിന്നുതന്നെ നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരുവഞ്ചാലിൽ നിലവിലുള്ള പാലത്തിന് വീതി കുറവായതിനാലും നടപ്പാത ഇല്ലാത്തതിനാലും ഗതാഗത തടസം നേരിടുന്നതിനാലുമാണ് പുതിയ പാലം പണിയുന്നത്. 6.8 കോടി രൂപ ചിലവിലാണ് പാലം നിർമിക്കുക. പാലത്തിന് 50.10 മീറ്റർ നീളവും, 7.50 മീറ്റർ ക്യാരേജ് വേയും, ഇരുവശത്തും 1.50 മീറ്റർ നടപ്പാതയോട് കൂടി ആകെ 11 മീറ്റർ വീതിയുമുണ്ടാവും. 24.85 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളാണുണ്ടാവുക. പാലത്തിന് തളിപ്പറമ്പ് ഭാഗത്ത് 60 മീറ്റർ നീളത്തിലും ആലക്കോട് ഭാഗത്ത് 100 മീറ്റർ നീളത്തിലും അപ്രോച്ച് റോഡും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനായി. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രേമലത, ബ്ലോക്ക് പഞ്ചായത്ത് അംഗം എം പി വാഹിദ, നടുവിൽ ഗ്രാമപഞ്ചായത്ത് അംഗം പി.കെ.ബാലകൃഷ്ണൻ, ആലക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ വിനു, സി എം രജിത, ഫാ. ജോസഫ് ഈനച്ചേരി, ദേവസ്യ പാലപ്പുറം, സാജൻ കെ.ജോസഫ്, വി എ റഹിം, സോമൻ വി ജി, സജി കുറ്റിയാനിമറ്റം, മാത്യു ചാണക്കാട്ടിൽ, മുരളി.കെ.ഡി, രാജേഷ് മാത്യു പുതുപ്പറമ്പിൽ, കൃഷ്ണൻ കൂലേരി, ജയിംസ് പുത്തൻപുര, കെ.പി.സാബു മാസ്റ്റർ എന്നിവർ സംസാരിച്ചു.
പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ കെ എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ഉത്തരമേഖല സൂപ്രണ്ടിംഗ് എൻജിനീയർ പി കെ മിനി സ്വാഗതവും പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ ജി എസ് ജ്യോതി നന്ദിയും പറഞ്ഞു.
Keywords: Minister PA Muhammad Riyas said that construction of mountain highway will be completed in time-bound manner, Kerala,Kannur,News,Top-Headlines,Latest-News,Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.