Accident | കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരുക്ക്
● മൃദംഗനാദം നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ.
● ഏകദേശം 20 അടി ഉയരത്തിൽ നിന്നാണ് താഴേക്ക് വീണത്.
● മന്ത്രി സജി ചെറിയാനും പരിപാടിയിൽ പങ്കെടുത്തിരുന്നു.
കൊച്ചി: (KVARTHA) കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് പരുക്കേറ്റു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 12,000 ഭരതനാട്യ നർത്തകർ പങ്കെടുത്ത മൃദംഗനാദം നൃത്തസന്ധ്യയുടെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഉമാ തോമസ്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ പരിപാടിയിൽ മന്ത്രി സജി ചെറിയാനുൾപ്പെടെ നിരവധി ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.
പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് പോകുന്നതിനിടെ, ഗാലറിയിൽ താൽക്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഏകദേശം 20 അടിയോളം ഉയരത്തിൽ നിന്നാണ് എംഎൽഎ താഴേക്ക് പതിച്ചതെന്നാണ് വിവരം. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്നും വിവരങ്ങളുണ്ട്. ഉടൻതന്നെ സന്നദ്ധപ്രവർത്തകർ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ ഉമാ തോമസിനെ അടുത്തുള്ള പാലാരിവട്ടം റിനെ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് എംഎൽഎയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. മുറിവിൽ നിന്ന് രക്തം വാർന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്ത് റിബൺ മാത്രമാണ് കെട്ടിയിരുന്നതെന്നും മതിയായ ബാരിക്കേഡുകൾ ഉണ്ടായിരുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. ഇത് ശ്രദ്ധയിൽ പെടാതെ എംഎൽഎ താഴേക്ക് വീഴുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ നിരവധി രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും ആശുപത്രിയിലെത്തി.
#UmaThomas #Kochi #StadiumAccident #KeralaPolitics #MridangaNadham #Accident