എം എം മണി ചോദ്യം ചെയ്യാന്‍ ഹാജരാകില്ല

 


എം എം മണി ചോദ്യം ചെയ്യാന്‍ ഹാജരാകില്ല
തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം എം മണി പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരാകില്ല. ബുധനാഴ്ച രാവിലെ ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം മണിക്ക് നോട്ടീസ് നല്‍കിയിരുന്നു.

കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണു സൂചന. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മണിക്കെതിരായ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടാല്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രസക്തി ഇല്ലാതാവും. മറിച്ചാണ് ഉത്തരവെങ്കില്‍ മണി ചോദ്യംചെയ്യലിന് വിധേയനാകണം.

കഴിഞ്ഞ 25 നായിരുന്നു വിവാദ പ്രസംഗം. ഇതു വിവാദമായതോടെ മണി പരാമര്‍ശിച്ച കൊലപാതകങ്ങള്‍ പുനരന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ മണിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 109, 118 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു.കേസിലെ പഴയ സാക്ഷികളെയും പ്രതികളെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മണിയെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്.

നിയമോപദേശം തേടിയശേഷം മാത്രം മണി ഹാജരായാല്‍ മതിയെന്നു കഴിഞ്ഞ ദിവസം സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. നിയമോപദേശം തേടുന്നതിനായി രണ്ടു ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവര്‍ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയശേഷമാണ് മണി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ടെന്നു തീരുമാനിച്ചത്.

Keywords:  CPM, Thodupuzha, Kerala, Court, Notice


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia