Found Dead | 9 ദിവസം മുമ്പ് കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: (KVARTHA) ഒമ്പത് ദിവസം മുമ്പ് കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കോളയാട് മേനച്ചോടിയിലെ തയ്യില്‍ വീട്ടില്‍ റെനിമോന്‍ യേശുരാജി(ഷിബി-35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോളയാട് സെന്റ് കോര്‍ണേലിയസ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നുമാണ് തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.
യേശുരാജ് - നിര്‍മല ദമ്പതികളുടെ മകനാണ് മരിച്ച റെനിമോന്‍. ചെറുവാഞ്ചേരി ചെങ്കല്‍ പണയില്‍ ലോറി ഡ്രൈവറായിരുന്നു. ജൂലായ് 16 മുതല്‍ റെനിമോനെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ കണ്ണവം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ റെനിമോന്‍ ഉപയോഗിച്ചിരുന്ന ബൈക് മേനച്ചോടി റോഡ് സൈഡില്‍ പാര്‍ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കണ്ണപുരം പൊലീസും പ്രതികരിച്ചു.
പ്രിന്‍സ്, വിപിന്‍ എന്നിവര്‍ മരിച്ച റെനിമോന്റെ സഹോദരങ്ങളാണ്.