Disaster | പ്രധാനമന്ത്രി ശനിയാഴ്ച വയനാട് സന്ദര്‍ശിക്കാനിരിക്കെ ആകാംക്ഷയോടെ ദുരിതബാധിതരും ജനപ്രതിനിധികളും; ഉയരുന്നത് ഒരേ ഒരു ചോദ്യം മാത്രം; മോദി ദുരന്ത മേഖലയ്ക്ക് വേണ്ടി എന്ത് പ്രഖ്യാപിക്കും?
വയനാട്: (KVARTHA) ഉരുള്‍പൊട്ടലില്‍ സര്‍വതും തകര്‍ന്ന മേപ്പാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദര്‍ശനം നടത്താനിരിക്കെ ആകാംക്ഷയോടെ ദുരിതബാധിതരും ജനപ്രതിനിധികളും. എല്ലാ കോണുകളില്‍ നിന്നും ഉയരുന്നത് ഒരേ ഒരു ചോദ്യം മാത്രം, അത് ഇതാണ്, മോദി ദുരന്ത മേഖലയ്ക്ക് വേണ്ടി എന്ത് പ്രഖ്യാപിക്കും എന്ന്. ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയുടെ സന്ദര്‍ശനം എന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
നൂറ് കണക്കിനാളുകള്‍ ഉരുള്‍പൊട്ടലിന് ഇരയായി മരിക്കുകയും വീടും കൃഷിയിടങ്ങളും നശിക്കുകയും മുണ്ടക്കൈ, ചൂരല്‍മല എന്നീ രണ്ട് ഗ്രാമങ്ങള്‍ മുഴുവനായും ഇല്ലാതാകുകയും ചെയ്തിരിക്കുന്നു. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങളാകട്ടെ പലതും അംഗവൈകല്യം സംഭവിച്ച നിലയിലായിരുന്നു. പലര്‍ക്കും തങ്ങളുടെ കുടുംബാംഗങ്ങളെ എല്ലാം നഷ്ടപ്പെട്ടു. വേദനാജനകമായ കാഴ്ചകളാണ് എങ്ങും കാണാനാകുന്നത്.
വയനാടിനെ പിടിച്ചുയര്‍ത്താന്‍ രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ നേതാക്കളും ഒത്തൊരുമയോടെ മുന്നോട്ടുവന്നു. സഹായ പ്രവാഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോ ദിവസവും പ്രവഹിക്കുകയാണ്. ഇത്രയൊക്കെയായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത സ്ഥലത്തേക്ക് എത്താത്തതില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥലം സന്ദര്‍ശിച്ചില്ലെന്ന് മാത്രമല്ല, ദുരന്തത്തിന് പിന്നാലെ മുന്നറിയിപ്പ് നല്‍കിയിട്ടും അത് കേരളം അവഗണിച്ചുവെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്ന സമീപമായിരുന്നു കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെതിരെയും പ്രതിപക്ഷ പാര്‍ടികള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും മാത്രമാണ് ദുരന്തബാധിത മേഖലയില്‍ എത്തിയത്. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി എത്താതിരുന്നതില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണു മോദിയുടെ സന്ദര്‍ശനം.
വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണു ഇപ്പോള്‍ പ്രധാനമന്ത്രി എത്തുന്നത്. ശനിയാഴ്ച കണ്ണൂരില്‍ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്ററിലാണു മേപ്പാടി പഞ്ചായതില്‍ എത്തുക എന്നുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞുള്ള മോദിയുടെ വരവില്‍, വയനാട് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോ, കൂടുതല്‍ കേന്ദ്രസഹായം കിട്ടുമോ എന്നെല്ലാമാണ് കേരളം ഉറ്റുനോക്കുന്നത്.
എന്താണ് എല്‍3, എല്‍2, എല്‍1, എല്‍0 വിഭാഗങ്ങള്‍ എന്നറിയാം
ദേശീയ ദുരന്ത നിവാരണത്തിന്റെ (2005) മാര്‍ഗരേഖ പ്രകാരം ദുരന്തങ്ങളെ നാല് വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. എല്‍0, എല്‍1, എല്‍2, എല്‍3 എന്നിങ്ങനെ. തദ്ദേശ ഭരണകൂടത്തിന് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ചെറിയ ദുരന്തങ്ങളെയാണ് പൊതുവെ എല്‍0 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ തലത്തില്‍ കൈകാര്യം ചെയ്യേണ്ടവ എല്‍1 വിഭാഗത്തിലും സംസ്ഥാനത്തിന്റെ പങ്കാളിത്തത്തോടെ കൈകാര്യം ചെയ്യേണ്ടവ എല്‍2 വിഭാഗത്തിലുമാണ്. കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ പരിഹരിക്കേണ്ട വലിയ ദുരന്തങ്ങളാണ് എല്‍3 വിഭാഗത്തില്‍ വരുന്നത്. അതീവ ഗുരുതരമായ ദുരന്തത്തെയാണ് എല്‍3 വിഭാഗത്തില്‍ സാധാരണ ഉള്‍പ്പെടുത്തുക.
ദേശീയ ദുരന്തം എന്ന സാങ്കേതികപദം ദേശീയ ദുരന്ത നിവാരണ മാര്‍ഗരേഖയില്‍ പ്രത്യേകിച്ച് എടുത്തുപറയുന്നില്ല. അതിനാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പിന്നാലെ എല്‍3 വിഭാഗത്തില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ഉള്‍പെടുത്തുമോയെന്നാണ് എല്ലാവരും നോക്കുന്നത്. എല്‍3 വിഭാഗത്തില്‍ ദുരന്തത്തെ ഉള്‍പെടുത്തണമെന്ന രീതിയിലാണ് സംസ്ഥാന സര്‍കാരിന്റെ നടപടികളും.
ഇക്കാര്യം രേഖാമൂലം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എല്‍3 വിഭാഗത്തില്‍പ്പെടുത്തിയാല്‍, നടപ്പാക്കുന്ന പുനരധിവാസ പാകേജില്‍ ദുരന്തബാധിതരെ ഉള്‍പെടുത്തും. തകര്‍ന്നു നില്‍ക്കുന്ന വയനാടിന് ഈ അവസരത്തില്‍ അതൊരു കൈത്താങ്ങായി മാറുമെന്നാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടല്‍.