Tragedy | ഇരട്ടയാർ ഡാമിൽ കുട്ടികൾ കാണാതായ സംഭവം: തിരച്ചിൽ ശക്തമാക്കി; ഡ്രോണ്‍ പരിശോധനയും
● രക്ഷാപ്രവർത്തനം തീവ്രമായി നടക്കുന്നു
● ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ ഉൾപ്പെടെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇടുക്കി: (KVARTHA) ഇരട്ടയാർ ഡാമില്‍ കാണാതായ കുട്ടിക്കായി തിരച്ചിൽ രണ്ടാം ദിവസവും തുടരുകയാണ്. നൈറ്റ് വിഷൻ ഡ്രോണും കുട്ടികള്‍ കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് സ്കൂബ ടീം ബോട്ട് ഉപയോഗിച്ച് പരിശോധിക്കും. തുടർന്ന് ഇരട്ടയാർ ടണല്‍ ഭാഗത്തേക്ക് ഡ്രോണ്‍ സംഘത്തെ ബോട്ടില്‍ എത്തിച്ച് ഡ്രോണ്‍ ടണലിലേക്ക് പറത്താനാണ് പദ്ധതിയിടുന്നത്. ഏകദേശം 300 മീറ്റർ ദൂരത്തുള്ള ടണലിൽ വച്ച് അപകടം സംഭവിച്ചിരിക്കാമെന്നാണ് സൂചന.
അഞ്ചുകിലോമീറ്റർ ദൈർഘ്യമുള്ള ടണലാണ് ഇരട്ടയാറ്റില്‍ നിന്നും അഞ്ചുരുളിയിലേക്കുള്ളത്. ഇതിനുള്ളിലെ പരിശോധനയ്ക്കാണ് നൈറ്റ് വിഷൻ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. ഇരട്ടയാറില്‍ നിന്നും അഞ്ചുരുളിയില്‍ നിന്നും ഡ്രോണുകള്‍ പറത്തി പരിശോധന നടത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം . ഏകദേശം അഞ്ചു കിലോമീറ്റർ നീളമുള്ള ഈ ടണലിൽ കുട്ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് രക്ഷാപ്രവർത്തകരുടെ അഭിപ്രായം.
പോലീസ് പറയുന്നതനുസരിച്ച്, ഓണാവധി ആഘോഷിക്കാനാണ് ഇരട്ടയാർ ചേലക്കകവലയിലെ തറവാട് വീട്ടിലേക്ക് വളകോട് സ്വദേശി അസൗരേഷും, കായംകുളം സ്വദേശി അതുല്‍ ഹർഷും സഹോദരങ്ങളോടൊപ്പം എത്തിയത്. കുട്ടികൾ കളിക്കാനായി ഡാമിന്റെ ഭാഗത്തേക്ക് പോയി വെള്ളത്തിൽ കുളിക്കാനിറങ്ങവെ കാല്‍വഴുതി രണ്ടുപേരും വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.
ഇവർ ഒഴുക്കില്‍ പെട്ടത്തോടെ കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ച് ആളുകളെ കൂട്ടി. ഓടികൂടിയ നാട്ടുകാർ ചേർന്ന് അതുല്‍ ഹർഷിനെ ടണലിന് സമീപത്തുനിന്ന് കരയ്ക്ക് എടുത്ത ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മറ്റൊരു കുട്ടിയെ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
കുട്ടികളുടെ ചെരുപ്പും വസ്ത്രങ്ങളും കുളിച്ചിരുന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതുല്‍ഹർഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
#missingchild #irattyardam #kerala #rescueoperations #tragedy #safetyfirst