കോട്ടയത്ത് പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ 14 വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു; പീഡനവിവരമറിഞ്ഞത് രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍
Aug 3, 2021, 14:18 IST
കോട്ടയം: (www.kvartha.com 03.08.2021) കോട്ടയത്ത് പീഡനത്തിനിരയായ പതിനാല് വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. പാമ്പാടി സ്വദേശിയായ പെണ്‍കുട്ടിയുടെ നാലര മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യമറിഞ്ഞത്.
വിവരം അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ ഏപ്രിലില്‍ അജ്ഞാതനായ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പാമ്പാടി മണര്‍കാട് സിഐമാര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി സജിമോനാണ് മേല്‍നോട്ട ചുമതല. മണര്‍കാട് പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തു.
ഞായാറാഴ്ച വയറുവേദനയേയും രക്തസ്രാവത്തേയും തുടര്‍ന്ന് 14 കാരിയെ പാമ്പാടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റി.
വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഗര്‍ഭസ്ഥശിശുവിനെ രക്ഷിക്കാനായില്ല. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.
കരകൗശല വസ്തുക്കള്‍ വില്‍ക്കാനായി പാമ്പാടിയില്‍ നിന്ന് മണര്‍കാട് ടൗണില്‍ എത്തിയപ്പോള്‍ അജ്ഞാതനായ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പറയുന്നത്. ചുവന്ന കാറിലെത്തിയയാള്‍ കരകൗശല വസ്തുക്കള്‍ വാങ്ങാമെന്ന് വാഗ്ദാനം നല്‍കി കാറില്‍ കയറ്റി. വഴിയില്‍ വച്ച് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഉണര്‍ന്നത്. ഉറങ്ങിപ്പോയ സമയത്ത് പീഡനം നടന്നിരിക്കാം എന്നാണ് പെണ്‍കുട്ടി പറയുന്നത്.
അതേസമയം പീഡിപ്പിച്ച ആളെ കുറിച്ച് മറ്റു വിവരങ്ങളൊന്നും പെണ്‍കുട്ടിക്ക് അറിയില്ല. തുടര്‍ അന്വേഷണത്തില്‍ ഇത് പൊലീസിനെ കുഴക്കുന്നതാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.