Rescue Mission | ചൂണ്ടയിടുന്നതിനിടെ കാണാതായ കാസര്‍കോട്ടെ പ്രവാസി യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ആറാം ദിനവും ഊര്‍ജിതമായി തുടരുന്നു; ശക്തി പകരാന്‍ നാവിക സേനയുടെ സ്‌കൂബ ഡൈവിംഗ് സംഘവും
കാസര്‍കോട്: (KVARTHA) കീഴൂര്‍ കടപ്പുറത്ത് ചൂണ്ടയിടുന്നതിനിടെ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിനെ (36) കണ്ടെത്താനുള്ള തിരച്ചിലിന് ശക്തി പകരാന്‍ നാവിക സേനയുടെ സ്‌കൂബ ഡൈവിംഗ് സംഘവും. ഇത് കൂടാതെ ഫിഷറീസ് വകുപ്പിന്റെ പട്രോള്‍ ബോട് വ്യാഴാഴ്ച രാവിലെ കീഴൂര്‍ അഴിമുഖത്തു നിന്നും തലശേരി ഭാഗത്തേക്ക് തിരച്ചില്‍ ആരംഭിച്ചു. കണ്ണൂര്‍ ജില്ലയിലെ ഫിഷറീസിന്റെ പട്രോള്‍ ബോട് ഏഴിമല ഭാഗത്ത് നിന്നും തലശേരി ഭാഗത്തേക്ക് പുറപ്പെട്ടിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി.
ബോട്ടുകളിലുള്ള മീന്‍പിടുത്ത തൊഴിലാളികള്‍ക്ക് വയര്‍ലെസ് വഴി തിരച്ചില്‍ സംബന്ധിച്ച നിര്‍ദേശം നല്‍കുന്നുണ്ട്. അടിത്തട്ടിലെ ശക്തമായ അടിയൊഴുക്ക് തിരച്ചിലിനെ ബാധിക്കുന്നുണ്ടെങ്കിലും നാവിക സേനയുടെ സഹായത്തോടെ തിരച്ചില്‍ കൂടുതല്‍ ശാസ്ത്രീയമായി നടത്താനാകുമെന്നാണ് പ്രതീക്ഷ.
റവന്യൂ വകുപ്പ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റല്‍ പൊലീസ്, ഫിഷറീസ് വകുപ്പ്, പ്രദേശവാസികള്‍ എന്നിവരും തിരച്ചിലില്‍ പങ്കാളികളാണ്്. കോസ്റ്റ് ഗാര്‍ഡ് ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ചും തിരച്ചില്‍ നടത്തിയിരുന്നു. കര്‍ണാടകയിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ സ്ഥലത്തെത്തി കഴിഞ്ഞദിവസം മൂന്ന് മണിക്കൂറോളം കീഴൂര്‍ കടലില്‍ ഡൈവിംഗ് നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. 700 മീറ്ററോളം താഴ്ചയില്‍ വരെ തിരച്ചില്‍ നടത്തിയിരുന്നു. എങ്കിലും തിരച്ചിലിന് ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും അധികൃതരും.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടാനെത്തിയ റിയാസിനെ കാണാതായത്. ഒരുമാസം മുന്‍പാണ് റിയാസ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. പ്രദേശത്ത് നിന്നും റിയാസിന്റെ ബാഗും സ്‌കൂടറും കണ്ടെത്തിയിരുന്നു.തുടര്‍ന്ന് കടലില്‍ വീണതാകുമെന്ന സംശയത്തില്‍ അന്വേഷണം തുടരുകയായിരുന്നു. ഈ സമയത്ത് റിയാസിനെ ആരും തന്നെ കടല്‍ത്തീരത്ത് കാണാത്തതുകൊണ്ടുതന്നെ എന്ത് സംഭവിച്ചു എന്ന കാര്യം വ്യക്തമല്ല.
കടലില്‍ വീണിട്ടുണ്ടെങ്കില്‍ ഏതു ഭാഗത്താണ് റിയാസിനെ കാണാതായതെന്നത് സംബന്ധിച്ചും വ്യക്തതയില്ലാത്തത് തിരച്ചിലിനെ ദുര്‍ഘടമാക്കുന്നു. അടിത്തട്ടിലെ ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ ബാധിക്കുന്നു.
റിയാസിനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്തുന്നതിനായി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവാത്തത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും ഇടപെടലും ഉണ്ടായതിന് പിന്നാലെയാണ് ഭരണകൂടം ചില നടപടികള്‍ സ്വീകരിച്ചത്.
#Kasaragod #MissingExpat #KeralaNews #SearchOperation #RescueMission #CoastalSearch