Minister | 'ഞാനുമുണ്ട് പരിചരണത്തിന്': ഗൃഹ സന്ദര്‍ശനം നടത്തി പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് സാന്ത്വനമേകി മന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (KVARTHA) പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഞാനുമുണ്ട് പരിചരണത്തിന്' കാംപയ്‌ന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഹോം കെയര്‍ ടീമിനോടൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. 

Minister | 'ഞാനുമുണ്ട് പരിചരണത്തിന്': ഗൃഹ സന്ദര്‍ശനം നടത്തി പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് സാന്ത്വനമേകി മന്ത്രി വീണാ ജോര്‍ജ്

പാലിയേറ്റീവ് പരിചരണം ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളയമ്പലം പാതിരപള്ളി വാര്‍ഡിലെ കെ എസ് വേണുഗോപാലന്‍ നായര്‍ (72), അംബികാദേവി (66) എന്നിവരെയാണ് മന്ത്രി വീട്ടിലെത്തി കണ്ടത്. വി കെ പ്രശാന്ത് എം എല്‍ എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

വീട്ടിലെത്തിയ മന്ത്രി ഇവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആര്‍മിയില്‍ നിന്നും വിരമിച്ചയാളാണ് വേണുഗോപാലന്‍ നായര്‍. രോഗം കാരണം 12 വര്‍ഷമായി വായിലൂടെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. അംബികാദേവിയ്ക്കും രോഗം ബാധിച്ചതോടെ ഇരുവര്‍ക്കും പാലിയേറ്റീവ് കെയര്‍ പ്രൈമറി യൂനിറ്റും സെകന്‍ഡറി യൂനിറ്റും കൃത്യമായ ഇടവേളകളില്‍ ഇവരുടെ വീട്ടിലെത്തി പരിചരണം ഉറപ്പാക്കുന്നു.

സംസാരിക്കാന്‍ കഴിയാത്ത വേണുഗോപാലന്‍ നായര്‍ ആംഗ്യ ഭാഷയിലൂടെ കാര്യങ്ങള്‍ സൂചിപ്പിച്ചു. വേണുഗോപാലന്‍ നായര്‍ ഉദ്ദേശിച്ചത് ഭാര്യയും മകളും വിശദീകരിച്ചു. ചികിത്സയുടെ ഭാഗമായി വിവിധ ആശുപത്രികളില്‍ നിന്ന് പലതവണ സര്‍ജറി ചെയ്യേണ്ടി വന്നതിന്റെ കാര്യങ്ങളും അദ്ദേഹം വിവരിച്ചു. 

വേണുഗോപാലന്‍ നായരെ പോലുള്ളവരുടെ മനോബലം രോഗം വന്നവര്‍ക്ക് കരുത്താണെന്ന് മന്ത്രി പറഞ്ഞു. മാസത്തിലൊരിക്കല്‍ കൃത്യമായി പാലിയേറ്റീവ് പരിചരണം ലഭിക്കാറുണ്ടെന്ന് അംബികാദേവിയും മറ്റ് ബന്ധുക്കളും പറഞ്ഞു. ഇതേറെ ആശ്വാസവും ആത്മവിശ്വാസവുമാണ് നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് മതിയായ ശാസ്ത്രീയ പരിചരണം ഉറപ്പാക്കാനായി ആവശ്യമായ ഇടപെടലുകള്‍ നടത്തി വരുന്നതായി മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍കാര്‍ മേഖലയില്‍ 1141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളാണുള്ളത്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെകന്‍ഡറി ലെവല്‍ യൂനിറ്റുകളും കമ്യൂണിറ്റി ഹെല്‍ത് സെന്ററുകളില്‍ 231 യൂനിറ്റുകളുമുണ്ട്.

എട്ട് മെഡികല്‍ കോളജുകളിലും ആര്‍ സി സി യിലും എം സി സി യിലും പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളുണ്ട്. കേരളത്തില്‍ കിടപ്പിലായ എല്ലാ രോഗികള്‍ക്കും പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുക എന്നതാണ് സര്‍കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പാലിയേറ്റീവ് കെയര്‍ ടീമിലെ ഡോ. അഞ്ജന എസ് പി, നഴ്സുമാരായ ലുദിയ, അര്‍ചന, കോ-ഓര്‍ഡിനേറ്റര്‍ റോയി, ആശാ വര്‍കര്‍ ശശികല എന്നിവരും ഒപ്പമുണ്ടായിരുന്നു.

Keywords: Minister Veena George consoled palliative care patients, Thiruvananthapuram, News, Minister Veena George, Visit, Palliative Care Patients, Health, Hospital, Treatment, Doctors, Patients, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia