Weddings | കല്യാണം കഴിക്കാന്‍ പോകുന്ന ആണും പെണ്ണും വിവാഹത്തിന് മുമ്പ് അറിയേണ്ട കാര്യങ്ങൾ
● വിവാഹ ആഘോഷങ്ങളിലെ അമിത ചെലവ് സാമ്പത്തിക ബാധ്യതകൾക്ക് കാരണമാകുന്നു.
● സമൂഹത്തിന്റെ പരമ്പരാഗത വിവാഹ കാഴ്ചപ്പാടിൽ മാറ്റം ആവശ്യമാണ്.
● വിവാഹ മോചന നിരക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.
മിൻ്റാ സോണി
(KVARTHA) ഇന്ന് നമ്മുടെ സമൂഹത്തിൽ വിവാഹം എന്നത് വലിയൊരു ആഘോഷമാണ്. ധാരാളം പണം ആണ് ഇതിൻ്റെ ചെലവിലേയ്ക്കായി പലരും വിനിയോഗിക്കുന്നത്. സാധുക്കളെ സഹായിക്കാൻ ഉപയോഗിച്ചില്ലെങ്കിലും വിവാഹത്തിൻ്റെ കൊഴുപ്പിന് ഒരു കുറവും വരരുതേ എന്ന് ചിന്തിക്കുന്നവരാണ് മലയാളികളിൽ പലരും. വിവാഹം ഒന്നിനൊന്ന് കൊഴുപ്പിക്കാൻ പല സംവിധാനങ്ങളും ഇവിടെ ഒരുക്കുന്നു എന്നതാണ് സത്യം. സെലിബ്രേറ്റി കല്യാണങ്ങളിലോ അവരുടെ മക്കളുടെ വിവാഹങ്ങളിലോ ഒക്കെ പണത്തിൻ്റെ കണക്ക് ഒരിടത്തും നിൽക്കുന്നില്ല.കോടിക്കണക്കിന് രൂപയാണ് വിവാഹ ആവശ്യത്തിലേയ്ക്ക് അവർ ഒഴുക്കുന്നത്.
എന്നാൽ പല വിവാഹങ്ങളുടെയും ശോഭ ആദ്യത്തെ ആഘോഷത്തിനൊപ്പം അവസാനിക്കുന്നതാണ് പിന്നീട് നാം കാണുന്നത്. ജീവിതം കുറച്ചു നാൾ അടിച്ചുപൊളിച്ച് നീങ്ങി കഴിയുമ്പോൾ പല ദമ്പതികളും പിരിയുന്ന വാർത്തകളാണ് നമ്മെ തേടിയെത്തുന്നത്. ഇത് വല്ലാത്ത ഒരു സാഹചര്യമാണ്, പ്രത്യേകിച്ച് ഇത് ഏറ്റവും കൂടുതൽ നടക്കുന്നത് ഈ പ്രബുദ്ധകേരളത്തിലാണെന്ന് പറയുമ്പോൾ. തീർച്ചയായും എന്തെങ്കിലും കണ്ട് എടുത്തു ചാടേണ്ട ഒന്നല്ല വിവാഹം. കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കി വിവാഹ ജീവിതത്തെ സമീപിച്ചാൽ ആണിനും പെണ്ണിനും അതിലൂടെ സുരക്ഷിതമായി ജീവിക്കാം. കുടുംബജീവിതം എന്നത് ഒരു സ്വർഗ മായി തീരുകയും ചെയ്യും.
ജാതി, മത, വർഗ അതിർവരമ്പുകളിൽ ജീവിക്കുന്നവരെയും അല്ലാത്തവരെയും ഒക്കെ ഉദ്ദേശിച്ച് കല്യാണം കഴിക്കാന്‍ പോകുന്ന ആണിനോടും പെണ്ണിനോടും, വിവാഹം കഴിക്കുന്നതിനുമുമ്പ്... എന്ന് പറയുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. വിവാഹം കഴിക്കാൻ തയാറായിരിക്കുന്ന യുവതി - യുവാക്കൾക്ക് പ്രത്യേകം ഉപദേശം നൽകുന്ന ഈ കുറിപ്പ് എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളെയും ഉദ്ദേശിച്ച് നാല് സ്റ്റെപ്പ് ആയി വിവരിച്ചിരിക്കുന്നു.
കുറിപ്പിൽ പറയുന്നത്: 'കാലം മാറിക്കൊണ്ടിരിക്കുകയാണ്. ഇനി കല്യാണം കഴിക്കാൻ പോകുന്നവർ തന്റെ ജീവിതത്തെ ഒന്ന് മുൻകൂട്ടി കാണുന്നത് നല്ലതാണ്. എല്ലാ ദിവസവും പുതിയ പുതിയ ഡൈവോഴ്സ് കഥകൾ കൂടിക്കൂടി വരുകയാണ്. തൊട്ടതിനും പിടിച്ചതിനും എല്ലാം ഡിവോഴ്സ് ആണ്. ഇനി കല്യാണം കഴിക്കാൻ പോകുന്നവർ ഒന്ന് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
1. ഒന്നാമത്തെ സ്റ്റെപ്
പെട്ടെന്നുളള പ്രണയത്തിൽ വിവാഹം കഴിക്കുന്നതിലും നല്ലത് ഒരു ലിവിങ് ടുഗതർ എഗ്രിമെന്റ് ഉണ്ടാക്കി ഒന്നിച്ച് ജീവിച്ച് വിജയിക്കുമോ എന്ന് നോക്കുന്നതാണ്. അല്ലെങ്കിൽ കുറച്ചു ദിവസം ആളെ മനസ്സിലാക്കാൻ ശ്രമിക്കുക ആളെ പഠിച്ചെടുക്കുക. അതാകുമ്പോൾ ഒരു പരിക്കുമില്ലാതെ രണ്ടുപേർക്കും ഗുഡ്ബൈ പറഞ്ഞ് പിരിയാം. ഇനി കുഴപ്പമില്ല എന്ന് തോന്നിയാൽ അഞ്ചോ പത്തോ വർഷം കഴിഞ്ഞ് ഒരു നോട്ടീസ് കൊടുത്ത് വിവാഹം രജിസ്റ്റർ ചെയ്താൽ മതി. കുട്ടികൾ എന്നത് ഏതായാലും വിവാഹം കഴിഞ്ഞ് 100% വും ഓക്കെയാണെന്ന് തോന്നിയതിനു ശേഷം മാത്രം മതി.
2. രണ്ടാമത്തെ സ്റ്റെപ്
വീട്ടുകാരുടേയും, നാട്ടുകാരുടേയും അഭിപ്രായത്തിന് വിലകൽപ്പിച്ച് മുന്നോട്ട് പോകുന്ന ആളാണെങ്കിൽ 1) തുല്യമായ ജാതി, മത, സാമ്പത്തീക നിലകളിലുളളവരുമായി മാത്രം വിവാഹത്തിലേർപ്പെടുക. എന്തെന്നാൽ വിവാഹത്തിന് മുമ്പ് നമ്മൾ പലതും അറിയുന്നില്ല. ഇരു കൂട്ടരും പലതും ഒളിക്കുന്നുണ്ട്. ആദ്യത്തെ കുറച്ച് നാളുകൾക്ക് ശേഷമായിരിക്കും സത്യമെല്ലാം പുറത്ത് വരിക. പിന്നെ അതിൽ നിന്നും പുറത്തു കടക്കാൻ പറ്റിയെന്നുവരില്ല.
2) അന്യോന്യം വിശ്വസ്ഥത പുലർത്തുക. 3) രണ്ടുപേരും തുല്യരാണ് എന്ന ചിന്ത രണ്ടു പേർക്കും ഉണ്ടാകണം. 4) എല്ലാ കാര്യങ്ങളിലും അഭിപ്രായം അറിഞ്ഞു മാത്രം തീരുമാനങ്ങളിലെത്തുക. 5) പഴയകാലത്തെപ്പോലെ പെൺകുട്ടികളെ അടുക്കളയിലേയ്ക്കായി പുടവകൊടുത്ത് കൊണ്ടുവന്നാൽ ഇന്ന് ആരും അതിന് നിന്നു തരില്ല എന്ന സത്യം മനസിലാക്കുക. 6) സാമ്പത്തീക ഭദ്രത ഉണ്ടായതിനുശേഷം കുട്ടികളുടെ കാര്യം ആലോചിക്കുക. 7) തുറന്ന് സംസാരിക്കാനുളള ഒരു സ്പേസ് അന്യോന്ന്യം ഉണ്ടായിരിക്കണം, അല്ലെങ്കിൽ വിവാഹം പരാജയമാകും.
8) അന്യോന്യം ബന്ധുക്കളേയും മറ്റും കുറ്റപ്പെടുത്തതിരിക്കുക. - തമാശയാണെങ്കിൽ പോലും ആദ്യകാലത്ത് അത് സ്ട്രൈക്ക് ചെയ്യും - കുറെ കാലശേഷം ആണെങ്കിൽ അത് പ്രശ്നമാകില്ല. മാത്രവുമല്ല രണ്ടുപേരുടേയും ഹ്യൂമർസെൻസ് വ്യത്യസ്ഥമായിരിക്കും. ആ ഒരു ലെവലിലേയ്ക്ക് എത്തുവാൻ (പരിധി മനസിലാക്കാൻ ) കുറച്ചുകാലം എടുക്കും. 9) വ്യക്തിശുചിത്വം പാലിക്കുക. 10) മദ്യപാനം ഭാര്യക്ക് കുഴപ്പമില്ലെങ്കിൽ മാത്രം വല്ലപ്പോഴും ആകാം. സ്ഥിരം പരിപാടിയായാൽ ശാരീരീകവും, മാനസീകവും, സാമ്പത്തീകവുമായി ബന്ധം തകരാറിലാകും. (മദ്യം ആരോഗ്യത്തിന് നല്ലതല്ല).
3. മൂന്നാമത്തെ സ്റ്റെപ്
ഏത് വിവാഹ ബന്ധത്തിലും അസ്വാരസ്യങ്ങളൊക്കെ ഉണ്ടാകും. അതിലേയ്ക്ക് ബന്ധുക്കളെ വലിച്ചിടാതിരിക്കുന്നതാണ് ബന്ധം തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നല്ലത്. അവരിടപെട്ടാൽ പിന്നെ ഒരിക്കലും തിരിച്ച് പോകാനാകാത്ത വിധം പ്രശ്നം കൈയ്യിൽ നിന്നും പോകും. അതിനാൽ നമ്മൾ നമ്മളെ തന്നെ ആദ്യം വിലയിരുത്തുക. 'ഇനി മുതൽ എനിക്കിത് വേണ്ട' എന്ന് എന്നും പറയുകയും, പിറ്റേന്നു മുതൽ അതില്ലാതെ പറ്റില്ലാത്ത ആളാണോ നമ്മൾ എന്നും സ്വയം ആദ്യം തീരുമാനമെടുക്കുക.
അങ്ങിനെ ഉളള ആൾ ഒരിക്കലും അപ്പോഴത്തെ ദേഷ്യത്തിനും, അരിശത്തിനും ഒറ്റച്ചാട്ടത്തിന് കിണറ്റിൽ വീണാൽ ഒമ്പത് ചാട്ടത്തിന് പുറത്ത് വരാനൊക്കില്ല. എന്നാൽ അതേസമയം തന്നെ മദ്യപാനം, ദേഹോപദ്രവം മുതലായവയൊക്കെ ഉണ്ടെങ്കിൽ ഒട്ടും താമസിയാതെ വിവാഹബന്ധത്തിൽ നിന്നും പുറത്തു കടക്കുന്നതാണ് നല്ലത്. കൂടുതൽ പഴകുന്തോറും പിന്നിലേയ്ക്ക് വരാനുളള ദൂരവും കൂടും.
4. നാലാമത്തെ സ്റ്റെപ്
അവിഹിതം അത് ഭാര്യയായാലും ഭർത്താവായാലും, അക്കരപച്ച നല്ലതല്ല. നിങ്ങൾ വിവാഹബന്ധത്തിന് തയ്യാറാണോ എന്നത് സത്യസന്ധമായി ചിന്തിക്കുക. അതിനുശേഷം മാത്രം ഇറങ്ങി പുറപ്പെടുക.
തീർച്ചയായും ഈ സന്ദേശം പുതുതായി വിവാഹം കഴിക്കാൻ തയാറെടുത്തിരിക്കുന്ന എല്ലാവർക്കും ഉപകാരപ്പെടട്ടേ. വിയോജിപ്പ് ഉണ്ടെങ്കിൽ അതും നിങ്ങൾക്ക് രേഖപ്പെടുത്താവുന്നതാണ്. വിവാഹം എന്നത് നിസാരകാര്യമായി എടുക്കരുത്. അങ്ങനെ വരുന്നതാണ് വിവാഹ മോചനത്തിലും മറ്റും കലാശിക്കുന്നത്. നല്ലൊരു കുടുംബം എന്നത് ഈ നാടിൻ്റെ വളർച്ചയ്ക്കും സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന കാര്യവും എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും.
അതിന് റോൾ മോഡൽ ആകേണ്ടത് ഇനി വിവാഹജീവിത്തിലേയ്ക്ക് കടക്കുന്ന ദമ്പതികൾ ആവണം. അതിന് ഇത്തരം കാര്യങ്ങൾ ഉപകരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. ഈ ലേഖനം നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവയ്ക്കുക.
#marriage #love #relationships #family #society #India #Kerala #culture #trends