അരനൂറ്റാണ്ട് മുന്‍പത്തെ അപൂര്‍വ്വതയുള്ള ജലസമൃദ്ധി; എത്ര കോരിയിട്ടും കടുത്ത വേനലിലും വറ്റാത്ത കിണറിലെ വെള്ളമെടുക്കുന്നത് നൂറിലേറെ കുടുംബങ്ങള്‍

 



കൊല്ലം: (www.kvartha.com 05.02.2020) തെന്മലയിലെ പ്രദേശവാസികള്‍ക്ക് ഈ കിണര്‍ ഒരു അദ്ഭുതവും അനുഗ്രഹവും തന്നെയാണ്. കടുത്ത വേനലിലും വറ്റാതെ ജലസമൃദ്ധിയോടെ ദാഹജലം കനിയുന്ന കിണറിന്റെ കഴുത്തില്‍ മൂന്നു കപ്പികള്‍ തൂക്കിയിട്ടുണ്ട്. വെള്ളം കോരാന്‍ വീട്ടമ്മമാര്‍ ഊഴംകാത്ത് നില്‍ക്കുന്നു.

വേനല്‍ക്കാലം വരുമ്പോള്‍ പിന്നെയും കപ്പികളുമായി വീട്ടമ്മമാര്‍ കിണറ്റിന്‍കരയിലേക്ക് വരും. വെള്ളമെടുക്കുന്ന കുടുംബങ്ങളുടെ എണ്ണം നൂറുകടക്കും. സമീപത്തെ വയലുകളും തൊട്ടുചേര്‍ന്ന് ഒഴുകുന്ന കഴുതുരുട്ടിയാറും വറ്റിവരണ്ടാലും കിണര്‍ നിറഞ്ഞുതന്നെ കിടക്കും.

കൊല്ലം-ചെങ്കോട്ട റോഡിലെ തെന്മല കിഴക്ക് ആറ്റുമുക്കിലെ ഡിപ്പോ കിണറാണ് എത്ര കോരിയിട്ടും വറ്റാതെ ഒരു ഗ്രാമത്തിന്റെ ദാഹമകറ്റുന്നത്. വനംവകുപ്പിന്റെ തടി ഡിപ്പോയിലെ കിണറിനെ ആശ്രയിക്കുന്നത് സമീപത്തുള്ള നൂറിലേറെ കുടുംബങ്ങളാണ്. മുകള്‍ഭാഗത്തെ റെയില്‍വേ പുറമ്പോക്കിലെ ഇരുപത്തിയഞ്ചിലേറെ കുടുംബങ്ങള്‍ ഈ കിണറ്റില്‍നിന്നാണ് വെള്ളം കോരുന്നത്. വേനല്‍ ശക്തമായി കിണറുകള്‍ വറ്റുമ്പോള്‍ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെല്ലാം ഡിപ്പോക്കിണറിനെ ആശ്രയിക്കും.

അരനൂറ്റാണ്ട് മുന്‍പത്തെ അപൂര്‍വ്വതയുള്ള ജലസമൃദ്ധി; എത്ര കോരിയിട്ടും കടുത്ത വേനലിലും വറ്റാത്ത കിണറിലെ വെള്ളമെടുക്കുന്നത് നൂറിലേറെ കുടുംബങ്ങള്‍

'തെന്മല പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തിയായ ചുടുകട്ടപ്പാലം ഭാഗത്തുള്ളവര്‍പോലും വെള്ളംകോരാന്‍വരും. ചില സമയങ്ങളില്‍ സൈക്കിളിലും ബൈക്കിലുമെത്തി വെള്ളം കോരിക്കൊണ്ട് പോകുന്നവരുമുണ്ട്.'-സമീപവാസിയായ തെന്മല കമലാലയത്തില്‍ ശിവന്‍കുട്ടി പറഞ്ഞു.

55 വര്‍ഷം പഴക്കമുള്ള കിണര്‍ വറ്റാറേയില്ല. കഴിഞ്ഞകൊല്ലത്തെ രൂക്ഷമായ വേനലില്‍ ജലനിരപ്പ് താണു. പക്ഷേ നാട്ടുകാരെ നിരാശപ്പെടുത്താതെ ഡിപ്പോക്കിണര്‍, വെള്ളം ചൊരിഞ്ഞുകൊണ്ടിരുന്നു.

മലയടിവാരത്ത് കഴുതുരുട്ടിയാറിന്റെ കരയില്‍ വനംവകുപ്പ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാര്‍ക്കായി ആദ്യം കുഴിച്ച കിണറ്റില്‍ ആവശ്യത്തിന് വെള്ളംകിട്ടാതെവന്നപ്പോഴാണ് അരനൂറ്റാണ്ടുമുന്‍പ് ഈ കിണര്‍ കുത്തിയത്. അന്നുമുതല്‍ പൊതുകിണര്‍പോലെ നാട്ടുകാര്‍ ഉപയോഗിച്ചുവരികയാണ്.

എന്നാല്‍ മലകളുടെ താഴ്വാരത്തുള്ള അപൂര്‍വം ചില കിണറുകളില്‍ ഒരിക്കലും വെള്ളം വറ്റാറില്ല. ഭൂമിക്കടിയില്‍ വിജാഗിരി മടക്കുപോലെയുള്ള ജലപാതകളില്‍ കുത്തുന്ന കിണറുകള്‍ ഏത് വേനലിലും നിറഞ്ഞ് കിടക്കുന്നതായി കാണാറുണ്ട്. ഈ കിണറും താഴ്വാരത്തുള്ളതായതിനാല്‍ പാറകളിലേയും മറ്റും വിള്ളലുകളിലൂടെ വെള്ളം കിണറ്റിലേക്ക് എത്തുന്നതാവാം എന്നാണ് സീനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റായ
ജയകുമാരന്‍ പിള്ള പറയുന്നത്.
 
Keywords:  News, Kerala, Kollam, Well, Water, Family, Forest Officers, Rock, Under Ground, Earth, More than 100 Families are Taking the Water of the Perennial Well
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia