മുലപ്പെരിയാര്‍ കേസില്‍ കേരളം ജയിച്ചത് സി.പി ദിവാനായിരുന്നപ്പോള്‍ മാത്രം; പിന്നെ തോല്‍വിയുടെ പരമ്പര

 


തിരുവനന്തപുരം: (www.kvartha.com 10.05.2014) മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍ കേരളം വിജയിച്ചത് സി.പി രാമസ്വാമി അയ്യര്‍ ദിവാനായിരുന്ന കാലത്ത് നടത്തിയ കേസില്‍ മാത്രം. അന്നു കേരളമായിരുന്നില്ല തിരുവിതാംകൂറും കൊച്ചിയും മലബാറുമായിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെട്ട സ്ഥലം തിരുവിതാംകൂറിന്റേതായിരുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി തമിഴ്‌നാട്ടുകാരനായിരുന്നെങ്കിലും  സ്വയം വാദിച്ച് തമിഴ്‌നാടിനെതിരെ വിധി നേടുകയാണുണ്ടായത്. 1936 മുതല്‍ 1946 വരെയുള്ള കാലയളവിലാണ് സി.പി ദിവാനായിരുന്നത്. ഇതിനിടയിലാണ് ഡാം കാര്യത്തില്‍ തമിഴ്‌നാടുമായി തര്‍ക്കമുണ്ടായതും അത് കേസിലേക്കു നീണ്ടതും.

അന്നത്തെ ആയിരങ്ങള്‍ ഒരു സിറ്റിംഗിനു പ്രതിഫലം വാങ്ങുന്ന അഭിഭാഷകനായിരുന്നു സി.പി. എന്നാല്‍ ഈ കേസ് സ്വയം വാദിക്കാന്‍ പ്രതിഫലം സ്വീകരിച്ചില്ല. താന്‍ പ്രതിഫലം സ്വീകരിക്കുന്നില്ല എന്ന് സി.പി സ്വാതന്ത്ര്യത്തിനു മുമ്പുള്ള നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറയുകയും ചെയ്തു. കേരള നിയമസഭാ രേഖകളില്‍ ഇതുണ്ട്.

മുലപ്പെരിയാര്‍ കേസില്‍ കേരളം ജയിച്ചത് സി.പി ദിവാനായിരുന്നപ്പോള്‍ മാത്രം; പിന്നെ തോല്‍വിയുടെ പരമ്പര1886 മുതല്‍ 1895 വരെയുളള ഒമ്പത് വര്‍ഷക്കാലം കൊണ്ട് പണിതീര്‍ത്ത മുല്ലപ്പെരിയാര്‍ ഡാമിന്റെ 119 വര്‍ഷം നീണ്ട ചരിത്രത്തില്‍ പിന്നീട് ഒരിക്കലും കേരളം കേസ് ജയിച്ചിട്ടില്ല. തമിഴ്‌നാടിനു ജലം, കേരളത്തിനു സുരക്ഷ എന്ന നിലപാടു സ്വീകരിച്ച് കേരളം നടത്തിയ നിയമ പോരാട്ടങ്ങളിലൊക്കെ തമിഴ്‌നാട് ഏകപക്ഷീയമായി വിജയിച്ചുപോരുകയാണുണ്ടായത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രസ്താവിച്ച വിധി.

2006 ഫെബ്രുവരിയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ ഡാമിലെ ജലനിരപ്പ് 142 അടി ആക്കാമെന്നും ബലക്ഷയം മാറ്റിയ ശേഷം 152 അടി വരെ ഉയര്‍ത്താമെന്നും പറഞ്ഞിരുന്നു. ആ വിധി മറികടക്കാന്‍ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നു പാസാക്കിയ ഭേദഗതി നിയമത്തിനെതിരെയാണ് ഇപ്പോഴത്തെ വിധി. ഇനി പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നിട്ടോ കേരളം 2006ല്‍ പാസാക്കിയ നിയമം സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടോ കാര്യമില്ലാത്ത വിധം വ്യക്തമായ പരാജയമാണ് കേരളത്തിന് ഉണ്ടായത്. 2006ലെ ഭേദഗതി നിയമത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും റദ്ദാക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്.

അതിനിടെ, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. പാര്‍ലമെന്റ് ഇടപെടണം എന്ന് ആവശ്യപ്പെടണമെങ്കില്‍ ഇപ്പോഴത്തെ സാഹചര്യം അനുകൂലമല്ല. തെരഞ്ഞെടുപ്പു ഫലം വന്നശേഷം പുതിയ സര്‍ക്കാരും പാര്‍ലമെന്റെും നിലവില്‍ വരുന്നതു വരെ കാത്തിരിക്കണം. ആ ഇടവേളയിലേക്ക് റിവ്യൂ പെറ്റീഷന്‍ നല്‍കാനാകും സര്‍ക്കാര്‍ നിലപാട്. പക്ഷേ, റിവ്യൂ പെറ്റീഷന്‍ കൊണ്ട് കാര്യമുണ്ടോ എന്ന് നിയമ വൃത്തങ്ങള്‍ പലതരം അഭിപ്രായങ്ങളാണ് പ്രകടിപ്പിക്കുന്നത്.

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ജലവിഭവ മന്ത്രിയായിരുന്ന് മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നത്തില്‍ ഏറ്റവും ശക്തമായി ഇടപെട്ടിരുന്ന എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫിലേക്ക് മാറിയ ശേഷം ഈ കാര്യത്തില്‍ ആദ്യമായി ചേരുന്ന സര്‍വകക്ഷി യോഗമാണ് തിങ്കളാഴ്ചത്തേത് എന്ന പ്രത്യേകതയുണ്ട്. ആര്‍.എസ്.പി പ്രതിനിധിയായി സംസ്ഥാന സെക്രട്ടറി എ.എ അസീസ് മാത്രമാണോ അതോ പ്രേമചന്ദ്രനും പങ്കെടുക്കുമോ എന്ന് തീരുമാനമായിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വ്യാജ ഏറ്റുമുട്ടല്‍ കേസ്; അമിത് ഷായ്ക്ക് മുംബൈ കോടതിയുടെ സമന്‍സ്

Keywords:  Kerala, Thiruvananthapuram, Mullaperiyar Dam, Case, Winner, Tamil nadu, Thiruvithamkoor, Malabar, Kochi, V.S Achuthanandan, Dam, UDF, Secretary, Review Petition, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia