Minister | കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍കാര്‍ ശ്രമം നടത്തുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (www.kvartha.com) കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍കാര്‍ ശ്രമം നടത്തുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍കാരിന്റെ നയത്തിന്റെ കൂടി ഭാഗമാണതെന്ന് മന്ത്രി പറഞ്ഞു. ആര്‍സിസിയില്‍ ഹൈടെക് ഉപകരണങ്ങളുടെ ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള മൂന്ന് ടെസ്ല എംആര്‍ഐ യൂനിറ്റിന്റെയും മൂന്ന് ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂനിറ്റിന്റെയും ഉദ് ഘാടനം മന്ത്രി വീണാ ജോര്‍ജും, അനെര്‍ടിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന സൗരോര്‍ജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമാണ് നിര്‍വഹിച്ചത്.

സര്‍കാരിന്റെ നവ കേരളം കര്‍മപദ്ധതി പദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കാന്‍സര്‍ ചികിത്സയും പ്രതിരോധവും. കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുക, പ്രാരംഭത്തില്‍ തന്നെ ചികിത്സിക്കുക, മികച്ച ചികിത്സയ്ക്കായി ആധുനിക ചികിത്സാ സങ്കേതങ്ങള്‍ ഉണ്ടാകുക എന്നത്. ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ കാന്‍സര്‍ കെയര്‍ ആരംഭിച്ചിട്ടുണ്ട്.

ജീവിത ശൈലീ രോഗങ്ങളേയും കാന്‍സറിനേയും നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഈ സര്‍കാര്‍ ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ കാംപയ് ന്‍ ആരംഭിച്ചു. ഇതിലൂടെ 1.45 കോടി പേരെ സ്‌ക്രീന്‍ ചെയ്യാന്‍ സാധിച്ചു. പ്രാഥമികമായ വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായവര്‍ക്ക് പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തുന്നു. കാന്‍സര്‍ ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനായി 14 ജില്ലകളിലും കാന്‍സര്‍ ഗ്രിഡ് രൂപീകരിച്ചിട്ടുണ്ട്. കാന്‍സര്‍ ഡേറ്റ രെജിസ്ട്രി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

കാന്‍സര്‍ രോഗമുണ്ടെങ്കില്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ജനപങ്കാളിത്തത്തോടെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റീജിയനല്‍ കാന്‍സര്‍ സെന്റര്‍ ആധുനിക രീതിയില്‍ ശാസ്ത്രീയമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ആര്‍.സി.സി.യില്‍ പുതിയ ചികിത്സാ സംവിധാനങ്ങളൊരുക്കുന്നത്.

കേരളത്തില്‍ സ്തനാര്‍ബുദം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രാരംഭദശയില്‍തന്നെ രോഗം കണ്ടുപിടിക്കുന്നതിനുള്ള കൂടുതല്‍ രോഗനിര്‍ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ അത്യാധുനിക ഡിജിറ്റല്‍ മാമോഗ്രഫി യൂനിറ്റ് ആര്‍സിസിയില്‍ സജ്ജമാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ സൂക്ഷ്മതയോടെയും വ്യക്തതയോടെയും വേഗത്തിലും സ്തനാര്‍ബുദം കണ്ടെത്താനുള്ള ഈ ഉപകരണത്തിന് 2.5 കോടി രൂപയാണ് ചിലവ്. ബയോപ്സിക്കുകൂടി സൗകര്യമുള്ള ഇത്തരമൊരു മാമോഗ്രഫി യൂനിറ്റ് കേരളത്തില്‍ ആദ്യമായാണ് സ്ഥാപിച്ചിരിക്കുന്നത്.

അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള രോഗീസൗഹൃദ 3 ടെസ്ല എംആര്‍ഐ യൂനിറ്റാണ് ആര്‍സിസിയില്‍ സജ്ജമാക്കിയിരിക്കുന്നത്. 19.5 കോടി രൂപയാണ് ഈ മെഷീന്‍ സ്ഥാപിക്കാന്‍ ചിലവായിട്ടുള്ളത്. സാധാരണ എംആര്‍ഐ യൂനിറ്റിനെക്കാള്‍ വേഗത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുത്ത് വിശകലനം നടത്തി രോഗ നിര്‍ണയം നടത്താനുള്ള ഹൈടെക് സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. സ്തനാര്‍ബുദ നിര്‍ണയത്തിനുള്ള ബ്രസ്റ്റ് കോയില്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ നിര്‍ണയത്തിനുള്ള പ്രത്യേക സംവിധാനം എന്നിവയും ഈ യൂനിറ്റില്‍ ഉണ്ട്.

Minister | കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍കാര്‍ ശ്രമം നടത്തുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്

ഗ്രീന്‍ പ്രോടോകോള്‍ പ്രകാരം എനര്‍ജി ഓഡിറ്റ് നടത്തി പൂര്‍ണമായി സര്‍കാര്‍ ആശുപത്രികളെ സൗരോര്‍ജത്തിലേക്ക് മാറാനാണ് ശ്രമിച്ച് വരുന്നത്. ആശുപത്രികളിലെ വൈദ്യുതി ചാര്‍ജ് വളരെയേറെ കുറയ്ക്കാന്‍ സാധിക്കും. പൂര്‍ണമായും സോളാര്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയായി ആര്‍സിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍, അനെര്‍ട് സിഇഒ നരേന്ദ്രനാഥ് വേലൂരി, കൗണ്‍സിലര്‍ ഡിആര്‍ അനില്‍, ആര്‍സിസി അഡീഷനല്‍ ഡയറക്ടര്‍ ഡോ. എ സജീദ് എന്നിവര്‍ പങ്കെടുത്തു.

Keywords:  Minister Veena George says government is trying to provide lowest price of cancer drugs, Thiruvananthapuram, News, Health, Health and Fitness, Health Minister, Veena George,  Lowest Price Of Cancer Drug, Inauguration, Patient, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia