വിവാദ പ്രസംഗം: എം.എം. മണി സി.പി.എമ്മില്‍ നിന്ന് ഔട്ട് ?

 


വിവാദ പ്രസംഗം: എം.എം. മണി സി.പി.എമ്മില്‍ നിന്ന് ഔട്ട് ?
കൊച്ചി: രാഷ്ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കിയിട്ടുണ്ടെന്ന് വിവാദ പ്രസംഗം നടത്തfയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയെ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കുമെന്ന് സൂചനകള്‍ ശക്തം. മണിയുടെ പ്രസംഗം പാര്‍ട്ടി നയമല്ലെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നുള്ള വ്യതിചലനമാണെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി വിശദീകരിച്ചതിന് പിന്നാലെയാണ് മണിയുടെ സ്ഥാനചലനം സംബന്ധിച്ച പ്രചാരണം രാഷ്ട്രീയ രംഗങ്ങളില്‍ ശക്തമായത്. കടുത്ത പിണറായി പക്ഷക്കാരനായ മണിയെ സംസ്ഥാന സെക്രട്ടറി തന്നെ കൈവിട്ടതോടെ അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കാനുള്ള നടപടികള്‍ക്ക് ആക്കം കൂടിയെന്നാണ് പൊതുവിലയിരുത്തല്‍.

അതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും മണിക്കെതിരെ രംഗത്തുവന്നതും സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. മോഡിയുടെ പ്രസ്താവന വന്ന ഉടന്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയും വിവാദ പ്രസംഗത്തെ പറ്റി സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി. ഇതിന് തൊട്ടു പിന്നാലെയാണ് പിണറായി എ.കെ.ജി സെന്ററില്‍ അടിയന്തിര പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത് മണിയെ തള്ളി പറഞ്ഞത്. ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാത്ത അപൂര്‍വ്വമായ പത്രസമ്മേളനമാണ് പിണറായി ഞായറാഴ്ച ഉച്ചയോടെ നടത്തിയത്. സംസ്ഥാന നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച് വിവാദ പ്രസംഗം സംബന്ധിച്ച് കേന്ദ്ര നേതൃത്വവും വിശദീകരണം പുറപ്പെടുവിയ്ക്കും.

മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് നരേന്ദ്രമോഡി രംഗത്തിറങ്ങിയത്. മണിയുടെ ഭാഷ ഭീകരരുടേയും, മാവോയിസ്റ്റുകളുടേയുമാണെന്നും മോഡി പറഞ്ഞു. എതിരാളികളെ കൊന്നിട്ടുണ്ടെന്ന് പരസ്യമായി പറയുന്ന നേതാവിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും മനുഷ്യാവകാശ കമ്മീഷനുകളും എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും മോഡി ചോദിച്ചിട്ടുണ്ട്.

അതേസമയം മണിക്കുവേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുന്‍മന്ത്രിയുമായ എ.കെ. ബാലന്‍ മാത്രമാണ് പരസ്യമായി പിന്തുണച്ച് രംഗത്തുവന്നത്. മണിയുടെ പ്രസംഗം വെറും വികാര പ്രകടനമെന്നാണ് ബാലന്‍ വിശേഷിപ്പിച്ചത്. മണിയുടെ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് എം.ഐ. ഷാനവാസ് എം.പി ആവശ്യപ്പെട്ടു. വിവാദ പ്രസംഗത്തിന്റെ ടേപ്പ് പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രസംഗം സംബന്ധിച്ച് അന്വേഷണം നടത്താമെന്നാണ് സംസ്ഥാന സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. അതിനിടെ ഇടുക്കിയില്‍ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ഐ.എന്‍.ടി.യു.സി നേതാവ് അഞ്ചേരി ബേബിയുടെ ബന്ധുക്കള്‍ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. 1982 നവംബര്‍ 19നാണ് ബേബി വെടിയേറ്റ കൊല്ലപ്പെട്ടത്. ഈ കേസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ ഇവരെ വെറുതെ വിടുകയായിരുന്നു.

Keywords: M.M.Mani, Idukki, CPM, Secretary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia