10 ജോഡികള്‍ക്ക് മംഗല്യ സൗഭാഗ്യം: മഹായില്‍ കെഎംസിസി മംഗല്യമേള ശനിയാഴ്ച

 


മലപ്പുറം: (www.kvartha.com 18.11.2016) സൗദി അറേബ്യയിലെ മഹായില്‍ കെഎംസിസി മംഗല്യമേളയും മുപ്പതാം വാര്‍ഷികവും നവംബര്‍19 ന് ശനിയാഴ്ച കൊണ്ടോട്ടി മെഹന്തി ഓഡിറ്റോറിയത്തിലെ ഉമ്മര്‍ കല്ലായി നഗറില്‍ നടക്കും. മംഗല്യമേളയില്‍ ഇത്തവണ നിര്‍ധനരായ 10 യുവതീ-യുവാക്കള്‍ക്കാണ് മഹായില്‍ കെഎംസിസി മംഗല്യ സൗഭാഗ്യമൊരുക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നവംബര്‍ 19 ന് വൈകിട്ട് 4 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിക്കാഹിന് കാര്‍മ്മികത്വം നല്‍കും. ആഭരണ വിതരണം പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്‌ബോധന പ്രസംഗം നടത്തും. മഹായില്‍ കെഎംസിസി പ്രസിഡന്റ് സാദിഖ് മുക്കം അധ്യക്ഷത വഹിക്കും.

അഞ്ചാം തവണയാണ് മഹായില്‍ കെ.എം.സി.സി ഇത്തരമൊരു കാരുണ്യ പ്രവര്‍ത്തനത്തിന് വേദി ഒരുക്കുന്നത്. കൊണ്ടോട്ടിയില്‍ രണ്ടാം തവണ മംഗല്യമേള ഒരുക്കുന്നത്. മൂന്ന് പതിറ്റാണ്ട് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ മഹായില്‍ കെ.എം.സി.സി നിരാലംബരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് ജീവകാരുണ്യ രംഗത്തേക്ക് പ്രവേശിച്ചത്.തുടര്‍ വര്‍ഷങ്ങളിലായി വീട് നിര്‍മ്മാണം, അഗതി അനാഥ സംരക്ഷണം, സ്വര്‍ണാഭരണ വിതരണം, ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി, ബൈത്തുറഹ്മ നിര്‍മ്മാണം, സി.എച്ച്.സെന്റര്‍ ഉള്‍പ്പെടെയുള്ള സംഘടനകളെ സഹായിക്കല്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനായി.എട്ട് വര്‍ഷം വിവാഹ സഹായം 150 പവന്‍ സ്വാര്‍ണ്ണാഭരണം നല്‍കി.

കമ്മിറ്റിയുടെ പുതിയ പദ്ധതികളുടെ ഭാഗമായി ഒരു വര്‍ഷം വിവിധ ക്ഷേമ പരിപാടികള്‍ നടപ്പാക്കും. മഹായില്‍ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച് പോരുന്നവര്‍ക്ക് പെന്‍ഷന്‍ കിഡ്‌നി കാന്‍സര്‍ രോഗികള്‍ക്ക് സഹായം, വിധവകള്‍ക്ക് തയ്യല്‍മിഷീന്‍ വിതരണം,മഹായില്‍ കെ.എം.സി.സി അംഗമായിരിക്കെ വീട് നിര്‍മിക്കാന്‍ കഴിയാതെ പ്രയാസപെടുന്നവര്‍ക്ക് വീട് നിര്‍മാണം എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്.

മംഗല്യമേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിര്‍ധന യുവതി യുവാക്കളെ കണ്ടെത്തി അവര്‍ക്ക് സ്വര്‍ണാഭരണം, കല്യാണ വസ്ത്രം എന്നിവ ഉള്‍പ്പെടെ എല്ലാ ചിലവുകളും മഹായില്‍ കെ.എം.സി.സി വഹിച്ചാണ് മംഗല്യമേള ഒരുക്കുന്നത്.

ചടങ്ങില്‍ കെ.പി.എ.മജീദ്, സി.മോയിന്‍കുട്ടി, അഡ്വ.കെ.എന്‍.എ.ഖാദര്‍ , എം.എല്‍.എമാരായ ടി.വി.ഇബ്രാഹിം, അഡ്വ.എം. ഉമ്മര്‍, പി. അബ്ദുല്‍ ഹമീദ്, പി.കെ. ബഷീര്‍, പി. ഉബൈദുള്ള സംബന്ധിക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കുടുംബ സംഗമം മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് മെംബര്‍ സറീന ഹസീബ് ക്ലാസെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ഉസ്മാന്‍കാവനൂര്‍, സാദിഖ് മുക്കം, വി.പി.മൊയ്തീന്‍ കുട്ടി, അബ്ദു മുട്ടിച്ചിറ,എം.സി.മുഹമ്മദലി, റഷീദ് കൊടക്കാട്, റിയാസ് അരീക്കാട്, പി.വി.ഹസീബ് റഹ്മാന്‍,ഷമീര്‍ ഖലീജ് എന്നിവര്‍ പങ്കെടുത്തു.

10 ജോഡികള്‍ക്ക് മംഗല്യ സൗഭാഗ്യം: മഹായില്‍ കെഎംസിസി മംഗല്യമേള ശനിയാഴ്ച


Keywords: kmcc, Muslim-League, IUML, Malappuram, Kerala, Saudi Arabia, Panakkad Hyder Ali Shihab Thangal, P.K Kunjalikutty, wedding,  Muhayil KMCC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia